രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം; 17 വർഷങ്ങൾ കഴിഞ്ഞിട്ടും ഹെഡ്ലി എന്ന ഭീകരനെ കൈമാറാതെ അമേരിക്ക
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തിൽ, രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം എന്ന് പറയാവുന്ന മുംബൈയിൽ നടത്തിയ ഭീകരാക്രമണത്തിന് ഇന്ന് പതിനേഴ് വർഷം പൂർത്തിയാവുകയാണ്. ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ 10 തീവ്രവാദികൾ ചേർന്ന് മൂന്ന് ദിവസത്തോളം മുംബൈയെയും രാജ്യത്തെയും വിറപ്പിച്ചിരുന്നു.
മുംബൈയിലെ തിരക്കേറിയ 12 സ്ഥലങ്ങളെ ആയിരുന്നു ഭീകരർ ലക്ഷ്യം വെച്ചത്. ഛത്രപതി ശിവജി ടെർമിനസ്, താജ്മഹൽ പാലസ് & ടവർ ഹോട്ടൽ, ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ,
നരിമാൻ ഹൗസ്, കാമ ആൻഡ് ആൽബ്ലെസ് ഹോസ്പിറ്റൽ, മെട്രോ സിനിമാ ഹാൾ എന്നിവിടങ്ങളിൽ ഭീകരാക്രമണം നടന്നു. പാകിസ്ഥാനിൽ നിന്നും കടൽ മാർഗമാണ് ഭീകരവാദികൾ മുംബൈയിലേക്ക് എത്തിയത്. പല സംഘങ്ങളായി പിരിഞ്ഞ ഇവർ എ.കെ-47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് വെടിവെയ്പ്പും സ്ഫോടനങ്ങളും നടത്തുകയായിരുന്നു.
വിദേശ പൗരന്മാർ അടക്കം 166 പേർ ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മുന്നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. എൻഎസ്ജി കമാൻഡോകളും മുംബൈ പൊലീസും മറൈൻ കമാൻഡോകളും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന പേരിലാണ് ഈ ഓപ്പറേഷൻ അറിയപ്പെട്ടത്. 10 തീവ്രവാദികളിൽ മുഹമ്മദ് അജ്മൽ അമീർ കസബ് എന്ന ഒരാളെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. കോടതി നടപടികൾക്ക് ശേഷം 2012-ൽ കസബിനെ തൂക്കിലേറ്റി. ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങൾ മൊത്തത്തിൽ അഴിച്ച് പണിയുന്നതിനും മുംബൈ ഭീകരാക്രമണം കാരണമായി.
ആക്രമണത്തിന്റെ ആസൂത്രണം പാകിസ്ഥാനിൽ നിന്നായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യ സമ്മർദം ശക്തമാക്കിയതിന് പിന്നാലെ മുഖ്യ സൂത്രധാരൻ സാക്കിയുർ റഹ്മാൻ ലഖ്വി ഉൾപ്പെടെ ഏഴു പേർക്കെതിരെ പാകിസ്ഥാന് കേസെടുത്തു. എന്നാൽ ഇയാളെ അനധികൃതമായി തടവിൽ വച്ചിരിക്കുകയാണെന്നു കാണിച്ച് പാക്കിസ്ഥാൻ ഹൈക്കോടതി 2015 മാർച്ച് 13ന് വെറുതെ വിടാൻ ഉത്തരവിട്ടു. ഏപ്രിലിൽ ജാമ്യം നേടി ലഖ്വി പുറത്തിറങ്ങി.
ലഖ്വിയെ കൂടാതെ ഇതിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒന്നാമൻ ഡേവിഡ് കോൾമാൻ ഹെഡ്ലി ആയിരുന്നു. പാകിസ്ഥാൻ ഡിപ്ലോമാറ് ആയിരുന്ന സായിദ് സലിം ഗീലാനിയുടേയും അമേരിക്കക്കാരിയായ സെറിൽ ഹെഡ്ലിയുടേയും മകനാണ് ഡേവിഡ്. പാക്കിസ്ഥാനിൽനിന്ന് യുഎസിലേക്ക് ഹെറോയിൻ കടത്തിയതിന് 1998 ൽ പിടിയിലായി. ജയിൽ ശിക്ഷ ലഘൂകരിച്ചു കിട്ടുന്നതിനു യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റിന്റെ ചാരനായി പാക്കിസ്ഥാനിലേക്കു യാത്രകൾ നടത്തി. ഇതിനിടെ ലഷ്കറെ തയിബയുമായി അടുക്കുകയും തീവ്രവാദത്തിലേക്ക് എത്തുകയും ചെയ്തു.
