ക്ലാസ്സിൽ വെച്ച് സൈബർ സെല്ലിനെ വിളിച്ചു, ജയിലിൽ പോകേണ്ടിവരുമെന്നും ഭീഷണി; 14 വയസ്സുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികക്ക് സസ്പെൻഷൻ

കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മകന് ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും രംഗത്തെത്തിയത്.
ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും, അതിന് ശേഷം മാത്രമെ ക്ലാസില്‍ കയറുകയുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കും.
‘അര്ജുന് നീതി കിട്ടണം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നടപടി. ക്രൂരമായാണ് അര്‍ജുനോട് പെരുമാറിയത്. അര്ജുന് മരിച്ചതല്ല, കൊന്നതാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കുട്ടിയുടെ ബന്ധു തല്ലിയതുകൊണ്ടാണ് ജീവനൊടുക്കിയതെന്ന് പൊലീസിനോട് പറയണമെന്ന് അധ്യാപിക വിദ്യാര്‍ത്ഥികളെ വിളിച്ചുപറഞ്ഞതായും പ്രതിഷേധക്കാർ പറയുന്നു.
അതേസമയം സ്കൂളിലെ പ്രധാനാധ്യാപിക ആരോപണങ്ങൾ എല്ലാം തള്ളിക്കളഞ്ഞു. ഈ കുട്ടി ജീവനൊടുക്കാനുള്ള സംഭവങ്ങളൊന്നും സ്കൂളില്‍ ഉണ്ടായിട്ടില്ലെന്നും, കുട്ടിയുടെ ടി സി വാങ്ങി സ്കൂള്‍ മാറ്റണമെന്ന് രക്ഷിതാവ് പറഞ്ഞത്, ആ കുട്ടിയെ മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നുവെന്നും പ്രധ്യാനാധ്യാപിക പറഞ്ഞു.
ഒരു ‘അധ്യാപികയുടെ ചുമതലമാത്രമാണ് നമ്മള് ചെയ്തത്. വീട്ടിൽ കതക് അടച്ച്, കുട്ടി പലപ്പോളും ഭീഷണിപ്പെടുത്താറുണ്ടെന്ന് മരണശേഷം വീട്ടിലെത്തിയ ഞങ്ങളോട് കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു. കുട്ടിയെ വിഷമത്തിലാണ് കാണാറുള്ളത്.
10 വയസ്സ് വ്യത്യാസത്തില്‍ മറ്റൊരു കുഞ്ഞ് ജനിച്ചതോടെ സ്നേഹം കുറഞ്ഞെന്ന പരിഭവും അര്‍ജുനുണ്ടായിരുന്നതായി വീട്ടുകാര്‍ സംശയിച്ചിരുന്നു. പാരന്റിംഗില്‍ പ്രശ്നമുള്ളതായി തോന്നുന്നുവെന്നും അര്‍ജുനും അമ്മയും കൗണ്‍സിലിങ്ങിന് ബുക്ക് ചെയ്തതായി പറഞ്ഞിരുന്നു എന്നും അധ്യാപിക പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് അര്‍ജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അര്ജുന് ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്കൂളില്‍ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക ഈ വിഷയത്തില്‍ ഇടപെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബവും ആരോപിച്ചിരുന്നു.
അതിനിടെ അധ്യാപികക്കെതിരെ ഗുരുതര ആരോപണവുമായി അർജുൻ്റെ സഹപാഠി രംഗത്തെത്തി. ക്ലാസ് അധ്യാപിക ആഷ ക്ലാസ് മുറിയിൽ വെച്ച് സൈബർ സെല്ലിനെ വിളിച്ചിരുന്നു . ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നൽകേണ്ടി വരുമെന്നും അർജുനെ ഭീഷണിപ്പെടുത്തി.
അതിന് ശേഷം അർജുൻ അസ്വസ്ഥനായിരുന്നു. മരിക്കുമെന്ന് തന്നോട് അർജുൻ പറഞ്ഞിരുന്നു. സ്കൂൾ വിട്ട് പോകുമ്പോൾ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു എന്നും സഹപാഠി പറയുന്നു.
എന്തായാലും ആരോപണവിധേയയായ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക ലിസിയെയും ഇപ്പോൾ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായി 10 ദിവസത്തേക്ക് മാറ്റി നിര്‍ത്താനാണ് മാനേജ്മെന്റിന്റെ തീരുമാനം. സര്‍ക്കാര്‍ വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു അധ്യാപകൻ എല്ലായ്പ്പോലും ആദര്‍ശങ്ങളുടെ വക്താവാകണം. സത്യസന്ധവും നിഷ്പക്ഷവുമായ ഒരു വീക്ഷണവും, പ്രവര്‍ത്തനശൈലിയും ആണ് അധ്യാപകരില്‍ നിന്നു സമൂഹം പ്രതീക്ഷിക്കുന്നത്.
ഒന്നാം ക്ളാസിലെ കുട്ടികളെ കാണുന്ന പോലെയല്ല, മുതിർന്ന ക്ളാസ്സിലെ കുട്ടികളെ കാണേണ്ടത്.
ഒരു പതിനാല് വയസ്സുകാരനെ കേസ് കൊടുക്കും, പോലീസ് വരും, ജയിലിൽ പോവേണ്ടി വരും എന്ന രീതിയിലൊക്കെ ഭീഷണിപ്പെടുത്തുന്നത് ഒരിക്കലും ന്യായീകരിക്കാൻ ആകില്ല. അത് കുട്ടികളുടെ നല്ലതിന് വേണ്ടി പറയുന്നതുമല്ല. ആ ഭീഷണി കൊണ്ട് തന്നെയാണ് ഈ വിദ്യാർത്ഥി ജീവനൊടുക്കിയതും.