ബിഎല്‍ഒയുടെ ആത്മഹത്യ: അനീഷ് കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നുവെന്ന് എം വി ജയരാജന്
പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം മുതിര്‍ന്ന നേതാവ് എംവി ജയരാജന്. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജയരാജന് പറഞ്ഞു. അനീഷിന് കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
കേരളത്തില്‍ എസ്ഐആര്‍ നടപ്പിലാക്കാന്‍ സമയം വേണമെന്ന് ബിജെപി ഉള്‍പ്പടെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണ്. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദ്ദമാണെന്നും എം വി ജയരാജന് പറഞ്ഞു.
ഒരാള്‍ രണ്ട് ജോലി ചെയ്യേണ്ടിവരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം നീട്ടണം. നടപടിക്രമങ്ങളില്‍ വ്യക്തതയുണ്ടാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് പുനരാലോചന നടത്തണം. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും എംവി ജയരാജന് പറഞ്ഞു.