തഹാവൂർ ഹുസൈൻ റാണയാണ് അടുത്തയാൾ. പാക്കിസ്ഥാൻ മിലിട്ടറിയിൽ ഡോക്ടറായിരുന്നു. പിന്നീട് യുഎസിൽ ബിസിനസുകാരനായി. റാണയുടെ ഷിക്കാഗോയിലെ ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ് വഴിയാണു ഡേവിഡ് കോൾമാൻ ഹെഡ്ലിക്കു വീസ ലഭിച്ചത്. ഹെഡ്ലിയുടെ യാത്രകളെ സഹായിക്കാൻ യി മുംബൈയിൽ ഈ സ്ഥാപനത്തിന്റെ ശാഖ തുടങ്ങിയതു റാണയാണ്. ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ ജിഹാദി ഇസ്ലാമി, പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ എന്നിവയുമായി അടുത്ത ബന്ധം ഇയാൾക്കുണ്ട്.
മറ്റൊരാൾ ഹാഫീസ് സയീദ് ആണ്. ലഷ്കറെ തൊയിബ സ്ഥാപകൻ. അമേരിക്ക ഒരു കോടി ഡോളർ തലയ്ക്കു വിലയിട്ട ഭീകരൻ. യുഎൻ രക്ഷാസമിതി 2008 ൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇപ്പോൾ പാകിസ്ഥാനിൽ ജയിലിൽ ആണെന്ന് പറയുന്നു.
സജിദ് മജീദ് എന്ന മറ്റൊരു ഭീകരൻ ഇപ്പോൾ ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയതിനു പാക്കിസ്ഥാൻ കോടതി 15 വർഷം തടവിനു ശിക്ഷിച്ചു ജയിലിൽ ആണ്. ഇനിയൊരാൾ അബ്ദുൽ റഹ്മാൻ ഹാഷിം എന്ന പാഷ മുൻ പാക്ക് സൈനിക ഓഫിസർ ആയിരുന്നു. 2009 ൽ പാക്കിസ്ഥാനിൽ അറസ്റ്റിലായെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു.
മറ്റൊരു ഭീകരൻ ഇല്യാസ് കശ്മീരി 2011 ൽ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നു കരുതപ്പെടുന്നു.
പിന്നീടുള്ള അയാളെ എല്ലാവർക്കും അറിയാം അജ്മൽ കസബ്. മുംബൈ ഭീകരാക്രമണം നടത്തിയവരിൽ ജീവനോടെ പിടിയിലായ ഏക പാക്ക് ഭീകരൻ. ഇയാളെ 2012 നവംബർ 21ന് ഇന്ത്യ തൂക്കിലേറ്റി.
ഈ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു കാര്യം പറഞ്ഞിരുന്നു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ ഓപ്പറേഷൻ സിന്ദൂർപോലുള്ള ഒരു സൈനിക നടപടി സ്വീകരിച്ചിരുന്നെങ്കിൽ രാജ്യത്തെ വീണ്ടും ലക്ഷ്യമിടാൻ ആരും ധൈര്യപ്പെടില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുംബയിലെ താജ്, ട്രൈഡന്റ് ഹോട്ടലുകൾക്കുനേരേയുള്ള ആക്രമണംമാത്രമായിരുന്നില്ല അത്. ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനത്ത്, രാജ്യത്തിന്റെ പരമാധികാരത്തിനുനേരേയുള്ള ആക്രമണമായിരുന്നു അത്. ആ സമയത്ത് ഒരു സൈനിക നടപടി ഇന്ത്യ സ്വീകരിച്ചെങ്കിൽ ലോക രാഷ്ട്രങ്ങൾ എല്ലാം അതിനെ പിന്തുണക്കുകയും ചെയ്യുമായിരുന്നു.













