രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് താൻ അഭിനയിച്ച സിനിമകൾ അവാർഡിന് പരിഗണിച്ചില്ല; ഗരുഡനിലൂടെ ബിജു മേനോന് കിട്ടേണ്ട ദേശീയ അവാർഡ് പോലും നഷ്ടമായെന്ന് സുരേഷ് ഗോപി
രാഷ്ട്രീയം തന്റെ സിനിമ ജീവിതത്തെ ബാധിച്ചെന്ന് പറയുകയാണ് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. മനോരമ ന്യൂസ് ‘ന്യൂസ് മേക്കർ 2024’ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അവാർഡ് പട്ടികയിൽനിന്ന് പലപ്പോഴും തന്റെ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നും അവാർഡ് മുടക്കുന്ന ജൂറി അംഗങ്ങളെ തനിക്ക് അറിയാമെന്നും മന്ത്രിയായതിനാൽ കേന്ദ്രജൂറി സിനിമകൾ പരിഗണിച്ചില്ലെന്നും അതിൽ കേന്ദ്രസർക്കാരിനോട് അഭിമാനമുണ്ടെന്നും ആണ് സുരേഷ് ഗോപി പറയുന്നത്.
താൻ ഇതുവരെ ഒരു പത്മ പുരസ്കാരത്തിന് വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നും എന്നാൽ ആരൊക്കെ അപേക്ഷിച്ചിട്ടുണ്ടെന്നും ആർക്കെല്ലാം വേണ്ടി താൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് തനിക്ക് മാത്രമെ അറിയുവെന്നും സുരേഷ് ഗോപി പറഞ്ഞു. തന്നെ ചുവന്ന പട്ടിൽ പുതച്ച് കിടത്തുമ്പോൾ ഗൺ സല്യൂട്ട് തരാൻ പേരിന് ഒപ്പമുള്ള ‘ഭരത്’ തന്നെ ധാരാളമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി,
അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് സുരേഷ് ഗോപി ‘മനോരമ ന്യൂസ് ന്യൂസ്മേക്കർ 2024’ പുരസ്കാരത്തിന് അർഹനായത്.
എന്നാൽ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിനും ഇതുസംബന്ധിച്ച് മനോരമ ന്യൂസ് നല്കിയ വാര്‍ത്തയ്ക്കും എതിരെ ഒട്ടേറെ പരിഹാസവും ഉയരുന്നുണ്ട്. തന്റെ മണ്ഡലമായ തൃശൂരിലെ അടക്കം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ചത്. ഈ നേട്ടം തൃശൂരിന്റെയും വിജയമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍ ജനങ്ങള്‍ക്കല്ല, പ്രജകള്‍ക്കാണ് നന്ദി പറയേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും അധിക്ഷേപിച്ചതിനുമാണോ സുരേഷ് ഗോപിയ്ക്ക് ന്യൂസ് മേക്കര്‍ പുരസ്കാരം നല്‍കിയതെന്നും ചിലർ ചോദിക്കുന്നു.
ഏറെ കാത്തിരുന്ന് ഒരു പുരസ്കാരം കിട്ടിയതില്‍ മന്ത്രിക്ക് സന്തോഷമുണ്ടെന്നും ചിലര്‍ പറയുന്നു. തെക്കേടത്ത് അമ്മ അവാര്‍ഡ് പുറകെ വരുന്നുണ്ടെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
കോമഡി സ്റ്റാര്‍ അവാര്‍ഡ് അല്ലേ നല്‍കേണ്ടതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. രാജ്യഭരണം കഴിഞ്ഞുവെന്നും സ്വഭാവം മാറ്റണമെന്നും ഇതിന്റെ കൂടെ ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
തന്റെ രാഷ്ട്രീയം സിനിമ ജീവിതത്തെ ബാധിച്ചുവെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനും സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നുണ്ട്. കലുങ്കിലെ അഭിനയം സിനിമയില്‍ ചെയ്തിരുന്നെങ്കില്‍ അവാര്‍ഡ് ഒരുപാട് കിട്ടിയേനെയെന്നാണ് പലരും മീഡിയ ചൂണ്ടിക്കാട്ടുന്നത്.
