ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫിനായി സൂപ്പർമാർക്കറ്റിൽ ആക്രമണം; പേരാമ്പ്രയിൽ പ്രതിഷേധം
ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടെത്തിയവർ സൂപ്പർ മാർക്കറ്റിൽ ആക്രമണം നടത്തിയതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ വിവിധ സംഘടനകളുടെ പ്രതിഷേധം. പേരാമ്പ്രയിലെ ബാദുഷ സൂപ്പർമാർക്കറ്റിലാണ് ഹലാൽ ബീഫുമായി ബന്ധപ്പെട്ട വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടെത്തിയ രണ്ടുപേർ അക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. കുറെക്കാലമായി പാക്ക് ചെയ്ത ബീഫ് വിൽപനക്കായി എത്തിക്കാറുണ്ട് .ഇതിന്റെ കവറിനുമുകളിൽ ഹലാൽ ബീഫ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതില്ലാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ ഇല്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമുണ്ടാകുകയായിരുന്നു.
ഇവർ മോശമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ എതിർത്തതോടെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. കടയിൽ എത്തിയവർക്ക് പിന്തുണയോടെ ഇതിനുശേഷം കൂടുതൽപേർ എത്തുകയും ചെയ്തിരുന്നു. പോലീസ് എത്തിയതോടെ എല്ലാവരും സ്ഥലംവിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ സ്വദേശിയായ പ്രസൂണിനെ പോലീസ് സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, വ്യാപാരസ്ഥാപനത്തിലെ അക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. പേരാമ്പ്രയിലെ കച്ചവട സ്ഥാപനത്തിന് നാശനഷ്ടം വരുത്തുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തവർക്കെതിരേ നടപടിയെടുക്കണമെന്ന് ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമികൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.
അക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലും പേരാമ്പ്രയിൽ വെവ്വേറേ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായ സമിതിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Content Highlight: Supermarket in Perambra attacked alleging non-halal beef is not available.