20 രൂപ ലാഭിക്കാൻ വേറെ കുപ്പിയിൽ പകർത്തിയാൽ പിടിവീഴുമെന്ന് എക്സൈസ്; അണ്ടർവെയറിൽ തിരുകിയ കാലിക്കുപ്പികൾ സ്വീകരിക്കുന്നത് കൗണ്ടറിൽ നിൽക്കുന്നവർക്കും തലവേദനയായി

പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഇപ്പോൾ മുതൽ ഈടാക്കുന്ന ഇരുപത് രൂപ തിരികെക്കിട്ടാന്‍ മദ്യപന്മാരുടെ എളുപ്പവഴി ഗുരുതര നിയമലംഘനമെന്ന് പറയുകയാണ് എക്സൈസ് വകുപ്പ്.
മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്ബോള്‍ അത് ബിവറേജിലെ മദ്യം ആളാണെങ്കിലും , അനധികൃത മദ്യമായി മാറുകയാണ്. കാരണം ലേബൽ ഇല്ലാത്ത കുപ്പിയിലാണ് ആ മദ്യം ഉള്ളത്. അങ്ങനെയുള്ള മദ്യവുമായി പിടി കൂടിയാൽ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെന്നാണ് എക്സൈസ് പറയുന്നത്. കുപ്പിമാറ്റലും ഹാനികരം എന്നാണ് ഇവർ നല്കുന്ന മുന്നറിയിപ്പ്.
ഇരുപത് രൂപ തിരികെ കിട്ടാനുള്ള എളുപ്പ മാര്‍ഗം ചിലപ്പോൾ കനത്ത പിഴ അടക്കാനും അല്ലങ്കിൽ അകത്തുപോകാനുള്ള വഴിയൊരുക്കുമെന്നും മദ്യപാനികൾ ഓർത്തിരിക്കണം.
അതിലും നല്ലത് 20 രൂപ നഷ്ടപ്പെട്ടാലും സഹിക്കുക എന്നതായിരിക്കും.
പ്ലാസ്റ്റിക് ബോട്ടിലൊന്നിന് ഇരുപത് രൂപ നിരക്കില്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബവ്കോയുടെ പരീക്ഷണ പദ്ധതിയുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഫലത്തില്‍ മദ്യപാനികൾക്ക് ധനനഷ്ഠവും ജയില്‍വാസ സാധ്യതയും ഉണ്ടാകാം.
മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി, വാങ്ങിയ ഔട്ലെറ്റില് തിരിച്ചുകൊടുത്താല്‍ നിക്ഷേപത്തുകയായ 20 രൂപ മടക്കി നല്കുന്ന ബവ്കോയുടെ പദ്ധതിയില്‍ ആദ്യദിവസം തന്നെ ഒട്ടേറെ കുപ്പികള്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ലെറ്റിനു സമീപത്തു തന്നെ മദ്യപിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. നിക്ഷേപത്തുകയ്ക്കു നല്‍കേണ്ട രസീത് അച്ചടിച്ച് നൽകുമ്പോൾ ഔട്ലെറ്റുകളില് ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ പലപ്പോളും തര്‍ക്കങ്ങളും ഉണ്ടായി.
തിരുവനന്തപുരം ജില്ലയില്‍ ഏറ്റവുമധികം മദ്യവില്പന നടക്കുന്ന പവര്‍ഹൗസ് റോഡ് ഔട്ലെറ്റില് ആദ്യ ദിവസം രാത്രി 7 വരെ 400 കുപ്പികള്‍ ആണ് തിരിച്ചെത്തിയത്. ഇവയില്‍ അധികവും ക്വാര്‍ട്ടര്‍1 കുപ്പികളാണ്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 10 വീതം ഔട്ലെറ്റുകളിലാണു പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി തുടങ്ങിയത്.
