ഇസ്രായേൽ നടുങ്ങിയ ആ വെളുപ്പാൻ കാലത്തിന് ഇന്ന് രണ്ടാണ്ട് തികയുന്നു; അയൺ ഡോമിനെ ലോകത്തിന്റെ മുന്നിൽ പരിഹാസ്യമാക്കിയ ഹമാസ് ആക്രമണം

രണ്ടു വർഷങ്ങൾ മുന്നേയുള്ള ഒക്ടോബർ 7, സമയം രാവിലെ 6:30. ഇസ്രയേലിന് ഒരിക്കലും മറക്കാനാകാത്ത ഭീകരമായ ഒരു പുലർകാലം എന്ന് തന്നെ പറയാം. 20 മിനിറ്റ് കൊണ്ട് തലസ്ഥാനമായ ടെൽ അവീവിലേക്ക് പാഞ്ഞെത്തിയത് ഹമാസിന്റെ 5,000 റോക്കറ്റുകളായിരുന്നു.
ഇത്രയധികം റോക്കറ്റുകള്‍ ഒരുമിച്ച് ഇസ്രായേലിന്റെ ആകാശത്തേക്ക് എത്തിയതോടെ അവരുടെ വജ്രായുധം എന്നറിയപ്പെടുന്ന അയണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനം പോലും സ്തംഭിച്ചു പോയി. ആ സമയത്ത് മരണത്തെ വെല്ലുവിളിച്ച് കൊണ്ട്, ‘ഓപ്പറേഷൻ അല്‍ അഖ്സ ഫ്ലഡ്” എന്ന പേരില്‍ കര, വ്യോമ, കടല്‍ മാർഗ്ഗം ഇസ്രയേലിലേക്ക് ഹമാസ് അംഗങ്ങള്‍ നുഴഞ്ഞുകയറി.
ഈസ്റ്റ് ജെറുസലേമിലെ അല്‍ അഖ്സ പള്ളിയിലേത് അടക്കം വർഷങ്ങളായുള്ള ഇസ്രയേല്‍-പാലസ്തീൻ സംഘർഷമായിരുന്നു ഈ ആക്രമണത്തിന് കാരണം. 38 കുട്ടികള്‍ അടക്കം ആയിരത്തിലേറെ ഇസ്രയേലികളെ ഹമാസ് വധിച്ചു. 251 പേരെ ബന്ദികളാക്കി.
അതിന് ശേഷം ഇസ്രയേല്‍ തുടങ്ങിയ തിരിച്ചടിയാണ് ഈ രണ്ടാം വാര്‍ഷികത്തിലും ഒരു ഘോരയുദ്ധമായി തുടർന്ന് കൊണ്ടിരിക്കുന്നത്.
അന്ന് ആകാശത്ത് നിന്നും തീ മഴ പെയ്യുന്ന പോലെയാണ് ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചത്. പാർക്കിലും റോഡിലും മൈതാത്തുമെല്ലാം തെരുവോരങ്ങളിലുമെല്ലാം മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറി. ആക്രമണത്തില്‍ നെഗെവ് മരുഭൂമി ശ്മശാന ഭൂമിയായി മാറി. 378 മൃതദേഹങ്ങളാണ് ഇവിടെ കണ്ടെത്തിയത്.
അതിൽ കൂടുതലും യുവാക്കളായിരുന്നു. ഇവിടെ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയിലേക്ക് ഇരച്ചുകയറിയ ഹമാസ് അംഗങ്ങള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തി. രക്ഷപെടാൻ ശ്രമിച്ച സ്ത്രീകളടക്കം 44 പേരെ ബൈക്കുകളിലും മറ്റുമായി ഹമാസ് ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയി.
ഹമാസ് തടവിലാക്കിയ പ്രായം കുറഞ്ഞ ബന്ദിയായിരുന്നു ഒമ്ബത് മാസം പ്രായമുള്ള ക്ഫിർ ബിബാസ്. നാലുവയസുള്ള സഹോദരൻ ഏരിയലിനേയും മാതാപിതാക്കളായ യാർഡനേയും ഷിരിയേയും ഹമാസ് ബന്ദികളാക്കി. ക്ഫിറും സഹോദരനും അമ്മയും ഹമാസിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടു. യാർഡനെ ഫെബ്രുവരിയില്‍ വെടിനിറുത്തലിനിടെ മോചിപ്പിച്ചിരുന്നു.
