എസ്ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും. കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുള്ളത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്വിഎന് ഭട്ടി, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേരളത്തില്‍ അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് ആണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ കുറച്ചുകൂടി കാത്തിരിക്കൂ എന്നായിരുന്നു കോടതി മറുപടി നല്‍കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം മാറ്റിവയ്ക്കണമെന്നാണ് കേരള സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹാജരായി.












