അമിത് ഷാ പറഞ്ഞാൽ അത് ചെയ്തിരിക്കും, 2026 മാർച്ച് 31 നക്സലുകളുടെ അവസാനദിനം; തലക്ക് കോടികൾ വിലയുള്ള മാവോയിസ്റ്റുകളെ കൊന്ന് തള്ളുന്നു

തലയ്ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുള്ള മാവോവാദി നേതാവ് ഉള്‍പ്പെടെ മൂന്നു മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായ സഹദേവ് സോറന് എന്ന പ്രമുഖ മാവോവാദി നേതാവാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മാവോവാദി നേതാക്കളിൽ ഒരാളാണ് സഹദേവ് സോറന്.
ഝാര്‍ഖണ്ഡ് പോലീസിന്റെയും സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോ ബറ്റാലിയന്റെയും സംയുക്ത ഓപറേഷനിലാണ് മാവോവാദികളെ വധിച്ചത്. ഝാര്‍ഖണ്ഡ് പോലീസിന്റെ ഗിരിധ്, ഹസാരിബാഗ് പോലീസ് യൂണിറ്റുകളാണ് ദൗത്യത്തില്‍ സിആര്‍പിഎഫിന് പിന്തുണ നല്‍കിയത്.
ഹസാരിബാഗിലെ താതി ഝാരിയ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഗിരിധ് ബൊകാറോ അതിര്‍ത്തിയിലെ കരന്തി ഗ്രാമത്തിലാണ് രാവിലെ ആറുമണിയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ഈ മേഖലയിൽ സഹദേവ് സോറന് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ സാന്നിധ്യമുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് സംയുക്ത സംഘം തിരിച്ചിലിനിറങ്ങിയത്. ഇവര്‍ക്ക് നേരെ മാവോവാദികള്‍ ആണ് ആദ്യം വെടി ഉതിർത്തത്.
ഏറ്റമുട്ടലില്‍ സഹദേവ് സോറനെ കൂടാതെ രണ്ട് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. ഇവരുടെ തലക്കും ലക്ഷങ്ങളാണ് വില പറഞ്ഞിരുന്നത്. സിപിഐ മാവോയിസ്റ്റിന്റെ ബിഹാര്‍- ഝാര്‍ഖണ്ഡ് സ്പെഷ്യല്‍ ഏരിയാ കമ്മിറ്റി അംഗം ചഞ്ചല്‍ എന്ന രഘുനാഥ് ഹെംബ്രാം, സോണല്‍ കമ്മിറ്റി അംഗമായ ബൈര്‍സന്‍ ഗഞ്ചു എന്ന് വിളിക്കുന്ന രാംഖേല്‍വാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രഘുനാഥിൻറെ തലക്ക് 25 ലക്ഷവും രാംഖേല്വാനിൻറെ തലക്ക് 10 ലക്ഷവുമാണ് വിലയിട്ടിരുന്നത്.
മൂന്ന് ദിവസം മുമ്പാണ് ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 10 നക്സലൈറ്റുകൾ കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് 5 കോടി 25 ലക്ഷം രൂപയാണ് ആകെ വിലയിട്ടിരുന്നത്. കൊല്ലപ്പെട്ടവരിൽ നക്സലൈറ്റുകളുടെ ടോപ് കമാൻഡറായ ബാലകൃഷ്ണനും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ തലയ്ക്ക് മാത്രം 1.8 കോടി രൂപയായിരുന്നു വില. കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ മൃതദേഹങ്ങൾക്കൊപ്പം എകെ-47 റൈഫിളുകളും, എസ്എൽആർ ഉൾപ്പെടെയുള്ള 10 ആയുധങ്ങളും പിടിച്ചെടുത്തു.
മാവോവാദി ഒഡീഷ സംസ്ഥാന സമിതിയുടെ സെക്രട്ടറിയും ടോപ് കമാൻഡറുമായ ബാലകൃഷ്ണൻ, ബാലന്ന, രാമചന്ദർ, ഭാസ്കർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഇയാൾക്കൊപ്പം 1.2 കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന പ്രമോദ് എന്ന പണ്ടർണയും, വിമൽ എന്ന മംഗണ്ണയും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
2024 ജനുവരി മുതൽ ഇതുവരെ ഏതാണ്ട് അഞ്ഞൂറോളം നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചതായി അഡീഷണൽ ഡയറക്ടർ ജനറൽ വിവേകാനന്ദ് സിൻഹ പറയുന്നു. 2024 ൽ ആഭ്യന്തര മന്ത്രി ഒരു പ്രസ്താവന നടത്തിയിരുന്നു. 2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്നാണ് അമിത് ഷാ അന്ന് പറഞ്ഞത്. മവോയിസ്റ്റുകൾക്ക് വേണ്ടി സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ആയുധം വച്ചുകീഴടങ്ങി പൊതുധാരയിലേക്ക് വരുന്ന മാവോയിസ്റ്റുകൾക്ക് പാരിതോഷികം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അങ്ങനെ വന്നവർക്ക് നല്ല രീതിയിൽ പണവും കൊടുത്തിരുന്നു.
മുൻ മാവോയിസ്റ്റുകൾ മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, കൃഷി ഭൂമി, താമസിക്കാൻ സ്ഥലം, “പുനരധിവാസത്തിന് മാന്യമായ തുക” എന്നിവ സംസ്ഥാനം വാഗ്ദാനം ചെയ്യുന്നുണ്ട് . കീഴടങ്ങുന്ന മാവോയിസ്റ്റിന് സാധാരണയായി അവരുടെ തലയ്ക്ക് പറഞ്ഞിരുന്ന അതെ തുക വാഗ്ദാനം ചെയ്യാറുണ്ടെന്ന് ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു.
2026 മാർച്ച് 31, ഈ രാജ്യത്ത് നക്സലിസത്തിനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നു എന്ന അമിത് ഷായുടെ വാക്കുകൾ സത്യമായി മാറുകയാണ്. ഇനിയുള്ള ആറ് മാസക്കാലം മാവോയിസ്റ്റ് വേട്ടകൾ ശക്തമാകും. കീഴടങ്ങിയില്ലെങ്കിൽ മരണം, എന്നതിൽ കുറഞ്ഞ ഒരു ഓഫറും, അമിത് ഷായുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുകയും വേണ്ട.