നെറ്റില്ല, ഫോണ്‍ സര്‍വീസില്ല, വിമാനമില്ല, ടിവി ചാനലില്ല; അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്

അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന് നടപടി. രാജ്യവ്യാപകമായി മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ തകരാറിലായി. കാബൂളില്‍ നിന്നുള്ള വിമാനസര്‍വീസുകളും തകരാറിലായി. ജനങ്ങള്‍ക്ക് പുറംലോകവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു.
കാബൂളിലെ തങ്ങളുടെ ബ്യൂറോ ഓഫിസുകളുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കില്ലെന്ന് താലിബാന് പ്രതിനിധി പറഞ്ഞതായി ബിബിസി അറിയിച്ചു.
ചൊവ്വാഴ്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യേണ്ടിരുന്ന എട്ട് വിമാനങ്ങളെങ്കിലും റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് നെറ്റ്വര്ക്കായ ഫ്ലൈറ്റ്റാഡാര്‍24 പറയുന്നു.
ഇന്നലെ തന്നെ ബാങ്കിംഗ് സേവനങ്ങളിലും ടെലിഫോണ്‍ സേവനങ്ങളിലും തടസങ്ങള്‍ നേരിട്ടുതുടങ്ങിയതായി കാബൂളിലെ ജനങ്ങള്‍ പറയുന്നു. പല പ്രദേശങ്ങളിലും ആഴ്ചകളായി ഇന്റര്‍നെറ്റ് വളരെ വേഗത കുറഞ്ഞാണ് ലഭിച്ചുവന്നിരുന്നത്. മനുഷ്യാവകാശങ്ങളും ലൈംഗിക പീഡനത്തിനെതിരായ നിയമങ്ങളും പഠിപ്പിക്കുന്നത് നിയമവിരുദ്ധമാക്കിയ ഉത്തരവിന്റെ ഭാഗമായി ഈ മാസം ആദ്യം അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളിലെ സിലബസില്‍ നിന്ന് സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ താലിബാന് നീക്കം ചെയ്തിരുന്നു. ഈ നടപടി ലോകമാകെ ചര്‍ച്ചയായതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന നടപടി ഉണ്ടായത്.