ലോകരാജ്യങ്ങൾ ഒന്നടങ്കം എതിർക്കുന്നു; ഇസ്രായേൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുന്നു

ഗാസയിലെ ഏറെ നാൾ നീണ്ടു നിന്നാ യുദ്ധം ഇസ്രയേലിനെ ലോകരാജ്യങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബഹിഷ്കരണങ്ങളുടെ ഒരു കുത്തൊഴുക്കാണ് ഇപ്പോൾ ഇസ്രയേൽ നേരിടുന്നത്. വർണ്ണവിവേചനത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വന്നതുപോലുള്ള ഒരു സ്ഥിതിവിശേഷം ഇസ്രയേലിനും വരുമോ എന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു യു എന്നിൽ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യ അടക്കമുള്ള 142 രാജ്യങ്ങൾ വോട്ട് ചെയ്തപ്പോൾ, അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ 10 രാജ്യങ്ങൾ മാത്രമാണ് ഇതിനെ എതിർത്തത്. ഇസ്രായേൽ എന്ന ശക്തരായ രാജ്യം എന്ത് മാത്രം ഒറ്റപ്പെടുന്നു എന്നതിന്റെ സൂചന കൂടിയാണിത്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനീതിരെ ലോകരാജ്യങ്ങളിൽ മാത്രമല്ല, ഇസ്രയേലിലും പ്രതിഷേധങ്ങൾ കടുക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരായ യെഹുദ് ബരാക്കും എഹുദ് ഒൽമെർട്ടും നെതന്യാഹു തങ്ങളുടെ രാജ്യത്തെ “അന്താരാഷ്ട്ര നിഷ്ഠൂരനാക്കി” എന്ന് ഇതിനോടകം ആരോപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ തുടർന്ന് നെതന്യാഹുവിന് യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഐക്യ രാഷ്ട്ര സഭയിൽ ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ, ബെൽജിയം, കാനഡ തുടങ്ങിയ രാജ്യങ്ങൾ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 9-ന് ഖത്തറിൽ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളും ഒറ്റക്കെട്ടായി ഇസ്രയേലിനെ അപലപിച്ചു. ദോഹയിൽ യോഗം ചേർന്ന അവർ, ഇസ്രയേലുമായി ബന്ധം പുലർത്തുന്ന രാജ്യങ്ങൾ വീണ്ടും ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഗാസയിലെ പട്ടിണിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പല യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനെതിരെയുള്ള രോഷം, പ്രസ്താവനകളിൽ മാത്രം ഒതുക്കാതെ ഉപരോധങ്ങളിലേക്ക് കടക്കുകയാണ്.
വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതി ബെൽജിയം നിരോധിച്ചു. ഇസ്രയേലി കമ്പനികളുമായുള്ള കരാറുകൾ വീണ്ടും പരിശോധിക്കാനും, പലസ്തീനികൾക്കെതിരെ അക്രമം നടത്തുന്ന ജൂത കുടിയേറ്റക്കാർക്കും രണ്ട് ഇസ്രയേൽ മന്ത്രിമാർക്കും യാത്രാവിലക്ക് ഏർപ്പെടുത്താനും കൂടി ബെൽജിയം തീരുമാനിച്ചു.
ബെൽജിയത്തിന്റെ നീക്കത്തിന് പിന്നാലെ സ്പെയിനും സ്വന്തം നിലയിൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ആയുധ ഉപരോധവും നിയമമാക്കിക്കൊണ്ട് , ഭാഗിക ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചു.
ഗാസയിൽ വംശഹത്യയിലോ യുദ്ധക്കുറ്റങ്ങളിലോ ഉൾപ്പെട്ട ഒരാൾക്കും സ്പാനിഷ് പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കില്ല. ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകളും ആയുധങ്ങളുള്ള വിമാനങ്ങളും സ്പാനിഷ് തുറമുഖങ്ങളിൽ അടുക്കുന്നതിനോ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനോ വിലക്കും ഏർപ്പെടുത്തി.
ഇസ്രയേലുമായി ബന്ധപ്പെട്ട വ്യാപാര കരാറുകൾ ഭാഗികമായി നിർത്തിവെക്കാനും തീവ്ര വലതുപക്ഷ മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ യൂണിയനും പ്ലാൻ തയ്യാറാക്കുകയാണ്.
ഗാസയിലെ സംഭവങ്ങൾ “ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കി” എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും പറഞ്ഞു. 314 മുൻ യൂറോപ്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും കരാർ പൂർണ്ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
നോർവേയുടെ 2 ട്രില്യൺ ഡോളർ മൂല്യമുള്ള സോവറിൻ വെൽത്ത് ഫണ്ട് ഈ മാസം പകുതിയോടെ 23 ഇസ്രായേൽ കമ്പനികളെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു. സാംസ്കാരിക മേഖലയിലും ഈ ബഹിഷ്കരണം വ്യാപകമാണ്.
പലസ്തീൻ ജനതയ്ക്കെതിരായ വംശഹത്യയിലും വർണ്ണവിവേചനത്തിലും” ഉൾപ്പെട്ട ഇസ്രയേലി നിർമ്മാണ കമ്പനികളെയും മറ്റും ഹോളിവുഡിൽ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന കത്തിന് ഒരാഴ്ചയ്ക്കുള്ളിൽ 4,000-ലധികം പേരാണ് ഒപ്പിട്ടത്.
ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ ഈ പ്രതികരണങ്ങളെ “ധിക്കാരപര”മെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, ഇസ്രയേലിന്റെ മുൻ അംബാസഡർമാർ ഉൾപ്പെടെയുള്ളവർ, രാജ്യം വലിയ പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിക്കുകയാണ്.
എന്നാലും, അമേരിക്കയുടെ വലിയ രീതിയിലുള്ള പിന്തുണ ഇസ്രയേലിന് ഇപ്പോഴുമുണ്ട്. ഇപ്പോളത്തെ സമ്മർദ്ദം തുടർന്നാലും ഇസ്രയേലൈൻ ഒരു ഭീകരമായ ഒറ്റപ്പെടലിൽ നിന്നും സംരക്ഷിച്ച് നിർത്തുന്ന ഏകശക്തിയും അത് തന്നെയാണ്.