”ഞാൻ പാർലമെൻറ് മെമ്പറാണ്, ഇതൊക്കെ പഞ്ചായത്ത് മെമ്പറിന് കൊടുക്ക്” നിവേദനം നല്കാൻ വന്ന വയോധികന് നേരെ മുഖം തിരിച്ച് സുരേഷ്ഗോപി

തനിക്ക് നിവേദനം നല്‍കാനെത്തിയ ഒരു പ്രായമായ മനുഷ്യനെ മടക്കി അയക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീഡിയോ ആണിപ്പോൾ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയാവുന്നത്. തൃശ്ശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലയില്‍ നടന്ന ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദ’ത്തിലാണ് ഈ സംഭവം നടന്നത്.
അവിടെ സംവാദം നടന്നു കൊണ്ടിരിക്കുമ്പോളാണ് ഒരു വയോധികന് നിവേദനവുമായി അവിടേക്ക് എത്തിയത്. നിവേദനം ഉള്‍ക്കൊള്ളുന്ന കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ’ എന്ന് പറഞ്ഞ് അയാളെ മടക്കുകയാണ് ചെയ്തത്.
ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് നല്‍കുക എന്ന് ചോദിക്കുമ്പോള്‍, അതെ പറ്റുന്നുള്ളൂ ചേട്ടാ എന്ന് സുരേഷ്ഗോപി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
വയോധികന് നിവേദനവുമായി വരുമ്പോള്‍ സുരേഷ് ഗോപിയുടെ തൊട്ടടുത്ത് ഇരുന്ന മറ്റൊരു വയോധികനും തന്റെ കയ്യിലുള്ള നിവേദനം നല്‍കാനായി തയ്യാറെടുക്കുന്നത് കാണാം. എന്നാല്‍ നിവേദനം നല്കിയ ആളോടുള്ള സുരേഷ്ഗോപിയുടെ പ്രതികരണം കണ്ടിട്ട്, പേടിച്ചിട്ടാകാം അദ്ദേഹം തന്റെ കയ്യിലുള്ള നിവേദനം പിന്നിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കവറില്‍ എന്താണ് എന്ന് നോക്കാമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. ആ പ്രായമുള്ള മനുഷ്യൻ അതിനകത്ത് എന്താണ് എഴുതിയതെന്ന്, അത് തുറന്ന് നോക്കാതെ എങ്ങനെയാണ് അറിയുന്നത്? മെമ്പർ ഓഫ് പാര്ലമെന്റിനാണോ, മെമ്പർ ഓഫ് പഞ്ചായത്തിനാണോ നിവേദനം നൽകുന്നതെന്ന് ആ വിഷയം അറിഞ്ഞാൽ അല്ലെ പറയാൻ സാധിക്കുകയുള്ളൂ.
സുരേഷ്ഗോപി നേരത്തെ ഇങ്ങനെ ആയിരുന്നില്ല. പല സ്റ്റേജ് ഷോകളിലും ഒക്കെ അദ്ദേഹം ഒരുപാട് പേരെ സഹായിക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. ആ മനുഷ്യൻ ഇപ്പോൾ കേന്ദ്ര മന്ത്രിയായി തങ്ങളുടെ മുന്നിൽ വരുമ്പോൾ, എന്തെങ്കിലും സഹായം ചെയ്യും എന്ന് പാവങ്ങൾ പ്രതീക്ഷിക്കുന്നത് തെറ്റല്ല. എല്ലാവരെയും കയ്യിലെ പണം കൊടുത്ത് സഹായിക്കേണ്ട കാര്യം സുരേഷ്ഗോപിക്കില്ല.
പക്ഷെ ഒരു എംപി എന്ന നിലയിൽ, ഒരു കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ, അതിലും ഉപരിയായി ജനങ്ങൾ തെരഞ്ഞെടുത്ത ഒരാൾ എന്ന നിലയിൽ അദ്ദേഹത്തിന് ആ നിവേദനം കയ്യിൽ വാങ്ങാമായിരുന്നു, ഒന്ന് തുറന്ന് നോക്കാമായിരുന്നു. തനിക്ക് ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ, അത് ആർക്കാണ് നൽകേണ്ടതെന്നും പറയാമായിരുന്നു. അദ്ദേഹത്തിന്റെ പ്രായത്തെയുയെങ്കിലും മാനിക്കാമായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം.
കഴിഞ്ഞ വർഷവും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. നിവേദനം വാങ്ങാതെ പല ആളുകളെയും സുരേഷ്ഗോപിസാർ മടക്കി അയച്ചിരുന്നു. സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ പരാതിയും ഉണ്ടായിരുന്നു.
ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും, നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ആ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം തൃശൂരിൽ വീണ്ടും ഓട്ടോറിക്ഷയിൽ കയറിയുള്ള സുരേഷ്ഗോപി ഷോയും ഉണ്ടായിരുന്നു. ഓട്ടോ ഡ്രൈവർ ആളെ തിരിച്ചറിയാത്ത പോലെ അഭിനയിച്ചതും വളരെ നന്നായിരുന്നു. റോഡിൽ ട്രാഫിക് കാരണം ആണത്രേ ഇദ്ദേഹം ഓട്ടോയിൽ കയറി പോയത്.
ഈ ഓട്ടോ പോകുന്നത് റോഡിൽ കൂടെ അല്ലെ?? അല്ലെങ്കിൽ ട്രാഫിക് ജാം മറികടയ്ക്കാൻ നോ എൻട്രിയിൽ കൂടിയും, കുത്തിക്കയറ്റിയും ഒക്കെ പോയിരിക്കും. റോഡിൽ ബ്ലോക്കുള്ളപ്പോൾ, ഓട്ടോയിൽ കയറി, പെട്ടെന്ന് സ്ഥലത്ത് എത്താൻ, കേന്ദ്ര മന്ത്രി ഗതാഗത നിയമങ്ങളുടെ ലംഘനത്തിനാണ് കൂട്ട് നിൽക്കുന്നത്.
പണ്ട് ഒരുപാട് പാവങ്ങളുടെ കണ്ണീര് കണ്ട് അലിവ് തോന്നി, സഹായിച്ചിരുന്ന ഒരു മനുഷ്യൻ, രാഷ്ട്രീയത്തിൽ ഇറങ്ങി മന്ത്രി ആയതോടെ, ഒരു തരാം ധിക്കാരത്തിന്റെ മുഖം മൂടിയാണ് അണിയുന്നത്. കൂടെ നടക്കുന്ന ആരെങ്കിലും സമയം കിട്ടുമ്പോൾ ഇദ്ദേഹത്തെ പറഞ്ഞു മനസിലാക്കുക. ഒരു എംപി, ഒരു കേന്ദ്രമന്ത്രി ജനങ്ങളോട് എങ്ങനെയാണ് ഇടപഴകേണ്ടതെന്ന്.