ഗാസ കീഴടക്കാൻ എത്തുന്ന ഇസ്രയേലിനെതിരെ പുതിയ തന്ത്രവുമായി ഹമാസ്; ബന്ദികളെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി

ഗാസ പൂർണ്ണമായും കീഴ്പ്പെടുത്താൻ ഇസ്രായേൽ സൈന്യം എല്ലാ വിധ തയ്യാറെടുപ്പുകളും ഇപ്പോൾ നടത്തി ക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറോടെ പൂർണ്ണമായും ഫലസ്തീനികളെ കുടിയൊഴിപ്പിച്ച്, പുതിയൊരു ഗാസ നിർമിക്കും എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്.
എന്നാൽ ഇസ്രായേൽ നീക്കങ്ങളെ ചേര്‍ത്ത് നില്ക്കാൻ ഹമാസും പുതിയ നീക്കങ്ങൾ നടത്തുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഗാസ മുനമ്പിലെ ചില ഇസ്രായേൽ ബന്ദികളെ ഭൂഗർഭ അറകളിൽ നിന്നും ജനവാസ മേഖലകളിലെ വീടുകളിലേക്ക് ഹമാസ് ഇപ്പോൾ മാറ്റുകയാണെന്നാണ് റിപ്പോർട്ട്.
ചില ബന്ദികളെ വീടുകളിലും മറ്റുള്ളവർ ചില ടെന്റുകളിലും ആണ് കഴിയുന്നതെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് കാൻ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ നടത്തുന്ന കരയാക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഹമാസിന്റെ ഈ പുതിയ നീക്കം എന്നാണ് വിലയിരുത്തൽ.
ഹമാസ് പുറത്തുവിട്ട ഒരു വീഡിയോയിൽ ബന്ദിയായ തന്റെ മകൻ ഗിൽബോവ ദലാൽ ഒരു കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നതായി അമ്മ പറഞ്ഞിരുന്നു. ഇതു ശരിവെക്കുന്നതാണ് കാൻ പബ്ലിക് ബ്രോഡ് കാസ്റ്റർ പുറത്തുവിട്ട റിപ്പോർട്ടും.
ഗാസ സിറ്റിയിൽ ഹമാസ് ആക്രമണത്തിന് ഒരുക്കം കൂട്ടുന്നു എന്നാണ് കാൻ ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. “നിയമസാധുതയുള്ള പതിയിരിപ്പ്” എന്നാണ് ഈ ആക്രമണ പദ്ധതിയെ അവർ വിളിക്കുന്നത്. ഗാസയിലെ ആക്രമണം നിർത്താൻ ഇസ്രായേലിന് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് വേണ്ടി, സിവിലിയൻ നാശനഷ്ടങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഹമാസിനെതിരായ ഇസ്രായേൽ സൈന്യത്തിന്റെ വമ്പൻ ആക്രമണത്തിന് മുന്നോടിയായി മൂന്ന് ലക്ഷത്തിലധികം പലസ്തീനികൾ ഗാസ സിറ്റിയിൽനിന്ന് ഗാസ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേനയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഞായറാഴ്ച രാത്രി മാത്രം 20,000 പേർ ഗാസ സിറ്റി വിട്ടതായാണ് സൂചനകൾ.
ആക്രമണത്തിന് മുന്നോടിയായി ഗാസ സിറ്റിയിലെ എല്ലാവരും ഉടൻ ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞയാഴ്ച ഐഡിഎഫ് ഉത്തരവിട്ടിരുന്നു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്ത് ഇസ്രയേൽ നിശ്ചയിച്ച മാനുഷിക മേഖലയിലേക്ക് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഗാസ മുനമ്പിൽ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഗാസ നിവാസികൾ പറയുന്നത്. 10 ലക്ഷം പേരാണ് ഇപ്പോൾ ഗാസയിൽ ഉള്ളത്.
കഴിഞ്ഞ ദിവസം ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുകയായിരുന്ന ഹമാസ് പ്രവർത്തകനെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. മുഹമ്മദ് അലി യാസിൻ എന്നയാളെയാണ് തെക്കൻ ലെബനനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ വധിച്ചത്. ഐഡിഎഫ് റിപ്പോർട്ട് പ്രകാരം, നബാത്തിയേ പ്രദേശത്തുവെച്ച് കാറിലായിരിക്കെയാണ് മുഹമ്മദ് അലി യാസിൻ കൊല്ലപ്പെട്ടത്.
നബാത്തിയേയുടെ തെക്കുള്ള ബുർജ് ക്വാലൂയ പട്ടണത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ലെബനനിലെ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് പുറത്തുവിട്ടു. 2024 നവംബറിലെ വെടിനിർത്തലിന് ശേഷം സമാധാന കരാറിലെ വ്യവസ്ഥകൾ ലംഘിച്ച 230-ലധികം ഹിസ്ബുള്ള പ്രവർത്തകരെ ലെബനനിൽ നടത്തിയ ആക്രമണങ്ങളിൽ വധിച്ചതായി ഐഡിഎഫ് പറയുന്നു.
അതേസമയം മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്കി. ഇസ്രയേല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ല എന്നും ട്രംപ് പറയുന്നു. ദോഹ ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഖത്തറിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്ന നിലപാട് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇനിയും വിദേശത്ത് ആക്രമണം നടത്തുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്. ഹമാസിനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഹമാസ് നേതാക്കള്‍ എവിടെയായാലും അവിടെ ആക്രമിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ഖത്തർ എന്നല്ല, ഏതൊരു രാജ്യത്ത് ആയിരുന്നാലും അവർക്ക് പുറകെ ഇസ്രായേൽ ഉണ്ടാകുമെന്നു തന്നെയാണ് നെതന്യാഹു പറയുന്നത്. ഗാസയും ഹമാസും ഇനിയില്ല എന്നൊരു ഉറച്ച നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി.