സാമ്പത്തികമായി തകർന്ന പാകിസ്ഥാനിൽ പൊടിപൊടിക്കുന്നത് ”വധു” കച്ചവടം; ദരിദ്ര കുടുംബത്തിലെ പെൺകുട്ടികൾക്ക് കിട്ടുന്നത് നരകതുല്യമായ ജീവിതം
ഒരു രാജ്യം സാമ്പത്തികമായി തകർന്നാൽ ആ രാജ്യത്തിൻറെ സംസ്കാരം പോലും തകരുന്ന കാഴ്ചയാണ് പാകിസ്ഥാനിൽ കാണുന്നത്.
ദാരിദ്ര്യം ഒരു ജനതയെ എന്തും ചെയ്യാന്‍ മടിയില്ലാത്തവർ ആക്കുമെന്ന് തെളിയിക്കുകയാണ് നമ്മുടെ അയൽരാജ്യം. സാമ്പത്തിക ഞെരുക്കത്തില്‍ കൂപ്പുകുത്തിയ പാകിസ്താൻ്റെ ബ്രൈഡ് മാര്‍ക്കറ്റ് കഥകള്‍ ഇപ്പോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ പാകിസ്താന് ചൈനക്കാര്‍ക്ക് പണത്തിന് വില്‍ക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
പാകിസ്താനിലെ സാമ്പത്തിക ഞെരുക്കവും, അതിദാരിദ്ര്യവും തന്നെയാണ് ആളുകളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് മനുഷ്യാവകാശ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാകിസ്താൻ്റെ വിദൂര അതിര്‍ത്തി ഗ്രാമങ്ങളിലെ കുടുംബങ്ങളാണ് പലപ്പോഴും സമ്പന്നരായ ചൈനീസുകാര്‍ക്ക് ‘വിവാഹം’ എന്ന പേരില്‍ ഈ പെണ്‍കുട്ടികളെ വില്‍ക്കുന്നത്.
പാകിസ്താൻ്റെ ബ്രൈഡല്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രവരിക്കുന്ന പ്രധാന വാചകങ്ങളില്‍ ഒന്നാണ് ഒന്നര ലക്ഷം രൂപക്ക് ഒരു ഭാര്യ, അതിനൊപ്പം സൗജന്യ ഓഫറായി മാതാപിതാക്കളും എന്നത്. പാകിസ്താനിലെ പല കുടുംബങ്ങളും പെണ്‍കുട്ടികള്‍ക്കൊപ്പം ചൈനയിലേയ്ക്ക് കുടിയേറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്താൻ്റെ ഈ ബ്രൈഡല്‍ വിപണി പ്രവര്‍ത്തനം തുടങ്ങിയിട്ട് കുറെ നാളുകളായി. എന്നാൽ ഇതിൻ്റെ പ്രവര്‍ത്തനം പുറത്ത് അധികം അറിഞ്ഞിരുന്നില്ല. വളരെ രഹസ്യമായിട്ടാണ് കാര്യങ്ങൾ നടന്നിരുന്നത്. അടുത്തിടെയാണ് ഇതിനെ കുറിച്ച് പുറംലോകത്തിന് സൂചനകള്‍ ലഭിച്ചത്.
ചൈനയുമായുള്ള അതിര്‍ത്തി പങ്കിടുന്ന പല പാകിസ്ഥാൻ ഗ്രാമങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു ആചാരമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചില പാകിസ്താനികളും, ചൈനീസ് ബ്രോക്കര്‍മാരും ആണ് ഈ ബ്രൈഡല്‍ വിപണിയെ സജീവമായി നിലനിര്‍ത്തുന്നതെന്നും പറയുന്നു.
12 മുതല്‍ 18 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളാണ് ഈ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതലും എന്ന് ഇന്ത്യ.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 700 മുതൽ 3,200 ഡോളര്‍ വരെയാണ് ഇവർക്ക് വിലയായി ഇടുന്നത്. തീവ്രമായ ദാരിദ്ര്യത്തില്‍ നിന്ന് കുട്ടികളെയും, കുടുംബത്തെയും രക്ഷിക്കുന്നതിനാണ് പലരും ഈ പ്രവര്‍ത്തികള്‍ക്കു കൂട്ടുനില്‍ക്കുന്നത്.
എന്നാൽ വിവാഹത്തിൻ്റെ പേരില്‍ ചൈനയില്‍ എത്തുന്ന ഈ പെണ്‍കുട്ടികളില്‍ അധികവും പിന്നീട് ജീവിക്കുന്നത് ഒരു അടിമകളെ പോലെയണ്. ചിലര്‍ വീട്ടു ജോലിക്കാരായി മാറുമ്പോള്‍, മറ്റു ചിലര്‍ ലൈംഗിക അടിമകളായി മാറുന്നു. കൂടെ ഇവരുടെ കുടുംബങ്ങള്‍ വരുന്നുണ്ട് എങ്കിലും, പിന്നീട് ഈ പെണ്‍കുട്ടികളെ അവർക്ക് കാണാന്‍ പോലും കിട്ടാറില്ല.
വിവാഹത്തിൻ്റെ പേരില്‍ നടക്കുന്ന ഈ അടിമക്കച്ചവടം വര്‍ഷംതോറും കൂടുകയാണ്. പ്രാദേശിക ഗുണ്ടാസംഘങ്ങളും ഈ പ്രവര്‍ത്തികള്‍ക്കു കൂട്ടുനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയ്ക്കു പുറമേ അസര്ബൈജാന് പോലുള്ള മറ്റ് രാജ്യങ്ങളിലേക്കും പാകിസ്ഥാൻ ബ്രൈഡല്‍ മാര്‍ക്കറ്റിൻറെ കച്ചവടം നടക്കുന്നുണ്ട്.
ഇത്തരം വിവാഹങ്ങള്‍ നടത്താന്‍ പാകിസ്താനിലും ചൈനയിലും ഇടനിലക്കാര്‍ ധാരാളമുണ്ട്. വലിയ തുക ചൈനീസ് വരന്റെ പക്കല്‍ നിന്ന് മേടിക്കുകയും അതിന്റെ ചെറിയൊരു അംശം മാത്രം പെൺകുട്ടിയുടെ വീട്ടുകാർക്ക് കൊടുക്കുകയും ചെയ്യുന്നതാണ് പതിവ് രീതി.
അതേസമയം ഈ മനുഷ്യക്കടത്തില്‍ പിടിക്കപ്പെട്ടാലും കുറ്റം ചുമത്തുന്നതിന് മുമ്പുതന്നെ ഭീഷണിയോ പ്രലോഭനങ്ങളോ കൊണ്ട് കേസിനെ പരാജയപ്പെടുത്താനും മനുഷ്യക്കടത്ത് മാഫിയയ്ക്ക് സാധിക്കുന്നു. ഈ വിഷയത്തില്‍ അന്വേഷണത്തിന് തുനിയുന്ന പാകിസ്താന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ അടിക്കടി സ്ഥലം മാറ്റപ്പെടുകായും ചെയ്യുന്നുണ്ട്












