രഞ്ജി ട്രോഫി; മഹാരാഷ്ട്ര 239 റണ്‍സിന് പുറത്ത്, കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 239 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷാണ് ബൗളിങ്ങിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റിന് 35 റണ്‍സെന്ന നിലയിലാണ്.
മഴയെ തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനില്പാണ് മഹാരാഷ്ട്രയുടെ സ്കോര്‍ 200 കടത്തിയത്. 31 റണ്‍സെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശര്‍മ്മയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.
കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും ബേസില്‍ മൂന്നും ഏദന്‍ ആപ്പിള്‍ ടോമും അങ്കിത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റേത് മോശം തുടക്കമായിരുന്നു. സ്കോര്‍ 23ല്‍ നില്‍ക്കെ അക്ഷയ് ചന്ദ്രൻ ഔട്ടായി. 21 പന്തുകള്‍ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുന്‍പ് ആറ് റണ്‍സെടുത്ത അപരാജിത്തിനെ ഗുര്‍ബാനി മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. 28 പന്തുകളില്‍ നാല് ഫോറടക്കം 27 റണ്‍സെടുത്ത രോഹന് കുന്നുമ്മൽ ജലജ് സക്സേനയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് മടങ്ങിയത്. തുടര്‍ന്ന് മഴ കാരണം കളി നേരത്തെ നിര്‍ത്തുകയായിരുന്നു.