കോടികൾ അടിച്ച് മാറ്റിയ സിവിൽ സർവീസ് സുന്ദരി; നൂപുര ബോറ ഒടുവിൽ അറസ്റ്റിലായി

അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ നൂപുര്‍ ബോറയുടെ വസതികളില്‍നിന്ന് വിജിലന്‍സ് കണ്ടുകെട്ടിയത് രണ്ട് കോടി രൂപയുടെ സ്വര്‍ണവും പണവുമാണ്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ബോറയുടെ ഔദ്യോഗിക വസതിയിൽ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ബാര്‍പെട്ടയിലുള്ള വാടകവീട്ടില്‍നിന്ന് 10 ലക്ഷം രൂപ കൂടി കണ്ടെടുത്തു.
ഇവർക്ക് എതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. അതോടെ കഴിഞ്ഞ ആറ് മാസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. പരാതികളിലേറെയും ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടവയാണ്. സംശയകരമായ സാഹചര്യത്തില്‍ ഭൂമി കൈമാറ്റം ചെയ്യുകയും അതിലൂടെ പണം കൈപ്പറ്റുകയും ചെയ്തതായി മുഖ്യമന്ത്രി പറയുന്നു. കൂടെയുള്ള ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
2019ൽ തന്റെ 30-മത്തെ വയസ്സിലാണ് നൂപുര്‍ ബോറ അസം സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. അസമിലെ ഗോലാഘട്ട് ആണ് നൂപുറിന്റെ സ്വദേശം. കാംരൂപ് ജില്ലയിലെ ഗോറോയ്മാരിയിൽ സർക്കിൾ ഓഫീസറായി നൂപുറിനെ നിയമിച്ചിരുന്നു.
ഗുവാഹാട്ടി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ഇവർ സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ്, ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്ങില്‍ ലക്ചററായി ജോലി ചെയ്തിരുന്നു.
നൂപുർ ബോറ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് കർബി ആംഗ്ലോംഗിൽ അസിസ്റ്റൻ്റ് കമ്മിഷണറായാണ്. 2019 മാർച്ച് മുതൽ 2023 ജൂൺ വരെ അവർ ഈ പദവിയിൽ ഉണ്ടായിരുന്നു. പിന്നീട്, 2023 ജൂൺ മുതൽ കാംരൂപിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതുവരെ ബാർപേട്ടയിൽ സർക്കിൾ ഓഫീസറായി സേവനമനുഷ്ഠിച്ചു.
ആറ് വർഷത്തെ സർക്കാർ സേവനത്തിനിടയിൽ, ഔദ്യോഗിക ശമ്പളത്തിന് ആനുപാതികമല്ലാത്ത രീതിയിൽ സ്വത്തുക്കളും പണവും ഉൾപ്പെടെ വലിയ സമ്പത്ത് നൂപുർ ബോറ നേടിയതായി റിപ്പോർട്ടുകളുണ്ട്.
ബാർപേട്ടയിലെ റവന്യൂ സർക്കിൾ ഓഫീസിലെ ജീവനക്കാരനും നൂപുർ ബോറയുടെ സഹായിയുമെന്ന് ആരോപിക്കപ്പെടുന്ന ലത് മണ്ഡൽ സുരജിത് ദാസിന്റെ വസതിയിലും പ്രത്യേക വിജിലൻസ് സെൽ റെയ്ഡ് നടത്തി. നൂപുർ ബോറ സർക്കിൾ ഓഫീസറായിരുന്ന സമയത്ത് അവരുടെ സഹായത്തോടെ ബാർപേട്ടയിൽ നിരവധി ഭൂസ്വത്തുക്കൾ വാങ്ങിയതായി ഇയാൾക്കെതിരെ ആരോപണമുണ്ട്.