ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഓപ്പറേഷൻ താമരക്കായി ഒരുങ്ങുന്ന ബിജെപി; ഡി കെ യുമായി ഒന്ന് സംസാരിക്കാൻ പോലും കഴിയാത്ത തിരക്കുമായി രാഹുൽ ഗാന്ധി
കർണാടകയിൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്രം ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡയാണ് പറഞ്ഞത്. ഡികെ ശിവകുമാർ പുറത്ത് നിന്ന് പിന്തുണ നൽകിയാലും സ്വീകരിയ്ക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് സദാനന്ദ ഗൗഡയുടെ പ്രതികരണം.
‘ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുറത്തുനിന്ന് പിന്തുണ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഐ.സി.ഒ.എം അനുവദിച്ചാൽ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുന്നതിന് ഞങ്ങൾ പുറത്ത് നിന്ന് പിന്തുണ നൽകുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയുമായുള്ള തർക്കത്തിൽ ഡി കെ ശിവകുമാറിനെ പരസ്യമായി പിന്തുണച്ച കർണാടക കോൺഗ്രസ് എംഎൽഎമാരുടെ ഒരു സംഘം ഡൽഹിയിൽ എത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ പകുതി ദൂരം പിന്നിടുമ്പോൾ, സംസ്ഥാനത്ത് ഭരണമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരിക്കുന്നതിന്റെ ഇടയിലാണ് ഈ നീക്കം.
കർണാടക സർക്കാരിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹം മാസങ്ങളായി ഭരണകക്ഷിയായ കോൺഗ്രസിനെ അലട്ടിയിരുന്നു. 100 കോൺഗ്രസ് എംഎൽഎമാർ ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈനും സംഘത്തിലുണ്ടായിരുന്നു. ശിവകുമാർ ഉൾപ്പെടുന്ന രാഷ്ട്രീയപരമായി സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിൽ നിന്നുള്ള എം.എൽ.എമാരും സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം “എനിക്ക് വേണ്ടി എം.എൽ.എമാർ ആരും ബാറ്റ് ചെയ്യേണ്ടതില്ല എന്നാണ് ഈ വിഷയത്തോട് ഡികെ ശിവകുമാർ പ്രതികരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ ശക്തമായ മത്സരം ഉണ്ടായിരുന്നു, എന്നാൽ കോൺഗ്രസ് ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും കർണാടക പിസിസി അധ്യക്ഷ പദവിയും നൽകി പ്രശനം അവസാനിപ്പിക്കുകയായിരുന്നു.
കർണാടകയിലെ നേതൃമാറ്റ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എടുത്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടയില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് രാഹുൽ ഗാന്ധിയുടെ വാട്സാപ്പ് സന്ദേശം ലഭിച്ചിട്ടുണ്ട്. “കാത്തിരിക്കൂ, ഞാൻ വിളിക്കാം” എന്ന സന്ദേശം രാഹുല്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. പാർട്ടിയിലെ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കാനായി ശിവകുമാർ ഒരാഴ്ചയായി രാഹുൽ ഗാന്ധിയെ ബന്ധപ്പെടാൻ ശ്രമിച്ചുവരികയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ശിവകുമാർ നവംബർ 29-ന് ഡൽഹിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. അതേ ദിവസം തലസ്ഥാനത്ത് തിരിച്ചെത്തുന്ന സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി തേടിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ, സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും അനുയായികൾക്കിടയിൽ രണ്ടര വർഷത്തെ അധികാര പങ്കുവെക്കൽ കരാറിനെച്ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായിരിക്കുകയാണ്.
കർണ്ണാടകയിൽ കോണ്‍ഗ്രസിനെ വിജയത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക റോള്‍ വഹിച്ചത് ഡികെ ശിവകുമാറാണ്. തെലുങ്കാനയില്‍ അടക്കം തന്ത്രങ്ങള്‍ മെനഞ്ഞ് അവിടെ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതിലും ഡികെയുടെ പങ്ക് വലുതാണ്. ഇങ്ങനെയുള്ള ഡികെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം കുറച്ച് നാളുകളായി ഉയരുന്നുണ്ട്. എന്നാലും ഇത്രയും പ്രശ്നങ്ങൾ ഉള്ളപ്പോലും ഡികെ യുമായി സംസാരിക്കാൻ പോലും രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. അദ്ദേഹം എന്ത് രാഷ്ട്രീയ പ്രവർത്തനമാണ്, അല്ലെങ്കിൽ എവിടെയാണ് ഇപ്പോൾ ഉള്ളതെന്നും അറിയില്ല.
എന്നാൽ ബിജെപി കോൺഗ്രസ്സിലെ ഓരോ ചെറിയ നീക്കം പോലും ശ്രദ്ധിക്കുന്നുണ്ട്. ഒരു ചെറിയ പിളർപ്പിനുള്ള സാധ്യതെ കണ്ടാണ് ഇപ്പോൾ അവർ ചാടി വീണിരിക്കുന്നത്. എതിരാളികൾ പരിഹസിക്കുകയും അതെ പോലെ തന്നെ ഭയക്കുകയും ചെയ്യുന്ന ഒന്നാണ് ഓപ്പറേഷൻ താമര എന്നത്.
അത് ബിജെപി ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ജനപ്രതിനിധികളെ വിൽപ്പനച്ചരക്കാക്കി മാറ്റുന്നതിന്റെ ആധുനിക രൂപമാണ് ഈ ഓപ്പറേഷൻ. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ കെൽപ്പുള്ളതാണ് ഈ ഓപ്പറേഷൻ. അതിന് അവർക്ക് കളം ഒരുക്കി കൊടുക്കുന്നത് കോൺഗ്രസ്സ് തന്നെയായാണ് എന്നതിൽ ഒരു സംശയവുമില്ല. ടികെയെ പോലുള്ള ഒരു സംഥാനത്തെ സുപ്രധാന നേതാവിന് പോലും എത്തിച്ചേരാൻ കഴിയാത്ത വിധം അകലെയാണ് ഇവരുടെ ദേശീയ നേതാവ് രാഹുൽ ഗാന്ധി. എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപി ഒരു വിളിപ്പാടകലെ ശിവകുമാറിനായി കാത്തിരിക്കുകയാണ് എന്ന സത്യം കോൺഗ്രസ്സുകാർ മറന്നു പോകുന്നു.













