ധർമ്മസ്ഥലയെ വെല്ലുന്ന, ചെമ്മാനി ഗ്രാമത്തിലെ ശവക്കുഴികൾ; തമിഴ് പുലികളുടെ മേൽ ശ്രീലങ്കൻ സൈന്യം നടത്തിയ നരനായാട്ടിൻറെ ചരിത്രം

കര്‍ണാടകയിലെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരത്തില്‍, ഒട്ടേറെ പേരെ കുഴിച്ചിട്ടതായ കുറ്റ സമ്മതവും, പിന്നീട നടന്ന തിരച്ചിലും ഒക്കെ മാറ്റി മറിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് പിന്നീട് നമ്മൾ കണ്ടത്.
അതേപോലെ തന്നെ ഒന്നാണ് ശ്രീലങ്കയിലെ ചെമ്മാനിയില്‍ കണ്ടെടുത്ത, തിരിച്ചറിയാത്ത മനുഷ്യ ശവശരീരങ്ങളുടെ ഭാഗങ്ങളും അസ്ഥികൂടങ്ങളും. വർഷങ്ങൾക്ക് ശേഷം ശ്രീലങ്കയുടെ സമാധാനം കെടുത്തുകയാണ് വീണ്ടും എല്‍ടിടിഇ വിഷയം.
ശ്രീലങ്കയിലെ ജാഫ്നയുടെ പ്രാന്തപ്രദേശത്തുള്ള ഒരു സെമിത്തേരിയിലാണ് 19 മൃതദേഹങ്ങൾ ഒറ്റ കുഴിമാടത്തില്‍ കൂട്ടിയിട്ട് സംസ്കരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ പത്ത് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടിയടക്കം മൂന്ന് കുട്ടികളും ഉൾപ്പെടുന്നെന്ന് അൾജസീറ റിപ്പോര്‍ട്ട് ചെയ്തു.
എൽടി ടിഇ യും ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള സായുധ പോരാട്ടം ആരംഭിക്കുന്നത് 1970 കളുടെ അവസാനത്തോടെയാണ്. പിന്നീടിങ്ങോട്ട് ഏതാണ്ട് 26 വര്‍ഷം നീണ്ട് നിന്ന യുദ്ധത്തില്‍ എല്‍ടിടിക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യവും ശ്രീലങ്കയില്‍ നേരിട്ടിറങ്ങിയിരുന്നു. ഈ ആഭ്യന്തരയുദ്ധത്തില്‍ 60,000 മുതൽ ഒരു ലക്ഷം വരെ തമിഴ്വംശജരെ കാണാതായിരുന്നു.
2009 -ൽ യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ, ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ തമിഴ് സമൂഹവും ആരോപിക്കുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം നാൽപ്പതിനായിരം പേരാണ് കൊല്ലപ്പെട്ടത്.
1996 ല്‍ ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കൻ സൈന്യം കൃശാന്തി കുമാരസ്വാമി എന്ന സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് ചെമ്മാനി എന്ന ഗ്രാമം ലോകശ്രദ്ധ നേടിയത്. പിന്നീട് കൃശാന്തി കുമാരസ്വാമിയുടെ അമ്മ, സഹോദരൻ, കുടുംബ സുഹൃത്ത് എന്നിങ്ങനെ നാല് പേരുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഈ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപത്ത് നിന്നാണ് 19 പേരെ അടക്കിയ കൂട്ടക്കുഴിമാടവും കണ്ടെത്തിയത്.
മൂന്ന് പതിറ്റാണ്ട് നീണ്ട്, അവസാനം ചോരക്കളിയിൽ അവസാനിച്ച ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒരു അദ്ധ്യായമാണ് ചെമ്മാനിയിലെ തിരിച്ചറിയാത്ത ശവക്കുഴികള്‍. ശ്രീലങ്കന്‍ തമിഴര്‍ ഇന്നും നേരിടുന്ന പരിഹരിക്കപ്പെടാത്ത നീതി നിഷേധത്തിന്റെ പ്രതീകമായി തുടരുന്ന ദുരൂഹമായ ഓര്‍മ്മകളാണ് ഇത്.
ചെമ്മാനി എന്ന ഗ്രാമം, 1996 വരെ ശാന്തവും മനോഹരവുമായ ഒരു പട്ടണമായിരുന്നു.എന്നാൽ എല്‍ടിടിഇ-യുമായുള്ള നീണ്ട യുദ്ധത്തിന്റെ മറവില്‍ ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തിയ നിരപരാധികളായ നൂറുകണക്കിന് തമിഴരെ രഹസ്യമായി അടക്കം ചെയ്ത സ്ഥലമായിരുന്നുവെന്ന് തെളിവ് സഹിതം പിന്നീട് പുറത്ത് വന്നു. ശ്രീലങ്കന്‍ സൈന്യത്തിന്റെ കൊടുക്രൂരതയുടെ ഭീകര ചിത്രങ്ങളാണ് നിരപരാധികളായ, മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ കാണപ്പെട്ട ചെമ്മാനിയിലെ അജ്ഞാത ശവക്കുഴികള്‍.
യുദ്ധം ജയിച്ച ശ്രീലങ്കന്‍ സൈന്യത്തിന് ലഭിച്ചത് ജനവാസമില്ലാത്ത ഒരു പ്രേത നഗരമായി മാറിയ ജാഫ്ന പട്ടണമായിരുന്നു. ശ്രീലങ്കയിലെ തമിഴ് പ്രശ്നത്തിന് പരിഹാരം കാണാണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗ ജാഫ്നാ നിവാസികളോട് തിരികെ വരാന്‍ അഭ്യര്‍ത്ഥിച്ചു. ജാഫ്നയിലെ ശ്രീലങ്കന്‍ സൈനികരില്‍ നിന്നും യാതൊരു അക്രമവും ഉണ്ടാകില്ലെന്ന് പ്രസിഡന്റ്റ് വാഗ്ദാനം നല്കി.
ശ്രീലങ്കന്‍ പട്ടാളത്തെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ തമിഴ് വംശജര്‍ ആദ്യം തയ്യാറായില്ലെങ്കിലും. മെയ് അവസാനത്തോടെ അവര്‍ ജാഫ്നയിലേക്ക് കൂട്ടത്തോടെ തിരിച്ച് വരാന്‍ തുടങ്ങി. എന്നാൽ അവരില്‍ രഹസ്യമായി നുഴഞ്ഞു കയറിയ പുലികളും ഉണ്ടായിരുന്നു.
1996 ജൂലൈ 5ന് ചന്ദ്രിക കുമാരതുംഗയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം മന്ത്രിയായ നിര്‍മ്മല്‍ സിരിപാല ഡിസില്‍വ ജാഫ്നയില്‍ സന്ദര്‍ശിക്കാനെത്തി. പുനരധിവാസ പ്രവര്‍ത്തനങ്ങളും മറ്റു സഹായങ്ങളും വിലയിരുത്താനായി എത്തിയതായിരുന്നു മന്ത്രി. 15 വര്‍ഷത്തിന് ശേഷമാണ് കൊളംബോ ഭരണകൂടത്തിന്റെ ഒരു മന്ത്രി ജാഫ്ന സന്ദര്‍ശിക്കുന്നത്.
പരിശോധന കഴിഞ്ഞ് മടങ്ങാന്‍ മന്ത്രി തന്റെ വാഹനമായ ലാന്‍ഡ് റോവറില്‍ കയറിയ നിമിഷം ഒരു യുവതി വാഹനത്തിനരികിലേക്ക് ഓടി വന്നു. അവിടെ പിന്നിടുണ്ടായത് ഒരു വന്‍ സ്ഫോടനമായിരുന്നു. എല്‍ടിടിയുടെ ചാവേര്‍ മനുഷ്യ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്. ചെറിയ പരിക്കോടെ മന്ത്രി രക്ഷപ്പെട്ടെങ്കിലും ചുറ്റുമുണ്ടായിരുന്ന 20 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മന്ത്രിയെ അനുഗമിച്ചിരുന്ന ശ്രീലങ്കന്‍ സൈന്യത്തിലെ ഒരു സീനിയര്‍ ബ്രിഗേഡിയറും ഉള്‍പ്പെടുന്നു.
അതോടെ ക്രുദ്ധരായ സൈന്യം പ്രതികാര നടപടികള്‍ ആരംഭിച്ചു. പുലികള്‍ എന്ന് സംശയിക്കുന്നവരെ ബലമായി തട്ടിക്കൊണ്ട് പോയി പട്ടാള ക്യാമ്പുകളില്‍ വെച്ച് മര്‍ദ്ദിച്ചു. സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതലും ഇരയായത്. ജൂലൈ മുതല്‍ നവംബര്‍ വരെ സൈന്യം ‘ചോദ്യം ചെയ്യാന്‍’ എന്ന പേരില്‍ അറസ്റ്റ് ചെയ്ത 600 ഓളം തമിഴ് വംശജര്‍ അപ്രത്യക്ഷരായിയെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷ്ണല്‍ രേഖപ്പെടുത്തിയിരുന്നു. അവര്‍ എവിടെപ്പോയ് എന്ന് ആര്‍ക്കും അറിയില്ല.
നേരത്തെ പറഞ്ഞ കൃശാന്തി കുമാരസ്വാമിയെ മാനഭംഗപ്പെടുത്തിയതിനും കൊല ചെയ്തതിനും, കുടുംബാംഗങ്ങളെ വധിച്ചതിനും പ്രതികളായ അഞ്ച് ശ്രീലങ്കന്‍ സൈനികര്‍ക്ക് കോടതി മരണ ശിക്ഷ വിധിച്ചു.
അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിക്കൂട്ടില്‍ നില്ക്കുന്ന ഒന്നാം പ്രതിയായ ലാന്‍സ് കോര്‍പ്പറല്‍ സോമരത്ന രാജപക്സേയോട് ജഡ്ജി ചോദിച്ചു. ‘ഞങ്ങള്‍ ആരേയും കൊന്നിട്ടില്ല. ശവശരീരങ്ങള്‍ മറവു ചെയ്യുക മാത്രമാണ് ചെയ്തത്. എന്ന് സിംഹള ഭാഷയിൽ അയാള്‍ പറഞ്ഞത് കോടതിയില്‍ നടുക്കം സൃഷ്ടിച്ചു. 300 മുതല്‍ 400 വരെ’ ശവശരീരങ്ങള്‍ ഞങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. അവയെല്ലാം എവിടെയാണെന്ന് പറയാന്‍ എനിക്ക് കഴിയും’ എന്നും അയാള്‍ പറഞ്ഞു.
രാജപക്സെയുടെ മൊഴിയെ തുടർന്ന്, ശ്രീലങ്കന്‍ അധികാരികള്‍ 1998-99 ല്‍ അന്വേഷണം ആരംഭിച്ചു. ഒരിക്കല്‍ എല്‍ടിടിയുമായി കൊടും യുദ്ധം നടന്ന പ്രദേശമായതിനാല്‍, എല്‍ടിടി ലാന്‍ഡ് മൈനുകള്‍ പാകിയത് ഒരു ഭീഷണിയായിരുന്നു. മൈനുകള്‍ ഇല്ലെന്ന് സൈന്യം സൂക്ഷ്മമായി പരിശോധിച്ച ശേഷം രാജപക്സേ ചൂണിക്കാണിച്ച സ്ഥലം അടയാളപ്പെടുത്തി കയറു കെട്ടിത്തിരിച്ച് കുഴിക്കാന്‍ തുടങ്ങി.
പത്രപവര്‍ത്തകരും, സൈനിക ഉദ്യോഗസ്ഥരും ഫോറന്‍സിക്ക് ടീം അംഗങ്ങളും നോക്കി നില്‍ക്കെ മറവുചെയ്ത ആദ്യത്തെ ശരീരാവശിഷ്ടം- അതൊരു വസ്ത്രത്തിന്റെ അംശങ്ങളോടു കൂടിയ ഒരു മനുഷ്യ അസ്ഥികൂടമായിരുന്നു. തുടര്‍ന്ന് നടന്ന ഖനനത്തില്‍ 13 മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.
അതോടെ ജാഫ്നയില്‍ നിന്ന് അപ്രത്യക്ഷമായ ഇനിയും കണ്ടെത്താനാവാത്ത, കാണാതായ തമിഴ് വംശജരുടെ കുടുംബാംഗങ്ങളുടെ കൂട്ടക്കരച്ചിലും വിലാപങ്ങളും ചെമ്മാനിയില്‍ ഉയര്‍ന്നു. തങ്ങള്‍ കാത്തിരിക്കുന്ന ഉറ്റവരുടെ തിരിച്ച് വരവ് അസാധ്യമായിരിക്കുമെന്ന് അവര്‍ക്ക് മനസിലായിത്തുടങ്ങി. കാരണം ചെമ്മാനിയിലെ കുഴിമാടങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ മണ്ണിനോട് ചേര്‍ന്നു കാണുമെന്ന് ഏതാണ്ട് അവര്‍ക്ക് ഉറപ്പായിരുന്നു.
ചെമ്മാനിയിലെ കൂട്ടക്കൊലക്കും ശവക്കുഴികള്‍ക്കും ഉത്തരവാദികളായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരെയും കുറ്റം ചുമത്തിയില്ല. 1999 ല്‍ കുഴിച്ചെടുത്ത അവശിഷ്ടങ്ങള്‍ക്ക് ശേഷം കൂടുതല്‍ കുഴിച്ചെടുക്കാനോ, കൂടുതല്‍ അന്വേഷണം നടത്താനോ, നീതി നടപ്പാക്കാനോ സമഗ്രമായ ഒരു ശ്രമവും നടന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം, 2025 ല്‍ ചെമ്മാനി വീണ്ടും ശ്രദ്ധാകേന്ദ്രമായി. 2025 ഫെബ്രുവരിയില്‍, അരിയാലൈ സിന്ധുബത്ത് ശ്മശാനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ചില മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. 2025 ജൂണ്‍ 8 ആയപ്പോഴേക്കും, ആകെ 19 മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. രണ്ടാമത്തെ പരിശോധന നടന്നത് ജൂലായ് ആദ്യവാരമാണ്. ഇതോടെ അസ്ഥികളുടെ എണ്ണം 65 ആയി.
ഓഗസ്റ്റ് 28വരെ 166 മനുഷ്യരുടെ അസ്ഥിക്കൂടങ്ങൾ പുറത്തെടുത്തു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ചെമ്മാനിയിലെ സംഭവവികാസങ്ങളോടുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രതികരണം നിശബ്ദമാണ്. നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്റെയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേയുടെയും നേതൃത്വത്തിലുള്ള നിലവിലെ ഭരണകൂടം ചെമ്മാനിയെക്കുറിച്ച് മൗനം പാലിക്കുകയാണ്.