പി എം ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് നേതാവിന് സിപിഐ ജില്ലാ നേതൃത്വത്തിന്റെ ‘വെട്ട്’
പി എം ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് നേതാവിന് സിപിഐ ജില്ലാ നേതൃത്വത്തിന്റെ ‘വെട്ട്’. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മാട്ടൂല്‍ ഡിവിഷന് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് സിപിഐ തെരഞ്ഞെടുപ്പ് സബ് കമ്മിറ്റി നിര്‍ദേശിച്ച രണ്ട് പേരുകളില്‍ ഒന്ന് എഐവൈഎഫ് കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ വി സാഗറിന്റേതായിരുന്നു. എന്നാല്‍ സാഗറിനെ പരിഗണിക്കാതെ മൂന്ന് ടേം വ്യവസ്ഥ മറികടന്ന് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പിനെയാണ് സിപിഐ തെരഞ്ഞെടുത്തത്.
പിഎം ശ്രീ പദ്ധതിക്കെതിരെ കണ്ണൂരില്‍ നടത്തിയ പ്രകടനത്തിലാണ് എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചത്. സിപിഐഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സാഗറിനെ പരിഗണിക്കാതിരുന്നതെന്നാണ് വിവരം. എന്നാല്‍ ജയസാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
സംഭവത്തില്‍ സിപിഐ നേതാക്കളില്‍ നിന്നും വിശദ്ദീകരണം ചോദിച്ചിരുന്നു. സാഗറിനെ കൂടാതെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷില്‍ നിന്നാണ് വിശദീകരണം തേടിയത്. നേതാക്കളുടെ പ്രവര്‍ത്തിയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.













