പാകിസ്ഥാൻ പ്രധാനമന്ത്രിയെ പൊളിച്ചടുക്കി ഇന്ത്യയുടെ പെൺപുലി പെറ്റൽ ഗഹ്ലോട്ട്; യു എൻ പൊതുസഭയിൽ നാണംകെട്ട് പാകിസ്ഥാൻ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ പ്രസംഗത്തിന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. പാകിസ്ഥാൻ്റേത് അസംബന്ധമായ നാടകവും ഭീകരതയെ മഹത്വവൽക്കരിക്കലും ആണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട് മറുപടി നൽകി.
“ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി വിചിത്രമായ വിവരണം മുന്നോട്ടുവച്ചു. ഈ വിഷയത്തിൽ രേഖകൾ വ്യക്തമാണ്.
മെയ് ഒൻപത് വരെ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ മെയ് 10ന്, യുദ്ധം അവസാനിപ്പിക്കാൻ അവരുടെ സൈന്യം ഞങ്ങളോട് നേരിട്ട് അഭ്യർഥിച്ചു. ഇന്ത്യൻ സൈന്യം നിരവധി പാകിസ്ഥാൻ വ്യോമതാവളങ്ങൾ നശിപ്പിച്ചു. വ്യോമതാവളങ്ങൾ ഇല്ലാതാക്കിയ ചിത്രങ്ങൾ തീർച്ചയായും പൊതുജനങ്ങൾക്ക് കാണാൻ കഴിയും.
പാകിസ്ഥാൻ പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ, തകർന്ന റൺവേകളും കത്തിനശിച്ച ഹാംഗറുകളും വിജയം പോലെ തോന്നുന്നുവെങ്കിൽ, പാകിസ്ഥാൻ അത് ആസ്വദിക്കുന്നത് സ്വാഗതം ചെയ്യുന്നു” എന്നാണ് പെറ്റൽ ഗഹ്ലോട്ട് പറഞ്ഞത്.
സെപ്റ്റംബർ 26 ന് നടന്ന യുഎൻ പൊതുസഭയുടെ 80-ാമത് സെഷനിൽ സംസാരിച്ച പാക് പ്രധാനമന്ത്രി ഷെരീഫ്, ഈ വർഷം ആദ്യം ഇന്ത്യയുടെ പ്രകോപനമില്ലാത്ത ആക്രമണം, തന്റെ രാജ്യം സധൈര്യം നേരിട്ടതായി പറഞ്ഞിരുന്നു. പാകിസ്ഥാൻ സായുധ സേന അതിശയിപ്പിക്കുന്ന പ്രൊഫഷണലിസം, ധൈര്യം, ചാതുര്യം എന്നിവയാൽ ആക്രമണത്തെ ചെറുത്തുവെന്നും നിരവധി ഇന്ത്യൻ വിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായി, പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഭീകര സംഘടന ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും ഒസാമ ബിൻ ലാദന് അഭയം നൽകിയതും പെറ്റൽ ഗഹ്ലോട്ട് എടുത്ത് പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ ഈ നാടകത്തിനും നുണകൾക്കും സത്യം മറച്ചുവയ്ക്കാൻ സാധിക്കില്ലെന്ന് ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.
‘ഒരു തരത്തിലുമുള്ള നാടകീയതയ്ക്കും ഒരു തരത്തിലുമുള്ള നുണകൾക്കും വസ്തുതകൾ മറച്ചുവെക്കാൻ കഴിയില്ല. 2025 ഏപ്രിൽ 25ന് യുഎൻ സുരക്ഷാ കൗൺസിലിൽ, പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷിച്ച അതേ പാകിസ്ഥാനാണ് ഇവർ’ എന്നും ഗഹ്ലോട്ട് പറഞ്ഞു.
ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക-സിവിലിയന്‍ ഉദ്യോഗസ്ഥര്‍ മഹത്വവത്കരിക്കുകയും, അവരുടെ മരണത്തിൽ ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തത് ഈ ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കിത്തരുന്നതാണ് എന്നും പെറ്റൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് പാക് മന്ത്രിമാര്‍ തന്നെ മുന്‍പ് സമ്മതിച്ച കാര്യവും ഗഹ്ലോത്ത് ഓര്‍മിപ്പിച്ചു.
ഭീകരതയെ വിന്യസിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും വളരെക്കാലമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യമാണ് പാകിസ്ഥാൻ. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്ന് നടിക്കുമ്പോഴും, ഒരു ദശാബ്ദക്കാലം ഒസാമ ബിൻ ലാദന് അഭയം നൽകിയിരുന്ന രാജ്യമാണ് പാകിസ്ഥാൻ. തീവ്രവാദികൾക്ക് എതിരെ പ്രവർത്തിക്കാൻ എന്ന പേരിൽ അമേരിക്കയുടെ കയ്യിൽ നിന്നും ഫണ്ട് മേടിച്ചിട്ട്, അതെ പണം കൊണ്ട് തീവ്രവാദികളെ തെറ്റിപ്പോറ്റുന്ന രാജ്യമാണ് പാകിസ്ഥാൻ.
ഈ ഇരട്ടത്താപ്പ് പാകിസ്താനിലെ സാധാരണക്കാർ മുതൽ രജ്യത്തിന്റെ പ്രധാനമന്ത്രി വരെ കൊണ്ട് നടക്കുകയാണ് എന്നും പെറ്റൽ ഗഹ്ലോട്ട് കൂട്ടിച്ചേർത്തു.
യു എന്നിലെ തന്റെ പ്രസംഗത്തിന്റെ ഏറ്റവും ഒടുവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ സാധ്യമാക്കിയതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നന്ദിയും പറഞ്ഞു. ട്രംപിന്റെ അവകാശവാദങ്ങൾ അദ്ദേഹവും ആവർത്തിച്ചു.
എന്നാൽ ഇത്തരമൊരു സംഭവത്തെ ഇന്ത്യ പൂർണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ ഏതൊരു പ്രശ്നവും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് വളരെക്കാലമായി സമ്മതിച്ചിട്ടുണ്ടെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ വ്യക്തമായി പറഞ്ഞു ഈ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടലിന് ഇടമില്ല. ഇതാണ് ഞങ്ങളുടെ ദീര്‍ഘകാല ദേശീയ നിലപാട്. അപ്പോൾ പിന്നെ ട്രംപ് പറയുന്നത് എങ്ങനെ ശരിയാകുമെന്നും ഇന്ത്യൻ പ്രതിനിധി ചോദിച്ചു.
യു എൻ സുരക്ഷാ സമിതിയിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി നടത്തിയ പ്രസംഗവും അപഹാസ്യമായി മാറി. പ്രസംഗത്തിൽ ഉടനീളം പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ ഖ്വാജ ആസിഫിന് നിരവധി തവണ നാക്കുപിഴ സംഭവിക്കുകയും ചെയ്തു. ഏഴോ എട്ടോ തവണ അദ്ദേഹം തെറ്റായ വാക്കുകളാണ് പറഞ്ഞത്.
സൈബറിടങ്ങളിൽ അതിന്റെ വിഡിയോ പ്രചരിച്ചതോടെ ഖ്വാജാ ആസിഫിനെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂർ പാക് പ്രതിരോധമന്ത്രിയെ പിടിച്ചു കുലുക്കിക്കളഞ്ഞു, അദ്ദേഹത്തിൻറെ മാനസികനില താറുമാറായി എന്നൊക്കെയാണ് കമന്റുകൾ.