ഇനിയും ഇറാൻറെ നേർക്ക് വന്നാൽ ”ഓപ്പറേഷൻ ട്രൂ പ്രോമിസ് 4” മറുപടി നൽകും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ്

ഇറാനെ ഇസ്രായേല്‍ ആക്രമിച്ചാല്‍ ശ്രമിച്ചാൽ ഓപ്പറേഷന് ട്രൂ പ്രോമിസ് – 4 മറുപടി നല്‍കുമെന്നാണ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ് പറയുന്നത്. ജൂണിലെ ആക്രമണത്തില്‍ ഇറാന്റെ 50 ശതമാനം മിസൈല്‍ ശേഷി നശിപ്പിച്ചെന്ന ഇസ്രായേലിന്റെ പ്രചാരണം ശുദ്ധനുണയാണെന്നും ഗാലിബാഫ് പറഞ്ഞു. ഡിഫൻസ് വീക്കിന്റെ ഭാഗമായി അഫ്താബ് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലബ്നാനിലെ പേജര്‍ ആക്രമണം പോലെ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രായേൽ ശ്രമിക്കുന്നുണ്ടായിരുന്നു. അധിനിവേശ ഫലസ്തീനിലെ ബീര്‍ അല്‍ സബെ പ്രദേശത്തെ ഞങ്ങളുടെ മിസൈല്‍ ആക്രമണം ആ പദ്ധതി തകര്‍ത്തു. പദ്ധതി ആസൂത്രണം ചെയ്തിരുന്ന ബീര്‍ അല്‍ സബെയിലെ സൈനിക സാങ്കേതിക കേന്ദ്രം തകര്‍ന്ന് മണ്ണടിഞ്ഞു.
ഇസ്രായേലി ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ ഓപ്പറേഷന് ട്രൂ പ്രോമിസ്-3 ഇറാന്റെ മിസൈലുകളുടെ ശേഷിയും കൃത്യതയും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ അവര്‍ക്ക് എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ ട്രൂപ്രോമിസ്-4 ആയിരിക്കും മറുപടി. ഇസ്രായേലി ആക്രമണത്തില്‍ ലബ്നാനിലെ ഹിസ്ബുല്ല തകര്‍ന്നെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസപരമായും ധാര്മികപരമായും കഴിവുപരമായും ഹിസ്ബുല്ല അതി ശക്തരാണ്. നിരന്തര ആക്രമണങ്ങളും പേജര്‍ ആക്രമണവും കൊലപാതകങ്ങളും അവരുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ തെഹ്റാനില്‍ വ്യോമാക്രമണം നടത്തി കൊലപ്പെടുത്തിയപ്പോഴാണ് ഇറാന് ഓപ്പറേഷന് ട്രൂ പ്രോമിസ്-2 നടത്തിയത്. 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലില്‍ എത്തിയത്.
സിറിയന്‍ തലസ്ഥാനമായ ദമസ്കസിലെ എംബസി ഇസ്രായേല്‍ ആക്രമിച്ചപ്പോഴായിരുന്നു ഓപ്പറേഷന് ട്രൂ പ്രോമിസ്-1 നടത്തിയത്. 120 ബാലിസ്റ്റിക് മിസൈലുകളും 30 ക്രൂയിസ് മിസൈലുകളും 170 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഗോലാന്‍ കുന്നുകളിലെ ഇസ്രായേലി അധിനിവേശ പ്രദേശങ്ങളെ ആക്രമിച്ചത്.
അതിനിടെ ആണവോർജ പ്രവർത്തനങ്ങളിൽ പിന്നോട്ടില്ലെന്ന സൂചന തന്നെയാണ് ഇറാൻ നൽകുന്നത്. റഷ്യയുമായി സഹകരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചാണ് ഇറാൻ ഇത് വ്യക്തമാക്കുന്നത്.
