1,700-ലധികം ജീവനുകളെടുത്ത കാമറൂണിലെ ‘കൊലയാളി തടാകം’ – നയോസ് ദുരന്ത ഓർമ്മയ്ക്ക് 39 വർഷങ്ങൾ.

ലോകമെങ്ങുമുള്ള ശാസ്ത്ര സമൂഹത്തെയും മനുഷ്യ മനസ്സുകളെയും ഒരുപോലെ ഞെട്ടിച്ച ഒരു പ്രകൃതി ദുരന്തത്തിന്റെ ഓർമ്മകളെ കുറിച്ചാണ് ഇന്ന് പറയുന്നത്… മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ നയോസ് തടാകത്തിൽ 1986 ഓഗസ്റ്റ് 21-ന് സംഭവിച്ച ദുരന്തം, ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതിവാതക ചോർച്ചകളിൽ ഒന്നാണ്. ഒരൊറ്റ രാത്രി കൊണ്ട് 1,746-ൽ അധികം മനുഷ്യ ജീവനുകളെയും ആയിരക്കണക്കിന് കന്നുകാലികളെയും കവർന്നെടുത്ത ആ ‘കൊലയാളി തടാക’ ദുരന്ത…
അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായി രൂപപ്പെട്ട ഒരു വലിയ ഗർത്തത്തിലാണ് നിയോസ് തടാകത്തിന്റെ സ്ഥാനം. ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് ഈ തടാകം രൂപമകൊണ്ടത്. തടാകത്തിലെ ഫലഭൂയിഷ്ഠമായ അഗ്നിപർവ്വത മണ്ണ് കൃഷിക്കായി ഉപയോഗിച്ചിരുന്നു. തടാകത്തിന് സമീപത്തായുള്ള ഗ്രാമവാസികളുടെ പ്രധാന ശുദ്ധജല സ്രോതസ്സുകളിൽ ഒന്നായിരുന്നു ഈ തടാകം. ഗ്രാമീണർ ഈ തടാകത്തെ പലപ്പോഴും തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായാണ് കണ്ടിരുന്നത്. എന്നാൽ തടാകത്തിന്റെ അടിത്തട്ടിൽ പതിയിരുന്ന ദുരന്തത്തെ കുറിച്ച് അവർ ആരും തന്നെ അറിഞ്ഞിരുന്നില്ല.
1986 ഓഗസ്റ്റ് 21 വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കാമറൂണിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ അഗ്നിപർവ്വത ഗർത്തത്തിൽ രൂപപ്പെട്ട നയോസ് തടാകത്തിൽ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്..തടാകത്തിന്റെ അടിത്തട്ടിൽ വർഷങ്ങളായി ലയിച്ചു ചേർന്ന നിലയിലുണ്ടായിരുന്ന വൻതോതിലുള്ള കാർബൺ ഡൈ ഓക്സൈഡ് വാതകം പെട്ടെന്ന് പുറത്തേക്ക് വമിച്ചു. ഇതൊരു അപൂർവ്വ പ്രതിഭാസമാണ്, ഇത് ‘ലിംനിക് ഇറപ്ഷൻ’ അല്ലെങ്കിൽ ‘തടാക സ്ഫോടനം’ എന്നറിയപ്പെടുന്നു.
പുറത്തുവന്ന വാതകം (ഏകദേശം 1.6 ദശലക്ഷം ടൺ വരെ) വായുവിനേക്കാൾ ഭാരം കൂടിയതിനാൽ, അത് ഒരു അദൃശ്യമായ മേഘം പോലെ രൂപപ്പെട്ട്, താഴ്വരകളിലൂടെയും ഗ്രാമങ്ങളിലൂടെയും അതിവേഗം മണിക്കൂറിൽ 20-50 കി.മീ. വേഗതയിൽ) ഒഴുകി നീങ്ങി.
നയോസ്, കാം, ചഹ്, സുബും തുടങ്ങിയ ഗ്രാമങ്ങളിലെ ആളുകൾ ഉറക്കത്തിലോ മാറ്റ് കാര്യങ്ങളിലോ ആയിരിക്കുമ്പോൾ ഓക്സിജൻ നീക്കം ചെയ്യപ്പെട്ട ഈ കാർബൺ ഡൈ ഓക്സൈഡ് വാതക മേഘം ശ്വസിച്ച് ശ്വാസംമുട്ടി നിമിഷങ്ങൾക്കകം മരണപ്പെട്ടു. 25 കിലോമീറ്റർ ദൂരെയുള്ള പ്രദേശങ്ങളിൽ പോലും മരണം സംഭവിച്ചു.
