ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ സമര്‍പ്പിച്ചു
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ ഇന്ന് സമര്‍പ്പിച്ചു. രാവിലെ ഒമ്പതേ മുക്കാലോടെയായിരുന്നു ചടങ്ങ് നടന്നത്. ശ്രീവത്സം അതിഥിമന്ദിര വളപ്പില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമര്‍പ്പണം നടത്തി. ശിലാഫലകം അനാച്ഛാദനം ചെയ്തു. ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാട് നിലവിളക്കില്‍ ദീപം പകര്‍ന്നു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്, അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ശില്പി എളവള്ളി നന്ദന്, കേശവന്റെ പ്രതിമാ നവീകരണ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ച മണികണ്ഠന് നായരും കുടുംബവും ,ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ ,ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. കേശവന് പ്രതിമ നവീകരിച്ച ശില്പി എളവള്ളി നന്ദനും വഴിപാടുകാരനായ മണികണ്ഠന് നായര്‍ക്കും ദേവസ്വം ചെയര്മാന് ഉപഹാരം നല്കി.












