കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ പരാതി

സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെയും പരാതി. പറവൂർ ബ്ലോക്ക് പ്രസിഡൻറ് എം എസ് റെജിക്കെതിരെയാണ് പരാതി. പേര് പരാമർശിച്ച് അപവാദപ്രചരണം നടത്തിയതിലാണ് മുനമ്പം ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
അതിനിടെ രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ പറവൂരിലെ പൊലീസും സൈബർ ടീമും ചേർന്നാണ് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തുന്നത്.
നേരത്തെ പ്രത്യേക അന്വേഷണ സംഘം ഒന്നാംപ്രതിയും കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകികൊണ്ട് നോട്ടീസ് അയച്ചു. പരിശോധനയിൽ ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
അതേസമയം, കേസിൽ കൊണ്ടോട്ടി അബു എന്ന പ്രൊഫൈൽ ഉള്ള യൂട്യൂബർ യാസിർ എന്നയാളെ കൂടി പ്രതി ചേർത്തു. കേസിലെ മൂന്നാം പ്രതിപട്ടികയിലാണ് ഇയാളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ മലപ്പുറത്തുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തി.