തന്റെ രാഷ്ട്രീയ ജീവിതം സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്ന് സുരേഷ്ഗോപി പറയുന്നു. തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം ‘അപ്പോത്തിക്കിരി’, ‘ഗരുഡൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്നും ജൂറി ഇത് തടഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1998ലാണ് കളിയാട്ടം എന്ന സിനിമക്ക് ദേശീയ പുസ്കാരം വാങ്ങാന്‍ ഞാന്‍ ദല്‍ഹിയില്‍ എത്തിയത്. പിന്നീട് കളിയാട്ടത്തിന് ശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനമായിരുന്നു ജലമര്‍മരം. അതു കഴിഞ്ഞ് എന്റെ പ്രാഫൈലില്‍ എന്ത് ഫാക്ടറാണ് പ്രശ്നമായതെന്ന് എനിക്കറിയില്ല. ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്, എന്റെ രാഷ്ട്രീയം വലിയ പ്രശ്നമായിരുന്നു.
.കേരളത്തിന്റെ കടമ്പ കടന്ന് ആ സിനിമകളൊന്നും ദല്‍ഹിയിലോട്ട് വന്നിട്ടില്ലെന്നും പാപ്പന്, കാവല്‍, ഗരുഡന്, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളൊന്നും കേരളത്തിന്റെ കടമ്പ വിട്ട് എങ്ങോട്ടും അവാർഡിനായി പോയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പാവം ബിജു മേനോന് ചിലപ്പോള്‍ ഗരുഡന് എന്ന സിനിമയില്‍ അഭിനയിത്തിനുള്ള അവാര്‍ഡ് കിട്ടി പോയേനേ, എന്റെ രാഷ്ട്രീയം കാരണം അതിനൊരു വിഖാതം സംഭവിച്ചു. കേരളത്തില്‍ നിന്ന് അത് കടത്തിവിടാത്ത ജൂറിയിലെ രണ്ട് പേരേ എനിക്കറിയാം. റീജിയണല്‍ കമ്മിറ്റിയിയിലുള്ള രണ്ട് പേരെയറിയാം എന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ഒരിക്കില് ഗരുഡന് എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ലിസ്റ്റിന് സ്റ്റീഫനും നവാഗത സംവിധായകനായ അരുണ്‍ വര്‍മയും എന്നോട് റിക്വസ്റ്റ് ചെയ്ത് പറഞ്ഞു, മന്ത്രിയായി ചോദിക്കണ്ട, ഈ സിനിമയുടെ കലാകാരന് എന്ന് നിലക്ക് ചോദിച്ചൂടെ ആ സിനിമയെ പരിഗണിക്കാത്തത് എന്താണെന്ന്.
ഒരു കലാകാരനായി താങ്കള്‍ക്ക് ഗവര്ണമെന്റിനെതിരെ സംസാരിച്ച് കൂടെ എന്ന് ബ്രിട്ടാസ് എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ നിങ്ങള്‍ ഒരു യൂണിയന് മിനിസ്റ്റര്‍ ആയിടത്തോളം ആ സിനിമയുടെ ഭാഗമാണെങ്കില്‍ ഞങ്ങള്‍ ഈ സിനിമയെ പരിഗണിക്കില്ല എന്നാണ് എനിക്ക് റിപ്ലെ ലഭിച്ചത്. ആ ശക്തമായ നിലപാട് എടുത്ത, എന്റെ സര്‍ക്കാരിന്റെ നട്ടെലിനെ ഞാന്‍ ബഹുമാനിക്കുന്നു എന്നും സുരേഷ് ഗോപി പറയുന്നു.
ഒരാൾ രാഷ്ട്രീയത്തിൽ കയറിയത് കൊണ്ട് മാത്രം എത്രയോ അവാര്‍ഡുകളാണ് മലയാള സിനിമക്ക് നഷ്ടമായത്. ഗരുഡൻ, പാപ്പൻ, അപ്പോത്തിക്കിരി, വരനെ ആവശ്യമുണ്ട് അങ്ങനെ എത്രയോ മഹത്തരമായ സിനിമകളെയാണ് കേന്ദ്രം തള്ളിക്കളഞ്ഞത്. കൂട്ടത്തിൽ ബിജു മേനോന്റെ നാഷണൽ അവാർഡ് വരെ നഷ്ടപ്പെടുത്തേണ്ടി വന്നു എന്നതും വളരെ ദുഖകരമായ സംഭവമാണ്.













