ട്രംപിൻറെ അടച്ച് പൂട്ടലിൽ തകർന്ന് അമേരിക്കൻ വ്യോമയാന മേഖല; രണ്ട് ലക്ഷത്തോളം സർവീസുകൾ വൈകി, 3000 വിമാനങ്ങൾ റദ്ദാക്കി
അമേരിക്കയിൽ എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയിൽ പ്രവേശിച്ചതോടെ വിമാന സർവീസുകൾ എല്ലാം താറുമാറായി. ട്രംപ് സർക്കാറിന്റെ അടച്ചുപൂട്ടൽ നയത്തിന്റെ ഭാഗമായിട്ട് ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. വാരാന്ത്യത്തിൽ അമേരിക്കയിൽ മൊത്തം ഒരു ലക്ഷത്തി അറുപത്തിഏഴായിരം വിമാന സർവീസുകളാണ് വൈകിയത്. രണ്ടായിരത്തി ഇരുന്നൂറ്റി എമ്പതി രണ്ട് വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകീട്ടും വിമാനങ്ങൾ വൈകുന്നത് തുടർന്നു കൊണ്ടേയിരുന്നു. തിങ്കളാഴ്ച മാത്രം പ്രധാന എയർപോർട്ടുകളിൽ നിന്നുള്ള 600 ലേറെ സർവീസുകളാണ് റദ്ദാക്കിയത്. നാലായിരത്തിലേറെ സർവീസുകൾ വൈകിയിട്ടുമുണ്ട്.
പതിമൂവായിരത്തിൽ അധികം എയർ ട്രാഫിക് കൺട്രോളർമാരാണ് അമേരിക്കയിൽ ഇപ്പോൾ ഉള്ളത്. അവശ്യ തൊഴിലാളികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവർക്ക് ഒക്ടോബർ ഒന്നു മുതലുള്ള സാലറി ഇതുവരെ നൽകിയിട്ടില്ല. എയർട്രാഫിക് കൺട്രോളർമാർ ഇല്ലാതെ വിമാന സർവീസ് നടത്തുന്നത് സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. സുരക്ഷമാനദണ്ഡങ്ങൾ ലഘൂകരിക്കാൻ സാധിക്കാത്തതിനാൽ സർവീസുകൾ കുറക്കാൻ നിർബന്ധിതരാവുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എക്സിലൂടെ അറിയിച്ചു.
അടച്ചുപൂട്ടൽ നയം അവസാനിപ്പിച്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ വേതനം ഉടൻ നൽകണമെന്നും യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടു.
എന്നാൽ വിമാന സർവീസുകളുടെ സുരക്ഷ നിലനിർത്തുന്നതിനായി ഇപ്പോളുള്ള കാലതാമസം ഇനിയും തുടരുമെന്ന് അമേരിക്കൻ ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഞായറാഴ്ച സിബിഎസ് ന്യൂസിലെ ”ഫെയ്സ് ദി നാഷണൽ” പ്രോഗ്രാമിനോട് പറഞ്ഞിരുന്നു. എയർ ട്രാഫിക് കൺട്രോളർമാർ അവധിയെടുത്ത് മറ്റ് എന്തെങ്കിലും ജോലിക്കായി പോയാലും താൻ അവരെ ഒരിക്കലും കുറ്റം പറയില്ല. അവർക്കും കുടുംബമുണ്ട്. ആ കുടുംബങ്ങളെ പോറ്റാൻ അത്തരമൊരു തീരുമാനമെടുത്തവരെ പിരിച്ചുവിടാൻ താൻ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഈ അടച്ച് പൂട്ടലിലേക്ക് പോകുന്നതിന് മുമ്പേ തന്നെ എയർ ട്രാഫിക് കൺട്രോളർമാരുടെ എണ്ണത്തിലുള്ള കുറവ് ഒരു പ്രശ്നമായിരുന്നു. അടച്ച് പൂട്ടൽ പ്രഖ്യാപിച്ചതോടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.
ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2018 ഡിസംബർ 22 മുതൽ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന അടച്ചുപൂട്ടലാണ് ഉണ്ടായത്. അതായിരുന്നു അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്. എന്നാൽ പ്രശ്നപരിഹാരത്തിന് ഇതേവരെ സാധ്യത തെളിയാത്ത സാഹചര്യത്തിൽ നവംബർ നാലോട് കൂടി ആ റെക്കോർഡ് മറികടക്കുകയാണ്.
ഇതുവരെ13 തവണയാണ് സെനറ്റിൽ ബജറ്റ് പരാജയപ്പെട്ടത്. ബജറ്റ് പാസാകാൻ 60 വോട്ടുകൾ ആവശ്യമാണ്. നിലവിൽ 53-47 ആണ് സെനറ്റിലെ കക്ഷിനില.
ഒരു മാസത്തിലേറെയായി തുടരുന്ന ഭരണസ്തംഭനം അമേരിക്കയെ ആകെ ബാധിച്ചു കഴിഞ്ഞു. സർക്കാർ സേവനങ്ങൾ മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി. അടച്ചുപൂട്ടലിനെ തുടർന്ന് സാമൂഹ്യ സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണ ചെലവുകൾ, വിദ്യാർഥികൾക്കുള്ള സഹായങ്ങള് തുടങ്ങിയവയെല്ലാം മുടങ്ങി. ശമ്പളമില്ലാത്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ കടുത്ത സമ്മർദത്തിലുമാണ്.
.
ഇപ്പോൾ അടച്ചുപൂട്ടൽ രണ്ടാം മാസത്തിലേക്ക് നീണ്ടതോടെ, രാജ്യത്തെയാകെ ബാധിച്ച പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് ട്രംപ് ഭരണകൂടം.