എന്നാൽ എല്ലായിടത്തും ആദ്യദിനം വലിയ അആശയക്കുഴപ്പം ഉണ്ടായിരുന്നു. രാവിലെ 9ന് ഔട്ലെറ്റ് തുറന്നയുടന്‍ മദ്യം വാങ്ങിപ്പോയവര്‍, മിനിറ്റുകള്‍ക്കുള്ളില്‍ കാലിക്കുപ്പിയുമായി തിരിച്ചെത്തിയ സംഭവങ്ങളുണ്ടായി. ചിലര്‍ ഔട്ലെറ്റിന്റെ പരിസരത്തു തന്നെ മദ്യം അകത്താക്കിയപ്പോള്‍, മറ്റു ചിലര്‍ വേറെ കുപ്പിയിലേക്കു മാറ്റി കാലിക്കുപ്പിയുമായെത്തി 20 രൂപ തിരിച്ചുവാങ്ങി.
കാലിക്കുപ്പി വാങ്ങി 20 രൂപ തിരിച്ചുകൊടുക്കാന്‍ പ്രത്യേക കൗണ്ടര്‍ തുറക്കുമെന്നും കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. നിലവിലുള്ള കൗണ്ടറുകള്‍ വഴി തന്നെയായിരുന്നു കുപ്പി തിരികെ വാങ്ങലും പണം നൽകലും. കൗണ്ടറില്‍ ബില്‍ ചെയ്യുന്ന ജീവനക്കാരന് തന്നെ കുപ്പിക്കു പുറത്തു ലേബല്‍ പതിപ്പിക്കേണ്ടിവന്നത് തിരക്കേറിയ സമയങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കി.
മദ്യം വാങ്ങുന്ന ഔട്ലെറ്റില് തന്നെ കാലിക്കുപ്പി തിരിച്ചേല്പിച്ചാല് മാത്രമേ 20 രൂപ ലഭിക്കൂവെന്ന നിബന്ധന ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. 20 രൂപയ്ക്കു വേണ്ടി കുപ്പി സൂക്ഷിച്ചുവച്ച്, ഇതേ ഔട്ലെറ്റ് തേടിവരുന്നത് എങ്ങനെ പ്രായോഗികമാകുമെന്നതാണു ചോദ്യം. ഫലത്തില്‍, പദ്ധതി നടപ്പാക്കുന്ന ഔട്ലെറ്റുകളില് മാത്രം മദ്യവില 20 രൂപ ഉയർന്നു എന്ന് പറയാം.
രഹസ്യമായി കുടിക്കുന്നവർക്കാണ് ഇത് ഏറ്റവും കൂടുതൽ പ്രശ്നമായി മാറിയിരിക്കുന്നത്. കുടിച്ച് തീർത്തലും 20 രൂപ തിരികെ കിട്ടാൻ കുപ്പി കാത്ത് സൂക്ഷിക്കണം. ബസ്സിലും ഓട്ടോയിലും ഒക്കെ ബിവറേജിൽ എത്തുന്നവർ 20 രൂപക്കായി അതിലും കൂടുതൽ പണം മുടക്കേണ്ടി വരും. അല്ലെങ്കിൽ അടുത്ത കുപ്പി വാങ്ങാൻ പോകുന്നത് വരെ ഈ പഴയ കുപ്പിയും സൂക്ഷിച്ച് വെക്കണം.
പലരും രണ്ടും മൂന്നും കുപ്പികളുമൊക്കെ മുണ്ടിന്റെ അടിയിൽ ഒളിപ്പിച്ചാണ് കൊണ്ടുവരുന്നത്. കൗണ്ടറിൽ എത്തി, അണ്ടർ വെയറിൽ നിന്നും എടുത്ത് നൽകുന്ന ഈ കാലിക്കുപ്പികൾ ഏറ്റു വാങ്ങാൻ ബീവറേജ് കൗണ്ടറിലെ ജീവനക്കാരും മടിച്ച് നിൽക്കുകയാണ്. കയ്യിൽ ഗ്ലൗസ് ഒക്കെ ഇട്ട് കാലിക്കുപ്പികൾ സ്വീകരിക്കാൻ നിൽക്കേണ്ട അവസ്ഥയാണ് പല ബീവറേജിലും ഉള്ളത്. എന്തായാലും പുതിയ ഈ ഊടായ്പ്പ് പരിഷ്കാരം മദ്യപാനികൾക്കും, അതേപോലെ തന്നെ ബീവറേജ് ജീവനക്കാർക്കും തലവേദന സൃഷ്ടിക്കുകയാണ്.