‘മൈ ഫ്രണ്ട് ട്രംപിനെ വിളിച്ചു, ഗാസ സമാധാന പദ്ധതിയിൽ അഭിനന്ദിച്ചു’; പ്രധാനമന്ത്രി

ഗാസയിലെ സമാധാന പദ്ധതിയിലെ വിജയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി ഫോണിൽ സംസാരിച്ചതായി മോദി എക്സിൽ കുറിച്ചു. ട്രംപിനെ മൈ ഫ്രണ്ട് എന്നു വിശേഷിപ്പിച്ചാണ് മോദിയുടെ കുറിപ്പ്. ഗാസയിൽ താൻ മുന്നോട്ടു വച്ച സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മോദി അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്.
ട്രംപുമായി വ്യാപാര ചർച്ചകളിലെ പുരോഗതി സംബന്ധിച്ചു സംസാരിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. താരിഫുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിൽ കൂടിയാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം.
‘മൈ ഫ്രണ്ട് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു. ചരിത്ര പ്രസിദ്ധമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു. വ്യാപാര ചർച്ചകളിൽ കൈവരിച്ച പുരോഗതിയും അവലോകനം ചെയ്തു. അടുത്ത ബന്ധം തുടരാനും ധാരണയിലെത്തി’- പ്രധാനമന്ത്രി കുറിച്ചു.