ഉക്രൈനെ ചുട്ടുകരിച്ച് കനത്ത ആക്രമണവുമായി റഷ്യ; ചർച്ചകൾക്ക് ഉക്രൈൻ ഇല്ലെങ്കിൽ യുദ്ധം തന്നെ ചെയ്യുമെന്ന് ദിമിത്രി പെസ്കോവ്
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വൻതോതിലുള്ള സംയുക്ത ആക്രമണം നടത്തിയിരിക്കുകയാണ് റഷ്യ. റഷ്യൻ സായുധ സേനയുടെ പ്രത്യേക സൈനിക ഓപ്പറേഷൻ്റെ ഭാഗമായാണ് ഇന്ന് നവംബർ 14 ന് റഷ്യ യുക്രെയ്നിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. യുദ്ധത്തിൽ നിർണ്ണായകമായ ഇൻഫ്രാ സ്ട്രക്ചർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള കൃത്യമായ ഒരു ആക്രമണം ആണ് നടത്തിയതെന്ന് റഷ്യൻ പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു.
നഗരത്തിൽ ശക്തമായ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായും യുക്രെയ്ൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാം ജാഗ്രതയിൽ ആണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാനത്തെ ചില സൈനിക കേന്ദ്രങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കും സമീപം തീപിടിത്തങ്ങൾ കണ്ടതായും പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ കണ്ടതായും റിപ്പോർട്ടുകൾ പറയുന്നു.
കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായും ഗുരുതരാവസ്ഥയിലുള്ള ഒരാളും ഗർഭിണിയായ സ്ത്രീയും ഉൾപ്പെടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ഡിനി പ്രോവ്സ്കി, പൊഡിൽസ്കി, തുടങ്ങി ഒട്ടേറെ ജില്ലകളിലെ വിവിധ സ്ഥാപനങ്ങളിൽ ആക്രമണത്തിൻ്റെ ഫലമായുള്ള ആഘാതങ്ങൾ ഉണ്ടായിട്ടുണ്ട്.
സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതോ, സൈനിക കേന്ദ്രങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്നതോ ആയ കെട്ടിടങ്ങൾക്കാണ് ഇപ്പോൾ പ്രധാനമായും നാശനഷ്ടം സംഭവിച്ചത്. വൈദ്യുതി, ജലവിതരണം തുടങ്ങിയവ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് നഗര അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു എന്നതിൻ്റെ സൂചനയായി കണക്കാക്കാം.
യുക്രെയ്ൻ സൈനിക സ്ഥാപനങ്ങളെ തകർക്കുന്നതിലൂടെ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വേഗത കൂടുമെന്നാണ് റഷ്യയുടെ പ്രതീക്ഷ. ഇപ്പോളത്തെ വ്യോമാക്രമണ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ താമസക്കാർ അഭയകേന്ദ്രങ്ങളിൽ തുടരണമെന്ന യുക്രെയ്ൻ അധികൃതരുടെ ആവശ്യം, റഷ്യൻ സൈന്യത്തിൻ്റെ ആക്രമണത്തെ അവർ ഭയപ്പെടുന്നു എന്നും അത് തടയാനുള്ള സംവിധാനങ്ങൾ അവരുടെ കൈവശം ഇല്ലാ എന്നതുമാണ് സൂചിപ്പിക്കുന്നത്.
സമാധാന ശ്രമങ്ങൾക്കായുള്ള വാതിലുകൾ യുക്രെയ്ൻ തന്നെ അടച്ച സാഹചര്യത്തിൽ, തങ്ങളുടെ സുരക്ഷയും ലക്ഷ്യങ്ങളും ഉറപ്പാക്കാൻ സൈനിക നടപടികൾ തുടരുകയല്ലാതെ റഷ്യയ്ക്ക് മറ്റ് മാർഗ്ഗമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്.
തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന മൂന്ന് റൗണ്ട് ചർച്ചകൾക്ക് ശേഷം “ചെറിയ പുരോഗതി” മാത്രമേ ഉണ്ടായുള്ളൂ എന്ന് ആരോപിച്ച്, റഷ്യയുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങൾ യുക്രെയ്ൻ “ഉപേക്ഷിച്ചു” എന്ന് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. അതോടെയാണ് നിലവിലെ പ്രതിസന്ധി രൂക്ഷമായത്.
സമാധാനത്തിനായി സംഭാഷണം നടത്താനുള്ള സാദ്ധ്യതകൾ ഇല്ലാതായതോടെ, എല്ലാ വഴികളിലൂടെയും ഞങ്ങൾ സൈനിക നടപടി തുടരും” എന്നാണ് പേസ്കോവ് പറഞ്ഞത്. യുദ്ധക്കളത്തിലെ തിരിച്ചടികൾ യുക്രെയ്ൻ ഭരണകൂടത്തെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയിരിക്കുകയാണ്.
വലിയ രീതിയിലാണ് ഇപ്പോൾ റഷ്യയുടെ സൈനിക മുന്നേറ്റങ്ങൾ നടക്കുന്നത്. പലയിടങ്ങളിലായി പതിനായിരത്തിൽ അധികം യുക്രെയ്ൻ സൈനികരെ വളഞ്ഞതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വെളിപ്പെടുത്തിയിരുന്നു. യുക്രെയ്ൻ ഭരണകൂടത്തിന്റെ സൈനിക ശക്തി തകരുകയാണ് എന്നതിന്റെ സൂചനകളാണ് ഇതെല്ലാം.
റഷ്യയുടെ നിബന്ധനകൾ ഇപ്പോളും അതെ പോലെ തുടരുകയാണ്. യുക്രെയ്ൻ ഒരിക്കലും നാറ്റോയിൽ ചേരില്ലെന്ന് ഉറപ്പുവരുത്തണം, രാജ്യത്തിന്റെ സൈനികവൽക്കരണം ഒഴിവാക്കണം എന്ന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും റഷ്യ തയ്യാറല്ല. ഇനി സമാധാന ചർച്ചകൾക്കായി ഉക്രൈൻ തന്നെ മുന്നോട്ട് വരണം. അല്ലാത്ത പക്ഷം റഷ്യൻ ആക്രമണങ്ങൾക്ക് ശക്തി കൂടിക്കൊണ്ടിരിക്കും. അത് സാധാരണക്കാരായ ജനങ്ങളുടെ മരണത്തിനും കാരണമായി മാറും.













