സ്വന്തം മുന്നണിയിലെ വോട്ട് ചോർച്ച തടയാൻ കഴിയാത്തവൻ ബിഹാറിൽ വോട്ട് യാത്ര നടത്തുന്നു; വോട്ട് ചോർന്ന ഇന്ത്യാ മുന്നണിയിൽ ഭിന്നിപ്പ് രൂക്ഷമാകുന്നു

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൽനിന്ന് വോട്ടു ചോര്‍ന്നു എന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിൽ നിന്നടക്കം വോട്ടു ചോര്‍ന്നുവെന്ന് തന്നെയാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. ചില ചെറിയ പാര്‍ട്ടികളെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും കോണ്‍ഗ്രസ് പറയുന്നുണ്ട്.
ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വ്വം അസാധുവാക്കിയെന്ന സംശയവും കോണ്‍ഗ്രസിനുണ്ട്. ആം ആദ്മി പാര്‍ട്ടിയിലെ ചില എംപിമാര്‍ കൂറുമാറിയെന്നും കോണ്‍ഗ്രസ്സിലെ ചില ഉന്നത വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ മുന്നണിന്ന് വേണ്ടി മത്സരിയ്ക്കാൻ ഇറങ്ങിയത് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡിയാണ്.
300 വോട്ടുമാത്രമാണ് ഇന്ത്യാ സഖ്യം സ്ഥാനാർത്ഥി സുദർശൻ റെഡ്ഡിക്ക് നേടാനായത്. 15 വോട്ട് അസാധുവായിരുന്നു. 152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ 15ആമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ രണ്ടു വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി ഉണ്ടായതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്. ആർഎസ്എസിലൂടെയാണ് സി പി രാധാകൃഷ്ണന് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാ അംഗവും ആയിരുന്നു ശ്രീ രാധാകൃഷ്ണൻ.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ചിലർ വോട്ട് മറിച്ചെന്ന് വിലയരുത്തൽ ഉണ്ടായതോടെ, ഇന്ത്യ സഖ്യത്തിൽ ഒരു വിള്ളൽ രൂപപ്പെടുകയാണ്. 15 വോട്ടുകൾ മനപ്പൂർവം അസാധുവാക്കിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പരമാവധി വോട്ടുകൾ പെട്ടിയിലാക്കാൻ ശ്രമിച്ച ഇന്ത്യാ സഖ്യത്തിന്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിച്ചത്. ജയിക്കാൻ സാധ്യത ഇല്ലായിരുന്നെങ്കിലും 324 വോട്ട് നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടൽ.
ഇന്നലെ വൈകിട്ടും 315 വോട്ടുകൾ നേടും എന്നാണ് നേതാക്കൾ പറഞ്ഞത്. പ്രതിപക്ഷത്തെ 315 എംപിമാർ വോട്ടു ചെയ്തതായി കോൺഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് എക്സിൽ കുറിക്കുകയും ചെയ്തു. എന്നാൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ നേടിയത് ആകെ 300 വോട്ട്. 15 വോട്ടുകൾ ചോർന്നതിനെപ്പറ്റിയുള്ള ചർച്ച ഇപ്പോളും തുടരുകയാണ്.
ഇലക്ഷൻ നടക്കുമ്പോൾ നമ്മുടെ രാജ്യത്തെ മണ്ഡലങ്ങളിൽ ഇതൊക്കെ തന്നെയാണ് നടക്കുന്നത്.
ഇപ്പോൾ പാർലമെന്റിൽ തിരഞ്ഞെടുത്ത പ്രതിനിധികളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാർ വോട്ടുകൾ മാറ്റി കുത്തുമ്പോൾ, അതിനെ കള്ള വോട്ട് എന്ന് വിളിച്ചിട്ട് കാര്യമില്ല.
സ്വന്തം എംപി മാരുടെ വോട്ട് ചോരിയും ചോർച്ചയും ഒഴിവാക്കാൻ പറ്റാത്ത ഒരുത്തനാണ് ബീഹാറിൽ പോയി വോട്ട് യാത്ര നടത്തുന്നത്. ജനങ്ങൾ പിന്തുണച്ചാലും ഞങ്ങൾ നന്നാവില്ല എന്ന നിലപടിൽ തന്നെയാണ് കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഇപ്പോളും ഉറച്ച് നിൽക്കുന്നത്. മുന്നണിയായ ഇന്ത്യ സഖ്യത്തിലും ആധികാരികമായ ഒരു മേൽക്കോയ്മ പുലർത്താൻ ദുർബലമായ കോൺഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല എന്നതാണ് സത്യം. ജയിക്കാൻ സാധ്യത ഇല്ലെങ്കിലും ഒരൊറ്റ വോട്ടും ചോരാതെ നോക്കി, മുന്നണിയുടെ കെട്ടുറപ്പ് കാത്ത് രക്ഷിക്കാൻ പോലും കോൺഗ്രസ്സിന് കഴിയാതെ പോയി എന്നത് നിസ്സാര കാര്യവുമല്ല.
രാജ്യത്ത് ഇത് പതിനാറാം തവണയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 4 തവണ ഉപരാഷ്ട്രപതിമാരെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. ആദ്യത്തെ ഉപരാഷ്ട്രപതിയായ എസ് രാധാകൃഷ്ണൻ 1952 ലും 1957 ലും, മുഹമ്മദ് ഹിദായത്തുള്ള 79 ലും ശങ്കർ ദയാൽ ശർമ്മ 87 ലും ഇങ്ങനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്.
എന്നാൽ ഇതുവരെയുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചത് മലയാളിയായ കെ ആർ നാരായണനാണ്. 1992 ൽ നടന്ന തെരഞ്ഞെടുപ്പിൽ 711 വോട്ടുകൾ പോൾ ചെയ്തതിൽ 700 വോട്ടും ലഭിച്ചത് കെ ആർ നാരായണനായിരുന്നു. എതിർ സ്ഥാനാർത്ഥിയായ കാക ജോഗീന്ദറിന് ലഭിച്ചത് ഒരു വോട്ട് മാത്രമാണ്. 10 വോട്ടുകൾ അന്നും അസാധുവായിരുന്നു.