എട്ട് ആണവ നിലയങ്ങള്‍ നിർമ്മിക്കാനുള്ള പദ്ധതി ഉള്‍പ്പെടെ 2040 ഓടെ 20 ജിഗാവാട്ട് ആണവോർജ്ജ ശേഷി ഇറാൻ കൈവരിക്കും. അതിനായി റഷ്യയുമായി ഉഭയകക്ഷി സഹകരണ കരാറുകളില്‍ ഒപ്പുവെക്കും. കരാർ ചർച്ചകള്‍ നടന്നു കഴിഞ്ഞു, ഇനി ഒപ്പ് വെയ്ക്കല്‍ കൂടി കഴിഞ്ഞാല്‍ ഞങ്ങള്‍ പ്രവർത്തന ഘട്ടങ്ങളിലേക്ക് കടക്കും’ എന്നാണ് ഇറാന്റെ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് എസ്ലാമി പറയുന്നത്.
റഷ്യൻ സന്ദർശന വേളയിലായിരുന്നു എസ്ലാമി പുതിയ സഹകരണത്തിൻ്റെ സൂചന നല്‍കിയത്.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന് വീണ്ടും ഉപരോധം ഏർപ്പെടുത്തണോ വേണ്ടയോ എന്ന് ഐക്യ രാഷ്ട്രസഭ പരിഗണിക്കുന്നതിനിടെയാണ് ഈ നീക്കം. ഇറാനെതിരായ ഉപരോധങ്ങള്‍ എന്നെന്നേക്കുമായി പിൻവലിക്കാനുള്ള കരട് പ്രമേയം 15 അംഗ യുഎൻ സുരക്ഷാ കൗണ്‍സില്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആണവപദ്ധതികളില്‍ റഷ്യയോട് സഹകരിക്കാനുള്ള ഇറാനിയൻ നീക്കം എന്നതാണ് ശ്രദ്ധേയം.
സമീപ വർഷങ്ങളില്‍ ഇറാനും റഷ്യയും തമ്മിലുള്ള രാഷ്ട്രീയ, സൈനിക, സാമ്ബത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. ആണവപദ്ധതികളുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കുന്നതോടെ നിലവിലെ ബന്ധം ദൃഢമാകുമെന്നും, പുതിയ പദ്ധതികള്‍ ഉണ്ടാകുമെന്നുമാണ് ഇറാന്റെ വൈസ് പ്രസിഡണ്ട് കൂടിയായ എസ്ലാമി പറയുന്നത്.
ഇപ്പോൾ ഇറാനിൽ ഒരു ഗിഗാവാട്ട് ശേഷിയുള്ള ആണവ നിലയം മാത്രമേ ഉള്ളൂ. ഇറാനിലെ ബുഷെഹറില്‍ ഉള്ള ഈ ആണവനിലയം നിർമ്മിച്ചതും റഷ്യയാണ്. എല്ലാ ഉപരോധത്തെയും ഇറാൻ മറികടക്കുമെന്നും ആണവ ശേഷി വർധിപ്പിക്കാൻ ശ്രമിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ റഷ്യയുമായി ആണവപദ്ധതികളില്‍ സഹകരിക്കാനുള്ള ഇറാൻ്റെ നീക്കത്തിന് വലിയ പ്രാധാന്യമുണ്ട്.
സമാധാനപരമായ ആണവോർജത്തിനുള്ള ഇറാൻ്റെ അവകാശത്തെ പിന്തുണച്ചുകൊണ്ട് റഷ്യയും നേരത്തെ സംസാരിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ നടപടികള്‍ പ്രകോപനപരവും നിയമവിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.
ആയുധശേഷിയുമായി ബന്ധപ്പെട്ട് പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെയാണ് റഷ്യയുമായി സഹകരിക്കാനുള്ള നീക്കം എന്നതും ശ്രദ്ധേയമാണ്. ആഗോള ശക്തികള്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നും നേരത്തെ ഇറാന്റെ സായുധ സേനാ മേധാവി മേജർ ജനറല്‍ അബ്ദുള്‍റഹിം മൗസവ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടാണ് ഇറാൻ്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.