ഉൾക്കാഴ്ചയുടെ കരുത്തിൽ ഇന്ത്യൻ പെൺകുട്ടികൾ നേടിയ ലോകകിരീടം; ഇരുളിനെ മറികടന്ന് നേടിയ വിജയത്തിന് സ്വർണ്ണക്കപ്പിനേക്കാൾ തിളക്കം
ആദ്യത്തെ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. വനിതാ ഏകദിന ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗർ നയിച്ച ഇന്ത്യൻ ടീം ആദ്യ കീരിടം നേടിയതിന്റെ ആവേശമടങ്ങും മുമ്പെയാണ് കാഴ്ചപരിമിതിയുള്ളവരുടെ വനിതാ ടി20 ലോകകപ്പിലും ഇന്ത്യ ജേതാക്കളായത്. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
കൊളംബോയിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത നേപ്പാൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു. 44 റൺസുമായി പുറത്താകാതെ നിന്ന ഫൂല സാരനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
സെമിഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറ്റൊരു സെമിയിൽ പാകിസ്താനെ പരാജയപ്പെടുത്തിയാണ് നേപ്പാൾ ഫൈനലിലെത്തിയത്. ആകെ ആറ് ടീമുകളായിരുന്നു പ്രഥമ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പിൽ പങ്കെടുത്തത്. ശ്രീലങ്ക, അമേരിക്ക , പാകിസ്ഥാൻ, നേപ്പാൾ, ഓസ്ട്രേലിയ എന്നിവരാണ് മറ്റ് ടീമുകൾ.
നേരത്തെ ഈ ടൂർണ്ണമെന്റിൽ ഇന്ത്യ പാകിസ്താനെയും തോൽപ്പിച്ചിരുന്നു. എട്ടുവിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. . പാകിസ്താനെ 135 റണ്‍സിന് ആൾ ഔട്ടാക്കിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ കളിതീര്ത്തിരുന്നു. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക് ടീമിന് ഹസ്തദാനം നല്‍കിയാണ് മടങ്ങിയത്. മത്സരത്തില്‍ ടോസിന്റെ സമയത്ത് ഇരുടീമുകളുടെ ക്യാപ്റ്റന്മാരും ഹസ്തദാനം നല്‍കിയിരുന്നില്ല. എന്നാല്‍ മത്സരശേഷമുള്ള കാഴ്ച ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പാകിസ്ഥാൻ ക്യാപ്റ്റന്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.
സാധാരണ ക്രിക്കറ്റിനെ അപേക്ഷിച്ച് ബ്ലൈൻഡ് ക്രിക്കറ്റിന് നിയമങ്ങൾ വേറെയുമുണ്ട്.
വെള്ള പ്ലാസ്റ്റിക് ബോള്‍ ഉപയോഗിച്ചാണ് കാഴ്ചപരിമിതരുടെ ക്രിക്കറ്റ് മത്സരം നടക്കുന്നത്. പന്തിനകത്ത് ചെറിയ ബോൾ ബെയറിങ് പോലുള്ള മണികളുണ്ടാകും. ഉരുട്ടിയെറിയുമ്പോള്‍ ഈ മണികളുടെ കിലുക്കം കേട്ടാണ് ബാറ്റര്‍ പന്ത് നേരിടുക. പന്തെറിയുന്നതിന് മുമ്പ് ബൗളര്‍ ബാറ്ററോട് തയ്യാറാണോ എന്ന് ഉറക്കെ വിളിച്ച് ചോദിക്കണം.
ഇതിനുശേഷമാണ് അണ്ടര്‍ ആം ഉപയോഗിച്ച് പന്തെറിയുക. കൈ മുകളിലേക്ക് കറക്കിയല്ല ഇവിടെ എറിയുന്നത്. സാധാരണ മത്സരങ്ങളിലേതുപോലെ ഓരോ ടീമിലും 11 പേര് വീതമാണ് ഉണ്ടാകുക. ഇതില്‍ നാലുപേര്‍ പൂര്‍ണമായും കാഴ്ചയില്ലാത്തവർ ആയിരിക്കണം എന്നാണ് നിബന്ധന. പൂര്‍ണമായും അന്ധത ബാധിച്ചവരും ഭാഗികമായി അന്ധതയുള്ളവരും ഉള്‍പ്പെടുന്നതാണ് ടീം. ബി വണ്‍ വിഭാഗത്തിലുള്ള പൂര്‍ണ അന്ധതയുള്ള താരങ്ങള്‍ക്ക് ബാറ്റ് ചെയ്യുമ്പോള്‍ റണ്ണേഴ്സിന്റെ സഹായം തേടാം. ഇവര്‍ നേടുന്ന ഓരോ റണ്ണും രണ്ട് റണ്ണായാണ് കണക്കാക്കപ്പെടുക. സ്വയം കൈയടിച്ചാണ് ഓരോ ഫീല്‍ഡറും അവരുടെ പൊസിഷന്‍ എവിടെയാണെന്ന് ബാറ്ററെ അറിയിക്കുന്നത്.