ഹമാസിന്റെ തോക്കിൻ മുനയില്‍ ഭയന്നു നില്ക്കുന്ന ബന്ദികളുടെ ദൃശ്യം ലോകത്തെ ഞെട്ടിച്ചു. പട്ടിണി മൂലം തിരിച്ചറിയാൻ കഴിയാത്ത വിധം ശരീരം മെലിഞ്ഞ നിലയിലുള്ള ബന്ദിയുടെ വീഡിയോ ആഗസ്റ്റില്‍ ഹമാസ് പുറത്തുവിട്ടിരുന്നു.
ഇനിയും അമ്പതോളം ബന്ദികൾ ഹമാസിന്റെ തടവിൽ ഉണ്ടെന്നാണ് ഇസ്രായേൽ കണക്ക് കൂട്ടുന്നത്. എന്നാൽ അതിൽ 20 പേര് മാത്രമേ ജീവനോടെ ഉള്ളൂവെന്നും പറയുന്നുണ്ട്.
ലോകത്തെ ഏറ്റവും സൂപ്പര്‍ പവര്‍ എന്ന് അവകാശപ്പെട്ടിരുന്ന ഇസ്റാഈലിന്, നേരിടേണ്ടി വന്ന ഏറ്റവും കനത്ത അപമാനവും തിരിച്ചടിയുമായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ഹമാസില്‍നിന്ന് ഉണ്ടായത്.
പൊതുവേ ഹമാസിന് കടന്നു ചെല്ലാൻ കഴിയാത്ത ജറൂസലം, റാമല്ല പോലുള്ള നഗരങ്ങളിലും തങ്ങളുടെ ഭടന്മാരെ എത്തിക്കാനായത് അവരുടെ ആസൂത്രണമികവായാണ് കരുതുന്നത്. ഈ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ പ്രതികാരത്തിന്റെ അവസാന ഘട്ടമാണ് നമ്മളിപ്പോൾ ഗാസയിൽ കാണുന്നത്.
തിരിച്ചടി നടത്തുന്നതിനിടെ ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഇടയ്ക്കിടെ ഹമാസില്‍നിന്ന് തിരിച്ചടിയും കിട്ടിയിരുന്നു. ബന്ദി മോചനം വൈകുന്നതിനനുസരിച്ച് ബെഞ്ചമിന്‍ നെതന്യൂഹു ഭരണകൂടം സ്വന്തംരാജ്യത്ത് കടുത്ത സമ്മര്‍ദ്ദത്തിലുമായി. ഇതിനൊടുവിലാണ് ഇസ്റാഈലിന് കരാര്‍ അംഗീകരിക്കേണ്ടി വന്നത്.
രണ്ടുവർഷത്തെ ആക്രണത്തിന് ശേഷവും ഹമാസിനെ തീർത്തും ഇല്ലാതാക്കാൻ സാധിക്കാതെ വന്നപ്പോൾ, ചില സായുധ ഗ്രൂപ്പുകളെ ഇസ്രായേൽ ഗാസക്കുള്ളിൽ തന്നെ വളർത്തിയതായും പറയുന്നുണ്ട്. കരാറിന്റെ ഭാഗമായി ഹമാസ് മുഖ്യധാരയിൽ നിന്ന് പിന്മാറുകയും, ഒരു രാജ്യാന്തര സംവിധാനം ഭരണത്തിലേക്ക് വരികയും ചെയ്യുമ്പോൾ തങ്ങളുടെ സ്വാധീനമുറപ്പിക്കാൻ വേണ്ടിയാണ് ഇസ്രായേലിന്റെ ഈ നീക്കമെന്നും സംശയിക്കുന്നു. ഏതാണ്ട് 3000 ത്തോളം പേർ ഈ സംഘത്തിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അതായത് യുദ്ധാനന്തരം ഗസ്സയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഇസ്രായേൽ പയറ്റുന്നത്.