സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലും നിരന്തര ഹോണടിയും അവസാനിപ്പിക്കും; നിങ്ങൾക്ക് എത്രനാൾ വേണമെങ്കിലും സമരം ചെയ്യാം, പകരം KSRTC ഓടിക്കുമെന്ന് മന്ത്രി ഗണേഷ്കുമാർ
കേരളത്തിലെ സ്വകാര്യ ബസുകളുടെ അമിതവേഗതയിലുള്ള ഓട്ടത്തിനും കാതടപ്പിക്കുന്ന ഹോൺ മുഴക്കത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത് വന്നു. ഇത് പൊതുജനത്തിന് വലിയ ശല്യമാണെന്നും, ഇത്തരം മത്സരയോട്ടങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ ഇത്തരം ശബ്ദം കേൾക്കുന്ന ചില ആളുകൾ തോക്കുപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും, എന്നാൽ കേരളത്തിൽ അത്തരം സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ കൊച്ചിയിൽ സ്വകാര്യ ബസുകൾ നടത്തിവന്ന മിന്നൽ പണിമുടക്കിനെതിരെയും മന്ത്രി ശക്തമായ നിലപാടെടുത്തിരുന്നു. നിങ്ങൾക്ക് എത്ര കാലം വേണമെങ്കിലും പണിമുടക്കാമെന്നും, പകരം കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പണിമുടക്ക് നേരിടാൻ ആവശ്യമായ കെ.എസ്.ആർ.ടി.സി ബസുകൾ കൊച്ചിയിൽ എത്തിച്ചിട്ടുണ്ടെന്നും, പണിമുടക്കുന്ന ബസുകളുടെ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബസ് സർവീസ് ഒരു അവശ്യ സർവീസാണെന്നും, ഒരിക്കലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതോടൊപ്പം മൂന്നാറിൽ മുംബൈ സ്വദേശിയായ യുവതിയോട് ടാക്സി ഡ്രൈവർമാർ മോശമായി പെരുമാറിയതിൽ കർശന നടപടിയെടുക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവര്മാരുടെ ലൈസൻസ് റദ്ദ് ചെയ്യും. അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശചെയ്ത പൊലീസുകാർക്കും എതിരെയും നടപടി ഉണ്ടാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. മൂന്നാറിൽ യാത്രക്കായി ഓൺലൈൻ ടാക്സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.
‘ആറ് പേരാണ് യുവതിയോട് മോശമായി പെരുമാറിയത്.ഇവരെ ഉടൻ അറസ്റ്റ് ചെയ്യും.തുടർന്ന് ഇവരുടെ ലൈസൻസ് റദ്ദാക്കും. ഇനി ഈ സംഭവം കേരളത്തിൽ ആവർത്തിക്കരുത്. ഊബർ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല. ഊബർ ഓടിക്കുന്നവരും തൊഴിലാളികളാണ്. മൂന്നാറിൽ ചില ആളുകൾ ഗുണ്ടായിസം നടത്തുകയാണ്.തൊഴിലാളികളോട് സ്നേഹമുള്ള സർക്കാറാണിത്.എന്നാൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ അനുവദിക്കില്ല.
ഇത് പുരോഗമന സംസ്ഥാനത്തിന് ചേർന്ന നടപടിയല്ല. മൂന്നാറിൽ ഡബിൾ ഡക്കർ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു. അന്ന് കുറേ പേർക്ക് പിഴ ചുമത്തിയിരുന്നു.അതിൽ പിഴ അടക്കാത്തവർക്കെതിരെയും നടപടിയെടുക്കും’എന്നും മന്ത്രി പറഞ്ഞു.
കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം ജാൻവി എന്ന യുവതി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിൽ അസി.പ്രൊഫസറായ ജാൻവിക്കാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.
ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് യുവതിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക ഡ്രൈവർമാരുടെ സംഘം ഇവരെ തടയുകയായിരുന്നു. ആ പ്രദേശത്തുള്ള ടാക്സിയിൽ മാത്രമേ പോകാവൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി പൊലീസിന്റെ സഹായം തേടി.
എന്നാൽ പൊലീസും ഡ്രൈവർമാരെ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്ന് യുവതി പറയുന്നു.
പ്രൈവറ്റ് ബസ്സുകളുടെ ആളെക്കൊല്ലുന്ന രീതിയിലുള്ള മത്സര ഓട്ടത്തിനെ കുറിച്ച് നിരവധി പരാതികളാണ് നിത്യേന വരുന്നത്. എന്നാൽ പലരും അതൊന്നും നിയമപരമായി മുന്നോട്ട് കൊണ്ടുപോകുന്നില്ല. ലഹരി ഉപയോഗിച്ച് സ്വകാര്യ ബസ്സിലെ ഡ്രൈവർമാർ ഉണ്ടാക്കി വെക്കുന്ന അപകടങ്ങൾ നിരവധിയാണ്.
യാതൊരു നിയമവും പാലിക്കാത്ത ഇത്തരം ബസ്സുകളുടെ സർവീസ് അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. പകരം മന്ത്രി ഗണേഷ്കുമാർ പറയുന്നത് പോലെ കെ എസ ആർടിസി ബസ്സുകൾ ആ റൂട്ടുകളിൽ സർവീസ് നടത്തിയാൽ, റോഡിലെ മറ്റുള്ള യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിയും.
ഇത് മന്ത്രിയുടെ വെല്ലുവിളിയോ, സാധാരനാക്കാരായ ബസ് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി ആയോ കാണേണ്ട കാര്യമില്ല. മറ്റുള്ള സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമൊക്കെ ബസ്സുകൾ ഓടുന്നുണ്ട്. അവിടെയൊന്നും കാണാത്ത, ഒട്ടും മനുഷ്യത്വം ഇല്ലാത്ത ഒരു ഡ്രൈവിങ് സംസകാരമാണ് നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസുകൾ ഓടിക്കുന്ന ഭൂരിഭാഗം ആളുകളും കാണിക്കുന്നത്. ആരൊക്കെ റോഡിൽ വീണാലും, ഏതൊക്കെ വാഹനങ്ങളെ ഇടിച്ചിട്ടാലും ഞാൻ ഓടിക്കുന്ന ബസ് മുന്നോട്ട് പോകണമെന്ന ഒരു നികൃഷ്ട ചിന്തയാണ് ഇവർക്കുള്ളത്.