ഇതൊക്കെ കേൾക്കുമൊൾ ഒരു കുട്ടിക്കളിയല്ലേ, ഇതിന് ലോകകപ്പ് ഒക്കെ വേണമോ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം.
എന്നാൽ ഈ ലോകത്ത് നമ്മൾ പുതിയ ബൈക്കിലും കാറിലും ചീറിപ്പായുമ്പോൾ, കുടിവെള്ളം എടുക്കാനായി കിലോമീറ്ററുകൾ നടന്നു പോകുന്ന ആളുകളും ഉണ്ട്. ഡോക്ടറായി നിയമനം കൂട്ടിയാൽ അറുപതിനായിരം ശമ്പളം തുച്ഛമായത് കൊണ്ട് ജോലി ഉപേക്ഷിക്കുന്നവരും, പഠിക്കാനുള്ള പുസ്തകം വായിക്കാൻ വെളിച്ചം പോലും കിട്ടാത്ത കുട്ടികളും ഈ ലോകത്തുണ്ട്.
ഓവറിൽ ഇരുപത് റൺസൊക്കെ അടിച്ചെടുക്കുന്ന ആധുനിക ക്രിക്കറ്റിൽ പ്ലാസ്റ്റിക് പന്തിൽ കളിക്കുന്നവരോട് ഒരിക്കലും പുശ്ചമ തോന്നരുത്. കാഴ്ചയ്ക്കപ്പുറമുള്ള ഏതോ ഇന്ദ്രിയങ്ങൾ കൊണ്ടാണ് അവർ ആ പന്തിനെ നേരിടുന്നത്. കളിക്കളത്തിൽ മാത്രമല്ല ജനിച്ച നാൾ മുതൽ ഈ അന്ധതയോട് പൊരുതി ജയിച്ച് വരുന്ന കുട്ടികളാണ് അവർ. കാഴ്ചയുള്ള നമ്മൾക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത വെല്ലുവിളികളാണ് ജീവിതത്തിലെ ഓരോ നിമിഷവും അവർ നേരിടുന്നത്.
അതുകൊണ്ട് ആ കുട്ടികളുടെ വിജയത്തെ നമ്മൾ മാനിക്കുക തന്നെ വേണം. അത് എല്ലാവരിലേക്കും എത്തിക്കുകയും വേണം. കിരീടം നേടിയ അവർ ഇതൊന്നും കാണില്ലായിരിക്കും. പക്ഷെ ലോകം അറിയണം ഇങ്ങനെയും ഒരു ലോകകപ്പ് ഉണ്ടെന്നും ന്ത്യൻ പെൺകുട്ടികൾ അത് നേടിയെന്നും.
തോൽവി അറിയാതെ ശ്രീലങ്കയെയും അമേരിക്കയെയും, ഓസ്ട്രേലിയയെയും, നേപ്പാളിനെയും, പാകിസ്താനെയും തോൽപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ ചുണക്കുട്ടികൾ നേടിയ ഈ കപ്പിന് ഏതൊരു ലോകകപ്പിനെക്കാളും മൂല്യമുണ്ട്. “ലോകം കാണാത്ത ഓരോ പെൺകുട്ടിയുടെയും വിജയമാണിത്.” എന്നാണ് ക്യാപ്റ്റൻ ദീപിക ഇന്നലെ പറഞ്ഞത്.
ഇരുളിനെ മറികടന്നാണ് ലോകത്തിന് മുന്നിൽ ഇപ്പോൾ ഇന്ത്യൻ താരങ്ങൾ തിളങ്ങി നിൽക്കുന്നത്. ഈ കിരീടം, ജീവിതത്തിൽ വെല്ലുവിളികളെ നേരിടുന്ന ഓരോ വ്യക്തിക്കും നൽകുന്ന ആത്മധൈര്യം വളരെ വലുതാണ്












