പങ്കാളിക്ക് ക്രൂരമര്‍ദനം; യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയെ ബിജെപി പുറത്താക്കി
പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. യുവതിയുടെ പരാതിയില്‍ ഗോപുവിനെതിരെ മരട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു. ശരീരത്തിൽ നിറയെ ന് മര്‍ദനത്തിന്റെ പാടുകളുമായി പെണ്‍കുട്ടി മരട് സ്റ്റേഷനിലെത്തി ഗോപുവിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു.
ഗോപുവും പെണ്‍കുട്ടിയും 5 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു തന്നെ മരട് പൊലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
‘ക്രൂരമായ മര്‍ദനമാണ് നേരിട്ടത്. ബെല്‍റ്റും ചാര്‍ജര്‍ കേബിളും ഷൂസും ചട്ടുകവും ഉപയോഗിച്ച് മര്‍ദനം പതിവാണ്. ഹെല്‍മെറ്റ് താഴെവെച്ചുവെന്ന നിസാര കാരണത്തിനായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. തല്ലിയ ശേഷം ഗോപു ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കും. തന്നെ ഉപദ്രവിക്കുന്നത് ഹരമാണെന്ന് ഗോപു പറയും’- എന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.













