കമ്യൂണിസ്റ്റ് ചൈനയുടെ കടുത്ത ആരാധകനായ നേപ്പാളിലെ കെ പി ശർമ ഒലി; ഇന്ത്യയുടെ പ്രദേശം കൂട്ടിച്ചേർത്ത് പുതിയ ഭൂപടം ഉണ്ടാക്കിയ ഒലി രാജ്യം വിട്ട് ഓടിപ്പോയി

നേപ്പാളിലെ കമ്യൂണിസ്റ്റ് അതികായന് എന്ന് വിളിക്കാവുന്ന കെ.പി.എസ്. ഒലി, 2024-ല്‍ മൂന്നാമതും അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തിന് ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാല്‍, വിദ്യാര്‍ഥിപ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയതോടെ, അദ്ദേഹത്തിനും പടിയിറങ്ങേണ്ടി വന്നു.
സ്ഥിരതയില്ലാത്ത ഭരണമാണ് വർഷങ്ങളായി നേപ്പാളിൽ ഉള്ളത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ 14 സര്‍ക്കാരുകള്‍ ഭരിച്ച ചരിത്രമുള്ള നേപ്പാളിന്റെ രാഷ്ട്രീയ വ്യവസ്ഥിതി കൂടുതല്‍ ഇപ്പോൾ കൂടുതൽ മോശമാകുകയാണ്.
1952-ല്‍ കിഴക്കന്‍ നേപ്പാളിലെ ചെര്ഹാത്തൂമിലാണ് ഓലിയുടെ ജനനം. ഒന്‍പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തി രാഷ്ട്രീയത്തില്‍ ചേരുകയായിരുന്നു. ജയിലില്‍ക്കഴിയുന്ന കാലത്ത് ആര്‍ട്സില്‍ ഇന്റര്‍മീഡിയറ്റ് കോഴ്സ് പാസായി.
1969-ല്‍ രാജവാഴ്ചയ്ക്കെതിരേയുള്ള ബഹുജനപ്രക്ഷോഭത്തില്‍ വിദ്യാര്‍ഥി സംഘടനാപ്രതിനിധിയായി പങ്കെടുത്ത് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. 1970-ലാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാജാവിനെതിരെ കലാപത്തില്‍ പങ്കെടുത്തതിന് 1973 മുതല്‍ 87 വരെ 14 വര്‍ഷം ജയിലിൽ കിടന്നു.
ജയില്‍മോചിതനായശേഷം നേരിട്ട് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടക്കപ്പെട്ടു. 1991- ൽ ആദ്യമായി പാര്‍ലമെന്റിലേക്ക് എത്തി, 1994-95-ല്‍ ആഭ്യന്തരമന്ത്രിയായിരുന്നു.
കടുത്ത ചൈനാ അനുകൂല നിലപാടുകാരനാണ് നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായ ഒലി. ആദ്യം പ്രധാനമന്ത്രി ആയപ്പോൾ തന്നെ ഇന്ത്യയുമായി പലതവണ കൊമ്പ് കോർത്തിരുന്നു. നേപ്പാളിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നെന്നും തന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഒലി ആരോപിച്ചു.
പിന്നീട് കാളീനദിക്കു കിഴക്കുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മൂന്ന് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നേപ്പാളിന്റെ പുതിയ രാഷ്ട്രീയഭൂപടം 2020-ല്‍ ഇറക്കിയത് ഒലി സര്‍ക്കാരാണ്. അത് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളാക്കി.
ദക്ഷിണേഷ്യയിലെ സോഷ്യൽ മീഡിയ ഉപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നു കൂടിയാണ് നേപ്പാള്‍. രാജ്യത്ത് 1.43 കോടി സോഷ്യൽ മീഡിയ ഉപയോക്താക്കളുണ്ട്. അതായത് ജനസംഖ്യയുടെ 48.1 ശതമാനം ആളുകൾ. ഫെയ്സ്ബുക്കിനാണ് രാജ്യത്ത് ഏറ്റവും ജനപ്രീതി; 1.35 കോടി ഉപയോക്താക്കള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. 39 ലക്ഷം ആളുകൾ ഇന്‍സ്റ്റഗ്രാമും, 20 ലക്ഷം പേര് ലിങ്ക്ഡ് ഇന്നും ഉപയോഗിക്കുന്നു.
ഇങ്ങനെയുള്ള ഒരു രാജ്യത്ത് സോഷ്യൽ മീഡിയ സൈറ്റുകൾ നിരോധിച്ചാൽ, യുവാക്കൾ എങ്ങനെ പ്രതികരിക്കും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ നേപ്പാളിൽ കണ്ടത്. പ്രക്ഷോഭം അടിച്ചമർത്താൻ നോക്കിയതോടെ, യുവാക്കൾ കൂടുതലായി തെരുവിലേക്ക് ഇറങ്ങി. മന്ത്രിമാർക്കെല്ലാം രാജി വെച്ച് ഓടിയൊളിക്കേണ്ട അവസ്ഥയും വന്നു ചേർന്നു.
നേപ്പാളിലും ഒരു വർഷം മുൻപു ബംഗ്ലദേശിലുമുണ്ടായ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയതു യുവാക്കളാണ്. 3 വർഷം മുൻപു ശ്രീലങ്കയിലും നടന്ന പ്രതിഷേധങ്ങളിലും യുവാക്കളും സമൂഹമാധ്യമങ്ങളും വഹിച്ച പങ്ക് വലുതാണ്.
സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ വലച്ചതോടെയാണു 2022 ൽ ശ്രീലങ്കയിൽ പ്രക്ഷോഭമുണ്ടായത്. ഇന്ധനം, മരുന്നുകൾ എന്നിവയൊന്നും ലഭിക്കാതെ വന്നതോടെ ജനങ്ങൾ തെരുവിലിറങ്ങി. പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഒഴിയണമെന്ന ആവശ്യമുയർന്നു. #GoHomeGota ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഒടുവിൽ ജനങ്ങൾ പ്രസിഡന്റിന്റെ വീട് കയ്യേറി. 2022 ജൂലൈയിൽ രാജിവച്ച രാജപക്സെ രാജ്യം വിട്ടു.
1971 ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്കുണ്ടായിരുന്ന 30% സർക്കാർ ജോലി സംവരണം പുനഃസ്ഥാപിക്കാനുള്ള കോടതി ഉത്തരവാണു ബംഗ്ലദേശിൽ പ്രക്ഷോഭത്തിനു കാരണമായത്. ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു 2024 ജൂലൈ പകുതിയോടെ വിദ്യാർഥിസംഘടനകൾ ആരംഭിച്ച നിസ്സഹകരണ പ്രക്ഷോഭം ഒരു വലിയ കലാപമായി പടരുകയായിരുന്നു.
ഒടുവിൽ ഹസീന രാജ്യം ഉപേക്ഷിച്ച് ഇന്ത്യയിലെത്തി. ബംഗ്ലദേശിൽ ഇപ്പോൾ ഇടക്കാല സർക്കാരാണു ഭരണത്തിൽ ഉള്ളത്. അയൽരാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയെ പല തരത്തിൽ ബാധിക്കുന്നുണ്ട്. പ്രാദേശിക വിപണിക്കും സുതാര്യമായ ചരക്കുനീക്കത്തിനും ഇതു തടസ്സമാണ്. നേപ്പാളിലെ പ്രതിസന്ധി കാരണം അഭയാർഥികൾ എത്താനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നേപ്പാൾ കലാപത്തിൽ നമ്മുടെ രാജ്യവും വലിയ ജാഗ്രതയിലാണ്.