സിഎംആര്‍എല്‍-എക്സാലോജിക് ; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി മാത്യു കുഴല്നാടന്

സിഎംആര്‍എല്‍-എക്സാലോജിക് വീണ്ടും കുത്തിപ്പൊക്കാൻ മാത്യു കുഴല്നാടന് എംഎല്‍എ. കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി മാത്യു കുഴല്നാടന് എംഎല്‍എ. അന്വേഷണ ആവശ്യം തളളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. മാത്യു കുഴല്‍നാടന്റെ അപ്പീല്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. സിഎംആര്‍എല്‍-എക്സാലോജിക് കരാറിൽ അഴിമതിയുണ്ടെന്ന മാത്യൂ കുഴല്നാടൻ എംഎൽഎയുടെ വാദങ്ങള്‍ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.
മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. സിഎംആർഎൽ-എക്സാലോജിക് കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് സാധിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്തെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്നാടന് എംഎല്‍എ നല്കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.