ടൈൽസിൻറെ പണി ചെയ്ത് ജീവിച്ചിരുന്ന ഷിനു ”സ്വാമി”യായി, പിന്നീട് പീഡന പരമ്പര; ഇപ്പോൾ പോക്സോ കേസിൽ പൊലീസിന്റെ പിടിയിലായി
പരീക്ഷയിൽ ഉയർന്ന വിജയം നേടിക്കൊടുക്കാമെന്ന വാഗ്ദാനം നൽകിയ ശേഷം 11 വയസ്സുകാരി പെൺകുട്ടിയെ ആഭിചാരക്രിയയുടെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി കൊല്ലത്ത് അറസ്റ്റിലായി. മുണ്ടയ്ക്കൽ സ്വദേശിയായ ഷിനുവാണ് ഈസ്റ്റ് പോലീസിൻ്റെ പിടിയിലായത്. മൂന്ന് ദിവസം മുമ്പാണ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
ഉയർന്ന വിജയം നേടാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയിൽ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായാണ് പരാതി. കുട്ടിയുടെ ശരീരത്തിൽ ഏകദേശം ഏഴോളം ചരടുകളും ഇയാൾ കെട്ടിയിരുന്നു. കുട്ടി അമ്മയോട് ഈ വിവരം അറിയിച്ചതിനെത്തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുകയും ചെയ്തു.
മറ്റുള്ളവർ പറഞ്ഞു കേട്ട അനുഭവങ്ങൾ വെച്ചാണ് താനും ഷിനുവിൻ്റെ അടുത്തേക്ക് എത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പൂജ ചെയ്യാൻ വളരെ കുറഞ്ഞ പൈസയേ ആകുകയുള്ളൂ എന്നും ഷിനു ആദ്യമേ പറഞ്ഞിരുന്നു. കുട്ടിയുടെ ‘അമ്മ ആദ്യം ഒറ്റയ്ക്ക് വന്ന് കാര്യങ്ങൾ അന്വേഷിച്ച ശേഷമാണ് മകളെയും കൂട്ടി എത്തിയത്.
“വന്നപ്പോൾ കുട്ടി പഠിക്കാൻ മോശമാണെന്നും, പൂജയ്ക്ക് മുമ്പ് തനിക്ക് ഒറ്റയ്ക്ക് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയണം എന്നും ഇയാൾ പറഞ്ഞു. എനിക്ക് വിശ്വാസമായത് കൊണ്ടും നല്ലൊരു മനുഷ്യനാണ് ഈ സ്വാമി എന്ന് കരുതിയുമാണ് കുട്ടിയെ മുക്കാൽ മണിക്കൂറോളം ഒറ്റയ്ക്ക് മുറിയിൽ വിട്ടത്. ഞാൻ പുറത്ത് കാത്തുനിന്നു. പുറത്ത് ഇറങ്ങിയപ്പോൾ മകളുടെ മുഖത്ത് വല്ലാതെ പേടിച്ച പോലെ ഭാവമുണ്ടായിരുന്നു. അങ്ങനെ കാര്യങ്ങൾ ചോദിച്ചപ്പോൾ സ്വാമി മോശമായി സ്പർശിച്ചതായി തോന്നിയെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും മകൾ പറഞ്ഞുവെന്നാണ് അമ്മ വെളിപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഷിനുവിൻ്റെ മുറിയിൽ നിന്ന് പൂജാ സാധനങ്ങൾക്കൊപ്പം വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെടുത്തു. ‘ശംഖ് ജ്യോതിഷം’ എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ബാധ ഒഴിപ്പിക്കൽ എന്ന പേരിൽ ഇയാൾ ചൂരൽ കൊണ്ടുള്ള പ്രയോഗവും നടത്താറുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ആളുകൾ എത്തിയിരുന്നുവെന്ന് അവിടുത്തെ ജീവനക്കാരി പറയുന്നു. തന്നെ ഷിനു ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും കുടുംബ ജീവിതം തകരാതിരിക്കാൻ പുറത്ത് പറയാത്തതാണെന്നും മറ്റൊരു യുവതി കൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ ഷിനു സ്വാമിക്ക് ആദ്യം ടൈൽസിന്റെ പണി ആയിരുന്നു. അങ്ങനെ ജോലി ചെയ്ത് ജീവിക്കുമ്പോളാണ് ഇയാൾ സ്വാമിയുടെ വേഷം കെട്ടി മന്ത്രവാദവും പൂജയും തട്ടിപ്പും ഒക്കെ തുടങ്ങിയത്. 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇയാൾ പൂജയ്ക്ക് ഫീസ് ഈടാക്കിയിരുന്നത്. ആളുകളെ കൊണ്ടുവന്നാൽ നല്ല രീതിയിൽ ഇയാൾ കമ്മീഷൻ നൽകാറുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇപ്പോൾ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്. ഇയാളുടെ തട്ടിപ്പുകളെക്കുറിച്ചും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും കൂടുതൽ സ്ത്രീകൾ ഇപ്പോൾ വെളിപ്പെടുത്തലുകളുമായി രംഗത്ത് വരുന്നുണ്ട്. വിശ്വാസത്തെ മുതലെടുത്ത് ഇയാൾ പീഡിപ്പിച്ചെന്നാണ് ചില യുവതികൽ വെളിപ്പെടുത്തിയത്. പൂജയുടെ ഭാഗമായി കോഴിബലി നടക്കുന്നത് കണ്ടെന്നും ഒരു യുവതിയുടെ മൊഴിയുണ്ട്. ഷിനു മന്ത്രവാദത്തിൻ്റെയും പൂജകളുടെയും പേരിൽ നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും വിവരമുണ്ട്.
ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി സമീപിച്ച ഒരു യുവതിയോട്, കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പതിനായിരങ്ങളാണ് ഫീസായി ആവശ്യപ്പെട്ടത്. കുടുംബം തകരുമെന്ന ഭയം കാരണം ഇയാളുടെ അതിക്രമങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് പുറത്തുപറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പല യുവതികളുമെന്ന് ഇരകൾ പറയുന്നു. ആഭിചാര ക്രിയയുടെ മറവിലെ തട്ടിപ്പുകളെയും പീഡനങ്ങളെയും കുറിച്ച് പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













