മുട്ടിൽ മരംമുറി കേസ്; കർഷകർക്ക് നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്
മുട്ടിൽ മരംമുറി കേസിൽ കർഷകർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് റവന്യൂ വകുപ്പ്. കെഎൽസി നടപടിയുടെ ഭാഗമായി ഇവർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. രേഖകൾ സഹിതം 15 ദിവസത്തിനകം അപ്പിൽ നൽകാനാണ് മാനന്തവാടി സബ് കലക്ടറുടെ നോട്ടീസ്. അല്ലാത്തപക്ഷം നടപടിയുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ്. ഇതോടെ ആശങ്കയിൽ ആയിരിക്കുകയാണ് മരം നൽകിയ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ.
എന്നാൽ ആശങ്ക വേണ്ടെന്നും നിയമപ്രകാരമുള്ള നടപടി മാത്രമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടറോട് ആവശ്യമായുള്ള പരിശോധന നടത്തി വിവരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീൽ സമർപ്പിച്ച ഘട്ടത്തിൽ ചില രേഖകൾ കൂടി സമർപ്പിക്കേണ്ടത് ഉണ്ടാകും. സാധാരണ നടപടിക്രമം മാത്രമാണിത്. സാധാരണ കർഷകരെ ബാധിക്കുന്ന ഒരു തീരുമാനവും സർക്കാർ കൈക്കൊള്ളില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.










