നെതന്യാഹുവിനും കൂട്ടാളികൾക്കും എതിരെ വീണ്ടും അറസ്റ്റ് വാറണ്ട്; ഇസ്രായേൽ ചെയ്തത് സമാനതകൾ ഇല്ലാത്ത യുദ്ധക്കുറ്റവും വംശഹത്യയും
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും കൂട്ടാളികൾക്കും വീണ്ടുമൊരു അറസ്റ് വാറണ്ട് പുറപ്പെടുവിച്ച റിപ്പോർട്ടുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ “ആസൂത്രിതമായ ” വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മറ്റ് മുതിർന്ന 36 ഉദ്യോഗസ്ഥർക്കുമെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര നിയമനടപടികളിൽ ഇസ്രയേലിന് നേരിടേണ്ടിവരുന്ന കടുത്ത തിരിച്ചടിയാണിത്.
ഇസ്താംബുൾ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, 2023 ഒക്ടോബർ മുതൽ ഗാസയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഉദ്യോഗസ്ഥർ “വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും” നടത്തി എന്ന് കുറ്റപ്പെടുത്തുന്നു.
പ്രതിപ്പട്ടികയിൽ നെതന്യാഹുവിനെ കൂടാതെ, ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ, നാവിക കമാൻഡർ ഡേവിഡ് സാർ സലാമ എന്നിവരും ഉൾപ്പെടുന്നു.
പ്രോസിക്യൂട്ടർമാരുടെ പ്രസ്താവനയിൽ, ഇസ്രയേൽ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ എടുത്തുപറയുന്നുമുണ്ട്.
2023 ഒക്ടോബർ 17-ന് അൽ-അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം ആണ് ഒരെണ്ണം, ഇതിൽ 500 പേർ കൊല്ലപ്പെട്ടു.
തുർക്കിഷ്-പലസ്തീൻ സൗഹൃദ ആശുപത്രിയുടെ നേരെ ബോംബാക്രമണം നടത്തി. 2024 മാർച്ചിൽ തുർക്കി നിർമ്മിച്ച ഈ ആശുപത്രി ഇസ്രയേൽ ബോംബിട്ട് തകർത്തു കളഞ്ഞു.
ഗാസ ഉപരോധത്തിലായപ്പോൾ ഇരകൾക്ക് ഇസ്രായേൽ മാനുഷിക സഹായം നിഷേധിച്ചു. 2024 ഫെബ്രുവരി 29-ന് ഇസ്രയേൽ പട്ടാളക്കാർ മനഃപൂർവ്വം ആശുപ്പത്രികളിലെ മെഡിക്കൽ ഉപകരണങ്ങൾ നശിപ്പിച്ചു.
ഗാസയിൽ നടന്ന ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ’, ‘വംശഹത്യ’ എന്നീ പ്രവൃത്തികൾക്ക് ഇസ്രയേലി സ്റ്റേറ്റ് ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തം ഉണ്ടെന്ന കാര്യം തെളിഞ്ഞു എന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
എന്നാൽ തുർക്കിയുടെ ഈ നടപടിയെ ഇസ്രയേൽ ശക്തമായി അപലപിക്കുകയും അതിനെ വെറും “പിആർ സ്റ്റണ്ട്” എന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തു. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ എക്സിൽ പോസ്റ്റ് ചെയ്തത് : “സ്വേച്ഛാധിപതിയായ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ ഏറ്റവും പുതിയ പിആർ സ്റ്റണ്ടിനെ ഇസ്രയേൽ അവജ്ഞയോടെ തള്ളിക്കളയുന്നു.” എന്നാണ്. കൂടാതെ രാഷ്ട്രീയ പ്രേരിതമാണ് ഈ നീക്കമെന്നും നിയമപരമായ അടിസ്ഥാനം ഒന്നും ഇല്ലെന്നും ഇസ്രയേൽ ആരോപിച്ചു.
എന്നാൽ പലസ്തീനിലെ സായുധ സംഘമായ ഹമാസ് ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. “നീതി, മാനവികത, സാഹോദര്യം എന്നിവയുടെ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരായ തുർക്കി ജനതയുടെയും അവരുടെ നേതാക്കളുടെയും ആത്മാർത്ഥമായ നിലപാടുകൾ അംഗീകരിക്കുന്നു എന്നും ഈ നടപടി അങ്ങേയറ്റം അഭിനന്ദനീയമായ ഒന്നാണെന്നും ഹമാസ് പ്രസ്താവിച്ചു.
ഇസ്രയേൽ ഉദ്യോഗസ്ഥർക്കെതിരായ രണ്ടാമത്തെ അറസ്റ്റ് വാറണ്ടാണിത്. “യുദ്ധക്കുറ്റങ്ങൾ” ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി നേരത്തെ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അത് കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് തുർക്കിയുടെ ഇപ്പോളത്തെ പുതിയ പ്രഖ്യാപനം.
ഐസിസി നടപടികൾ ഇസ്രയേൽ തള്ളിക്കളഞ്ഞെങ്കിലും, ഈ വർഷം ആദ്യം യുഎൻ കമ്മീഷനും, ഇസ്രയേൽ വംശഹത്യയ്ക്ക് തുല്യമായ പ്രവൃത്തികൾ ചെയ്തതായി ആരോപിച്ചിരുന്നു. കൂടാതെ, 2024 ൽ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരെ സമർപ്പിച്ച വംശഹത്യ കേസിലും തുർക്കി കക്ഷി ചേർന്നിട്ടുണ്ട്.
ഇതെലാം നടക്കുമ്പോളും ഗാസയിലെ ആക്രമണം ഇസ്രായേൽ തുടരുകയാണ്. 2023 ഒക്ടോബർ മുതൽ ഇസ്രയേലിന്റെ സൈനിക നീക്കങ്ങളിൽ ഇതുവരെ ഗാസയിലെ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച് കുറഞ്ഞത് അറുപത്തി എണ്ണായിരത്തി എണ്ണൂറ്റി എഴുപത്തിയഞ്ച്ച് പലസ്തീനികൾ കൊല്ലപ്പെടുകയും, ഒന്നേ മുക്കാൽ ലക്ഷം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.












