ഇസ്രായേൽ നഗരത്തിലേക്ക് റോക്കറ്റ് ആക്രമണവുമായി ഹമാസ്; ഇസ്രായേല്‍ ആയുധം കൊണ്ടുപോകുന്ന തുറമുഖം സ്തംഭിപ്പിച്ച് ഇറ്റലിയിലെ പോര്‍ട്ട് തൊഴിലാളികള്‍

ഗാസ സിറ്റിയിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുമ്പോളും, ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തു വിടുകയാണ് ഹമാസ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പോലും ഒരു ദയയുമില്ലാതെ ആക്രമണം അഴിച്ചുവിടുന്ന ഇസ്രായേലിന് അങ്ങനെ ചെറിയ തോതിലെങ്കിലും ഒരു തിരിച്ചടി നൽകിയിരിക്കുകയാണ് ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ഗസ്സയിൽ നിന്ന് ഇസ്രായേലിലെ നഹൽ ഓസിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടതായി ഇസ്രായേൽ സേനയും അറിയിച്ചിട്ടുണ്ട്.
നഹൽ ഓസിലെ കമ്യൂണിറ്റിയെ ലക്ഷ്യമാക്കി ഗസ്സയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് തകർക്കാൻ ഇന്റർസെപ്റ്റർ മിസൈൽ വിക്ഷേപിച്ചതായും, അതിന്റെ റിസൾട്ട് അറിഞ്ഞിട്ടില്ലെന്നും ഐ.ഡി.എഫ് ഒരു പ്രസ്താവനയിൽ പറഞ്ഞു. കമ്മ്യൂണിറ്റിക്ക് സമീപമുള്ള പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങിയതായും അവർ അറിയിച്ചു.
ഗസ്സയിൽ കൂട്ടക്കുരുതി നടത്താൻ എത്തിയ അധിനിവേശ സൈനികർക്ക് നേരെ ഹമാസ് നടത്തിയ വെടിവെപ്പിൽ ഒരു ഇസ്രായേൽ സൈനികന് പരിക്കേറ്റു. ഇന്നലെ രാവിലെ വടക്കൻ ഗസ്സയിൽ നടന്ന പോരാട്ടത്തിനിടെയാണ് വെടിയേറ്റതെന്ന് ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതിനിടെ, ഗസ്സയിൽ 24 മണിക്കൂറിനിടെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 61 ഫലസ്തീനികളെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. 220 പേർക്ക് പരിക്കേറ്റു. ഇതോടെ ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 65,344 ആയി.
ഗസ്സ സിറ്റിയിൽ സ്കൂളിൽ പ്രവർത്തിച്ചിരുന്ന അഭയാർഥി ക്യാമ്പ് ഉൾപ്പെടെ ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം ഭീഷണി മുഴക്കി. ഗസ്സ സിറ്റിയിൽനിന്നും വടക്കൻ ഗസ്സയിൽനിന്നും ആളുകൾ ഇപ്പോളും കൂട്ടപ്പലായനം തുടരുകയാണ്. ഹമാസിന്റെ നേവൽ പൊലീസ് ഉപമേധാവി ഇയാദ് അബൂ യൂസുവിനെ കൊലപ്പെടുത്തിയതായും ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നു.
ലോകമെങ്ങും ഇപ്പോൾ ഫലസ്തീന് വേണ്ടി മുറവിളി ഉയരുകയാണ്. ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയ രാജ്യങ്ങളിലും അല്ലാത്ത രാജ്യങ്ങളിലും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഇറ്റലിയിൽ ഗസ്സ ഐക്യദാർഢ്യ പ്രകടനം നടന്നത് റെയിൽവേ ഉൾപ്പെടെ പൊതുഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടാണ്. ഇറ്റലിയിലെ 80 നഗരങ്ങളിൽ കൂറ്റൻ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടന്നു. ജർമനിയിലും ജപ്പാനിലും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേൽ ക്രൂരതക്ക് എതിരായും പ്രകടനങ്ങൾ നടന്നു.
ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇറ്റലിയിലെ തൊഴിലാളി യൂണിയനുകൾ 24 മണിക്കൂർ പണിമുടക്ക് നടത്തി. മിലൻ മുതൽ പലേർമോ വരെ ഇറ്റലിയിലെ 75 മുനിസിപ്പാലിറ്റികളിൽ പ്രതിഷേധം നടന്നു. ജെനോവയിലും ലിവോർണോയിലും തുറമുഖ തൊഴിലാളികളാണ് തുറമുഖങ്ങൾ സ്തംഭിപ്പിച്ചത്. ഇറ്റലി ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
മിലനിൽ അമ്പതിനായിരം ആളുകളും ബൊലോഗ്നയിൽ പതിനായിരത്തിൽ അധികം ആളുകളും പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. മിലനിൽ കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാർ സ്റ്റേഷന്റെ പ്രധാന കവാടം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായി. പ്രതിഷേധക്കാർ സ്മോക്ക് ബോംബുകളും കുപ്പികളും കല്ലുകളും എറിഞ്ഞപ്പോൾ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രധാന റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് നീക്കം ചെയ്തു. ഈ പ്രതിഷേധങ്ങളിൽ 10-ൽ അധികം ആളുകളെ അറസ്റ്റ് ചെയ്തു. 60 പോലീസുകാർക്ക് പരിക്കേറ്റു എന്ന് ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്തു.
കൂടുതൽ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന്റെ സഖ്യരാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യയിലെയും യൂറോപ്പിലെ ചില കിഴക്കൻമേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും ഈ വഴിയിലേക്ക് എത്തുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയും കൂട്ടക്കൊലയുമാണ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇസ്രായേലിനെതിരെ ജനവികാരം ഉയർത്തിയതും ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകാൻ രാഷ്ട്രനേതാക്കളെ പ്രേരിപ്പിച്ചതും.