യെമനിലും ഇസ്രയേല്‍ ആക്രമണം, 35 മരണം

പശ്ചിമേഷ്യയെ അശാന്തമാക്കിക്കൊണ്ടുള്ള ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഖത്തറിന് പിന്നാലെ യെമന്‍ തലസ്ഥാനമായ സനായിലും വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലുമാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 35 പേര് കൊല്ലപ്പെടുകയും 131 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികളുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേല്‍ നടത്തിയത് ശക്തമായ ആക്രമണമായിരുന്നു എന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും യെമന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സനായിലെ അല്‍-തഹ്രിര്‍ ജനവാസകേന്ദ്രങ്ങള്‍, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ആരോഗ്യ കേന്ദ്രം, അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രദേശം തുടങ്ങി സിവിലിയന്‍, റെസിഡന്‍ഷ്യല്‍ മേഖലകളിലാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത് എന്നും യെമന്‍ അധികൃതര്‍ അറിയിച്ചു.