അമേരിക്ക രാജാവിൻറെതല്ലാ, അത് ജനങ്ങളുടേതാണ്; ട്രംപിനെതിരെ ലക്ഷങ്ങൾ പങ്കെടുക്കുന്ന ”നോ കിങ്സ്” റാലി ഒക്ടോബർ 18 ന്

അമേരിക്കയിൽ വീണ്ടുമൊരു സർക്കാർ വിരുദ്ധ പ്രതിഷേധത്തിനുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെയും സർക്കാരിൻ്റെ നയങ്ങൾക്കെതിരെയും പ്രതിഷേധിക്കാൻ ജനങ്ങൾ വീണ്ടും തെരുവുകളിൽ ഇറങ്ങുന്നു.
ഒക്ടോബർ 18ന് യുഎസ് നഗരങ്ങളിൽ പ്രതിഷേധക്കാർ ‘നോ കിങ്സ്’ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കും. ഡൊണാൾഡ് ട്രംപിൻ്റെ ജന്മദിനമായ ജൂൺ 14ന് നടന്ന നോ കിങ്സ് പ്രതിഷേധത്തിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ലേബർ ഡേയിലും അമേരിക്കൻ നഗരങ്ങൾ പ്രതിഷേധങ്ങൾക്ക് വേദിയായിരുന്നു.
അമേരിക്ക രാജാക്കന്മാരുടേതല്ല, മറിച്ച് ജനങ്ങളുടേതാണെന്ന് ഓർമിപ്പിക്കാൻ വേണ്ടിയാണ് സമാധാനപരമായി ഒത്തുചേരുന്നതെന്ന് നോ കിങ്സ് പ്രതിഷേധത്തിൻ്റെ സംഘാടകർ പറയുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ജനാധിപത്യത്തിന്റെ നേതാവെന്ന നിലയിലല്ല, ഒരു രാജാവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധത്തിന് നോ കിങ്സ് എന്ന പേര് നൽകിയത്.
“സിംഹാസനങ്ങളില്ല, കിരീടങ്ങളില്ല, രാജാക്കന്മാരില്ല, ഒക്ടോബർ 18ന്, നമ്മളിൽ ലക്ഷക്കണക്കിന് ആളുകൾ വീണ്ടും ഉയർത്തെഴുന്നേറ്റ് ലോകത്തോട് പറയുന്നു, അമേരിക്കയ്ക്ക് രാജാക്കന്മാരില്ല, അധികാരം ജനങ്ങൾക്കാണ്,”- ഇതാണ് നോ കിങ്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ പറയുന്നത്.
ഒക്ടോബർ 18 ശനിയാഴ്ച നോ കിങ്സ് ദിനമായി ആചരിക്കാനാണ് സംഘാടകരുടെ തീരുമാനം. ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ലക്ഷക്കണക്കിന് അമേരിക്കക്കാർ തെരുവിലിറങ്ങുമെന്നും 50 സംസ്ഥാനങ്ങളിലുടനീളം 2,500ലധികം റാലികളും മാർച്ചുകളും നടക്കുമെന്നും സംഘാടകർ അറിയിച്ചു. പ്രസിഡന്റ് ട്രംപിൻ്റെ നടപടികൾക്കും ഗവൺമെൻ്റ് ഷട്ട്ഡൗണിനുമെതിരായ രാജ്യവ്യാപകമായാ പ്രതിഷേധമാണ് ഇതെന്ന് സംഘാടകർ പറയുന്നു.
‘നോ കിങ്സ്’ എന്ന ആശയം 50 50 1 പ്രസ്ഥാനമാണ് ആസൂത്രണം ചെയ്തത്. അമേരിക്കൻ ജനാധിപത്യത്തെയും ട്രംപ് ഭരണകൂടത്തിന്റെ ഏകാധിപത്യ നടപടികൾക്കെതിരെയുള്ള നിലപാടിനെയും പിന്തുണയ്ക്കുന്ന ദേശീയ പ്രസ്ഥാനമാണ് 50 50 1.
എന്നാൽ ഈ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്തെത്തി. പ്രതിഷേധക്കാർ അമേരിക്കയെ വെറുക്കുന്നവരാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, ഹൗസ് മജോരിറ്റി നേതാവ് സ്റ്റീവ് സ്കാലിസ്, എന്നിവർ പ്രതിഷേധങ്ങളെ വിമർശിച്ചു.
പ്രതിഷേധം ഹമാസ് അനുകൂല വിഭാഗത്തിന്റെയും ആൻ്റിഫ ആളുകളുടെയും പ്രവൃത്തിയാണെന്ന് മൈക്ക് ജോൺസൺ ആരോപിച്ചു. പ്രതിഷേധത്തെ നേരിടാൻ ഭരണകൂടം സൈന്യത്തെ വിന്യസിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ചു ചില നേതാക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ചത്തെ റാലികൾ വിജയിപ്പിക്കാൻ വൻ തുക ചെലവഴിച്ചുള്ള പരസ്യ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മുൻകാല പ്രതിഷേധങ്ങളെ അപേക്ഷിച്ച് പ്രതിഷേധക്കാരുടെ രോഷം വളരെ കൂടുതലാണെന്നും, കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുമെന്നും സംഘാടകർ പറയുന്നു.
അമേരിക്കയിലെ ഗവൺമെൻ്റ് അടച്ച് പൂട്ടൽ മൂന്നാം ആഴ്ചയിലേക്ക് പ്രവേശിച്ചതിനിടെയാണ് നോ കിങ്സ് പ്രതിഷേധം നടക്കുന്നത്. ഷട്ട്ഡൗൺ ഇങ്ങനെ നീണ്ടുപോകുന്നതിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൻ്റെ ഉത്തരവാദിത്തം ട്രംപ് ഭരണകൂടത്തിനും ട്രമ്പിനും മാത്രമാണെന്നാണ് വിവിധ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.
എന്തായാലും അമേരിക്കയിലെ വലിയൊരു പ്രതിശേഷ പ്രകടനമാണ് ഒക്ടോബർ പതിനെട്ടിന് നടക്കാൻ പോകുന്നത്. ഡൊണാൾഡ് ട്രംപ് എന്ന ഭരണാധികാരിക്കെതിരെ സ്വന്തം രാജ്യത്താണ് ഏറ്റവും അധികം വിമർശനങ്ങൾ ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്.