രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരെ പരാതിയുമായി നടി റിനി ആൻ ജോർജ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പറഞ്ഞ ശേഷം നേരിട്ടത് ക്രൂരമായ സൈബർ ആക്രമണം

തനിക്ക് എതിരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ പരാതി നൽകി നടി റിനി ആന്‍ ജോര്‍ജ്. രാഷ്ട്രീയ നിരീക്ഷകൻ രാഹുല്‍ ഈശ്വറിനും, യൂട്യൂബർ ഷാജന് സ്കറിയക്കുമെതിരെയാണ് റിനി പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് റിനി ആന്‍ ജോര്‍ജ് പരാതി നല്‍കിയത്.
യുവ നേതാവില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി എന്ന് ആരോപിച്ച് കൊണ്ട് നേരത്തെ റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. എന്നാൽ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള ആരോപണങ്ങളും ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നത്.
എന്നാല്‍ റിനി അതുവരെ ആരുടേയും പേര് പറഞ്ഞിരുന്നില്ലെങ്കിലും, രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ റിനിയ്ക്കെതിരെ ക്രൂരമായ വ്യക്തിഅധിക്ഷേപമാണ് നടത്തിയത്.
റിനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചൂഷണത്തിന് ഇരയായ യുവതിക്ക് റിനി ഐക്യദാര്‍ഡ്യവും അറിയിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ഉള്‍പ്പെടെ നിയോഗിക്കുകയും ചെയ്തിരുന്നു. പ്രത്യേക സംഘം റിനിയില്‍ നിന്നുള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ സൈബര്‍ ആക്രമണത്തില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
വീഡിയോകളിലും കമന്റുകളിലുമായി അപകീര്‍ത്തികരമായ രീതിയിലുള്ള പരാമര്‍ശങ്ങളാണ് റിനിക്കെതിരെ ഉയർന്നത്. റിനിയെ ഡ്രാമ ക്വീന്‍ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിച്ചത്.
ഷാജന് സ്കറിയയും ക്രൈം നന്ദകുമാറും റിനിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇവരുടെ യൂട്യൂബ് ചാനലുകളുടെ പേരെടുത്ത് പറഞ്ഞാണ് റിനി പരാതി നല്‍കിയിരിക്കുന്നത്.
വീഡിയോകളുടെ ലിങ്കും പരാതിക്ക് ഒപ്പം റിനി സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളം റൂറല്‍ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമം യുവ നേതാവിനെതിരായ ആരോപണങ്ങളില്‍ നിയമത്തിന്റെ വഴിക്ക് താൻ പോകുന്നില്ലെന്ന് നേരത്തെ തന്നെ റിനി വ്യക്തമാക്കിയിരുന്നു. ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോഴും രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് റിനി വ്യക്തമായി പ്രതികരിച്ചില്ല.
‘ആരാണ് എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് എന്ന് പൊലീസ് കണ്ടെത്തട്ടെ. എന്തായാലും പെയ്ഡ് ആയിട്ടുള്ള ശ്രമം തന്നെയാണ് നടക്കുന്നത്. എന്റെ പരിചയത്തിലുള്ള പ്രശസ്തരായിട്ടുള്ള പല പുരുഷന്മാരും ഉണ്ട്. സിനിമാ ഫീല്‍ഡില്‍ ഉള്ളവരെ പോലും അവരുടെ ചിത്രങ്ങളും വീഡിയോകളും എടുത്ത് അവരുടെ സ്വകാര്യതയില്‍ പോലും കൈകടത്തുകയാണ്.
അതൊക്കെ അവരുടെ സ്വകാര്യതയെ പോലും ബാധിക്കുന്നു എന്നുള്ളത് ബുദ്ധിമുട്ടായി തോന്നി. അതുകൊണ്ടാണ് പെട്ടെന്ന് തന്നെ റിയാക്റ്റ് ചെയ്യണം എന്ന് തോന്നിയത്. എനിക്കെതിരെ മാത്രമല്ല, സുഹൃത്തുക്കള്‍ക്കെതിരെ കൂടി, അവരേയും ഇതിലേക്ക് വലിച്ചിഴച്ചത് കൊണ്ടാണ് നടപടി വേണം എന്ന് തോന്നിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് വരുന്നതിനെ കുറിച്ചൊന്നും ഞാന്‍ പ്രതികരിക്കേണ്ട കാര്യമില്ല. അതൊക്കെ ആ പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ് എന്നും റിനി പറഞ്ഞു.