തൊട്ടടുത്ത ദിവസം നേരം പുലർന്നപ്പോൾ കണ്ട കാഴ്ച അതിഭയാനകമായിരുന്നു. കിലോമീറ്ററോളം ചേതനയറ്റ ആയിരങ്ങളുടെ ശവശരീരങ്ങൾ..ഔദ്യോഗിക കണക്കുകൾ പ്രകാരം 1,746 മനുഷ്യരും, ഏകദേശം 3,500-ൽ അധികം കന്നുകാലികളും ഈ ദുരന്തത്തിൽ മരണപ്പെട്ടു. ജീവനോടെ അവശേഷിച്ചത് ഉയർന്ന പ്രദേശങ്ങളിൽ താമസിച്ച ചിലർ മാത്രമായിരുന്നു. ദുരന്തശേഷം, സാധാരണ നീലനിറമുണ്ടായിരുന്ന തടാകജലം അടിത്തട്ടിൽ നിന്ന് ഇരുമ്പിന്റെ അംശം മുകളിലേക്ക് വന്നതിനാൽ ചുവപ്പ് കലർന്ന തവിട്ടുനിറമായി മാറി.
ആഴത്തിലുള്ള തടാകജലത്തിൽ അലിഞ്ഞുചേർന്ന കാർബൺ ഡൈ ഓക്സൈഡ് അല്ലെങ്കിൽ മീഥേൻ വാതകം അന്തരീക്ഷത്തിലേക്ക് പൊട്ടിത്തെറിക്കുന്ന പ്രക്രിയയാണ് ലിംനിക് സ്ഫോനം. തടാകത്തിന്റെ ആഴത്തിലുള്ള വെള്ളപ്പാളികളിൽ, അഗ്നിപർവ്വത പ്രവർത്തനങ്ങൾ മൂലം പതിറ്റാണ്ടുകളോളം കാർബൺ ഡയോക്സൈഡ് വൻ സമ്മർദ്ദത്തിൽ അടിഞ്ഞു കൂടിയിരുന്നു. എന്നാൽ ഇന്നും എന്തുകൊണ്ടാണ് വൻതോതിൽ കാർബൺ ഡയോക്സൈഡ് തടാകത്തിൽ നിന്നും പുറംതള്ളപ്പെട്ടത് എന്ന് വ്യക്തമല്ല.
ഈ സ്ഫോടനത്തിന് കാരണമായത് എന്താണെന്നതിൽ കൃത്യമായ കണ്ടെത്തൽ ഉണ്ടായിട്ടില്ല. പ്രധാനമായും സംശയിക്കുന്നത്:
തടാകത്തിന്റെ തീരത്തുണ്ടായ മണ്ണിടിച്ചിൽ ആകാം .തടാകത്തിന്റെ അടിത്തട്ടിൽ സംഭവിച്ച ചെറിയ അഗ്നിപർവ്വത സ്ഫോടനം.
തണുത്ത മഴവെള്ളം തടാകജലത്തെ ഇളക്കി മറിച്ചത്…ഈ കാരണങ്ങളിൽ ഏതോ ഒന്ന്, അടിത്തട്ടിലെ CO2 വാതകം പുറത്തേക്ക് കുതിച്ചുയരാൻ കാരണമായി എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ഈ തടാകം ഇപ്പോൾ തീർത്തും നിശബ്ദമാണ്. നിലവിൽ തടാകത്തിനു ചുറ്റും നിരവധി മുകരുതലുകൾ സർക്കാർ എടുത്തിട്ടുണ്ട്. കാർബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ കൂടിയാൽ ജനങ്ങൾക്ക് നൽകാനുള്ള മുന്നറിയിപ്പുകൾ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.. ഇതുപോലുള്ള മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ സഹായത്തോടെ നയോസ് തടാകത്തിൽ ‘ഡിഗ്യാസിംഗ് ട്യൂബുകൾ’ സ്ഥാപിച്ചിട്ടുണ്ട്. ഈ ട്യൂബുകളിലൂടെ തടാകത്തിന്റെ അടിത്തട്ടിലെ വാതകം സുരക്ഷിതമായി മുകളിലേക്ക് പുറന്തള്ളി, തടാകത്തിലെ വാതക സാന്ദ്രത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതിദുരന്തങ്ങളിലൊന്നായി നയോസ് തടാക ദുരന്തം ഇന്നും നിലനിൽക്കുന്നു.നൂറ്റാണ്ടുകളുടെ പഴക്കമുള്ള തടാകം ഒരുകാലത്ത് ആകാശത്ത് നിന്ന് നോക്കിയാൽ ഇന്ദ്രനീലക്കല്ല് പോലെ തിളങ്ങിരിന്നു. എന്നാൽ 1986 ലെ ദുരിതത്തിന് ശേഷം തവിട്ട് നിറമാണ് തടാകത്തിന്.
ശാസ്ത്രവും സാങ്കേതികവിദ്യയും എത്രകണ്ട് വളർന്നു എന്ന് പറഞ്ഞാലും മനുഷ്യനെ കൊണ്ട് ഒരിക്കലും ചെറുത്തുനിൽക്കാൻ കഴിയാത്ത ഒന്നാണ് പ്രകൃതി ദുരന്തങ്ങൾ…നിസ്സഹായനായ നോക്കി നിൽക്കാൻ അല്ലാതെ നമ്മെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല അത് വെള്ളപ്പൊക്കമായാലും ഭൂകമ്പമായാലും മനുഷ്യനെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം. .