യഹ്യ സിൻവറിന്റെ കബറിടം തീവ്രവാദികൾക്ക് പ്രചോദനമാകും; ബിൻ ലാദൻറെ കാര്യത്തിൽ അമേരിക്ക ചെയ്ത പോലെ ഇസ്രയേലും നീങ്ങുന്നു
ഗാസയിലെ മുൻ ഹമാസ് തലവൻ യഹിയ സിൻവാറിന്റെ മൃതദേഹം കത്തിച്ച് സംസ്കരിക്കണമെന്ന് സുരക്ഷാ കാബിനറ്റിനോട് ആവശ്യപ്പെട്ടതായി ഇസ്രയേലി ഗതാഗത മന്ത്രി മിരി റെഗേവ് വെളിപ്പെടുത്തി. ഇസ്രയേലി മാധ്യമമായ കോൽ ബരാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റെഗേവിന്റെ ഈ വിവാദ പ്രസ്താവന.
കഴിഞ്ഞ ആഴ്ച ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം, സിൻവാറിന്റെ മൃതദേഹത്തിനരികെ നിന്ന ഇസ്രയേൽ സൈനികരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസിന് സിൻവാറിന്റെ മൃതദേഹം കൈമാറുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്.
“അമേരിക്കക്കാർ ഒസാമ ബിൻ ലാദന്റെ മൃതദേഹം കത്തിച്ചതുപോലെ തന്നെ സിൻവാറിനോടും ചെയ്യണമെന്ന് ഞാൻ കാബിനറ്റിനോട് നിർദേശിച്ചു. സിൻവാറിന്റെ മൃതദേഹം തിരികെ നൽകി അടക്കം ചെയ്യാനാവില്ല. മിഡിൽ ഈസ്റ്റിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ എന്താകുമെന്ന് നമുക്കറിയാം,” എന്നാണ് റെഗേവ് പറയുന്നത്.
അതേസമയം, റെഗേവ് പരാമർശിച്ച ബിൻ ലാദൻ സംസ്കാര രീതി യാഥാർത്ഥ്യമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യു.എസ്. സേന പാകിസ്ഥാനിലെ അബോട്ടാബാദിൽ നടത്തിയ ഓപ്പറേഷനിൽ ബിൻ ലാദനെ വധിച്ച ശേഷം മൃതദേഹം കടലിൽ എറിഞ്ഞതായാണ് കരുതുന്നത്. ലാദന്റെ കബറിടം തീവ്രവാദികളുടെ തീർഥാടനകേന്ദ്രമാകുമെന്ന ഭയത്താലാണ് അമേരിക്ക അത്തരം രഹസ്യസംസ്കാരം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
2024 ഒക്ടോബർ 16-നാണ് ഗാസയിലെ റഫയിലെ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടത്.
ഹമാസ് നേതാക്കളിൽ ഏറ്റവും സ്വാധീനമുള്ള ആളായിരുന്നു യഹിയ സിൻവാർ. 2023 ഒക്ടോബർ 7-ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന നിലയിൽ ഇസ്രയേൽ അദ്ദേഹത്തെ “തിന്മയുടെ മുഖം” എന്നു വിശേഷിപ്പിച്ചിരുന്നു. ഇറാനിൽ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാർ ഹമാസിന്റെ നേതൃത്വത്തിൽ എത്തിയത്.
ഗാസയെ കേന്ദ്രമാക്കിയാണ് സിൻവാർ പ്രവർത്തിച്ചിരുന്നത്. ‘തിന്മയുടെ മുഖം’ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്ന സിൻവാർ 22 വർഷം ഇസ്രായേൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടിച്ചെടുത്ത ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ മോചിപ്പിക്കാൻ പലസ്തീനി തടവുകാരെ വിട്ടയക്കണമെന്ന ഉടമ്പടിയുടെ ഭാഗമായി 2011-ൽ സിൻവാർ ജയിൽമോചിതനായി. 2015-ൽ യഹിയയെ അമേരിക്ക ലോകത്തിലെ ഭീകരന്മാരുടെ ലിസ്റ്റിൽ ചേർക്കുകയും ചെയ്തു.
റഫയിലാണ് ഇസ്രായേൽ സൈന്യം സിൻവാറിനെ വധിച്ചത്. പിന്നാലെ, യഹിയയുടെ അവസാന നിമിഷങ്ങളാണെന്ന് അവകാശപ്പെടുന്ന ഡ്രോൺ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. കെട്ടിടത്തിന്റെ തകർച്ചാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ ഇരിക്കുന്നതും, അയാൾ അകത്തേക്ക് നീങ്ങുമ്പോൾ ഡ്രോണിന് നേരെ ഒരു വസ്തു എറിയുന്നതുമായിരുന്നു വീഡിയോയിൽ കാണിച്ചത്. പിന്നീട് മൃതദേഹത്തിന്റെ ഫോട്ടോകളും പുറത്തു വിട്ടിരുന്നു.
ബിൻലാദൻറെ കാര്യത്തിൽ അമേരിക്ക ചിന്തിച്ചത് തന്നെയാണ് ഇസ്രായേൽ ഇവിടെ യഹ്യ സിൻവാറിന്റെ കാര്യത്തിലും ആലോചിക്കുന്നത്. സിൻവറിന്റെ മൃതദേഹമോ, ഭൗതിക അവശിഷ്ടങ്ങളോ വിട്ടു കൊടുത്താൽ, അത് അടക്കം ചെയ്യുന്നത് തീർച്ചയായും ഗാസയിൽ തന്നെ ആയിരിക്കും.
എന്നാൽ ആ സ്ഥലം പിന്നീട് ഹമാസും പലസ്തീനികളും എന്ന് മാത്രമല്ല മറ്റുള്ളവരും ഒത്തുകൂടുന്ന ഒരു ഇടമായി മാറും. ഇസ്രയേലിനെതിരെ വീണ്ടുമൊരു ആക്രമണത്തിനുള്ള ആഹ്വാനം നൽകുന്നതായിരിക്കും സിൻവറിന്റെ കബറിടം. അത് ഒഴിവാക്കാൻ തന്നെയാണ് സിൻവറിന്റെ മൃതദേഹം ഒരു കാരണവശാലും ഹമാസിന് കൈമാറില്ലെന്ന് ഇസ്രായേൽ നിർബന്ധം പിടിക്കുന്നതും.












