കോടതി ഉത്തരവ് പോലും പാലിക്കാതെ വീണ്ടും റീൽസെടുത്ത് ജസ്ന സലിം; ജാസ്മിൻ ജാഫർ അറിയാതെ ചെയ്തതാണെങ്കിൽ, ജസ്ന സലിം അറിഞ്ഞു കൊണ്ട് പ്രകോപനം സൃഷ്ടിക്കുന്നു
ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കൊണ്ട്, വിളക്കുകൾ എല്ലാം മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം നടന്നു. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ ജസ്ന സലീം എന്ന യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത് .
ഇതിന് മുന്നേയും ജസ്ന സലിം അവിടെ റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇപ്പോളത്തെ റീൽസ് ഓഗസ്റ്റ് 28നാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമത്തിലെ ഇവരുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് പരാതി നൽകിയത്.
ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് ജസ്ന. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് ഒരു വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് കൊയിലാണ്ടി സ്വദേശിനി ജസ്നക്കെതിരെ ഏപ്രിലിൽ പൊലീസ് കേസെടുത്തിരുന്നു.
ജസ്ന മുൻപ് ക്ഷേത്രനടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്നും ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയിൽ വിഡിയോ ചിത്രീകരണം വിലക്കി കൊണ്ടാണ് ഹൈക്കോടതി നിർദേശം നൽകിയത്. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരിക്കരുത് എന്ന് വ്യക്തമായി തന്നെ കോടതി പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ഈ വിലക്ക് നിലനിൽക്കുമ്പോഴാണ് ഇപ്പോൾ ജസ്ന സലിം വീണ്ടും ചിത്രീകരണം നടത്തിയത്.
പടിഞ്ഞാറെനടയിൽ വെച്ചാണ് ഇവർ റീൽസ് ചിത്രീകരിച്ചത്. ആർ.എൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
നേരത്തെ, ഗുരുവായൂർ ക്ഷേത്രത്തിനോട് ചേർന്നുള്ള തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിരുന്നു.
വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്നതായ റീൽസ് പോസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിന്റെ ഭാഗമായ ആ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല അവിടുത്തെ ആചാരങ്ങളും നിയമങ്ങളും പ്രകാരം അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. ഇങ്ങനെ അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നൽകിയത്. പരാതി പൊലീസ് കോടതിക്ക് കൈ മാറുകയും ചെയ്തു.
ജാസ്മിൻ ജാഫറിൻറെ കാര്യത്തിൽ അവർക്ക് ഒരു അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയതാണെന്ന് കരുതാം. പിന്നീട് ഗുരുവായൂർ വന്ന് വീഡിയോ എടുക്കാൻ അവർ ശ്രമിച്ചിട്ടുമില്ല. അത് ഒറ്റപ്പെട്ട സംഭവം തന്നെയാണ്.
എന്നാൽ ജസ്ന സലിം നിരന്തരമായി അവിടെയെത്തി റീലിസ് എടുത്ത് മത സ്പർദ്ധ വളർത്തുകയാണ് ചെയ്യുന്നത്. അഞ്ഞൂറിൽ അധികം കൃഷ്ണ ചിത്രങ്ങൾ വരച്ചുവെന്നാണ് ജസ്ന അവകാശപ്പെടുന്നത്.
കഴിഞ്ഞ ആറു വര്‍ഷത്തിൽ ഏറെയായി ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ചാണ് ജസ്ന പ്രശസ്തയായത്. പ്രശസ്തി മാത്രമല്ല ജസ്നയുടെ ഉപജീവന മാർഗം കൂടിയാണ് കൃഷ്ണന്റെ ചിത്രങ്ങൾ.
വീട് പണിക്ക് ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു കൃഷ്ണന്റെ ചിത്രങ്ങൾക്ക് ഡിമാൻഡ് കൂടിയത്. ഒരു ഇസ്ലാം മത വിശ്വാസിയായ യുവതി ശ്രീകൃഷ്ണന്റെ ചിത്രം വരക്കുന്നത് മാത്രമായിരുന്നില്ല ആളുകള്‍ക്ക് കൗതുകം. മറിച്ച് ജസ്ന വരച്ച ചിത്രം വാങ്ങുന്നവര്‍ക്ക് തങ്ങളുടെ ആഗ്രഹങ്ങള്‍ നടക്കുന്ന അനുഭവം കൂടി ഉണ്ടായി എന്ന് പലരും പറഞ്ഞതോടെ ജസ്നയുടെ കൃഷ്ണ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറുകയായിരുന്നു.
കോഴിക്കോട് കൊയിലാണ്ടി പുളിയിരിക്കുന്നത്ത് സലീമിന്റെ ഭാര്യയായ ജെസ്ന പത്തനംതിട്ട ജില്ലയിലെ പന്തളം ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയാണ് ആദ്യമായി ശ്രീകൃഷ്ണ വിഗ്രഹം അടുത്ത് കാണുന്നത്. ജസ്നക്ക് കൃഷ്ണൻറെ ചിത്രങ്ങൾ ഇനിയും വരക്കാം, വിൽക്കാം. അടുത്ത് വരെ പോയി കാണാൻ അനുമതിയുള്ള കൃഷ്ണ ക്ഷേത്രനഗളിൽ പോയി കാണുകയും ചെയ്യാം.
പക്ഷേ ഗുരുവായൂർ ചില ചിട്ടകളും ശീലങ്ങളും ഒക്കെയുണ്ട്. അത് എല്ലാ മതത്തിലും ഉള്ളവർ പാലിക്കേണ്ട കാര്യങ്ങളാണ്. അല്ലെങ്കിൽ അങ്ങോട്ട് പോകേണ്ട കാര്യമില്ല. എന്നാൽ ജസ്ന അതെല്ലാം നിഷേധിച്ച് കൊണ്ട്, മത സ്പർദ്ധ വളര്‍ത്താന്‍ തന്നെയാണ് പലപ്പോളും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപരമായി ഇവർക്ക് വിലക്ക് ഏർപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.












