‘നൻപകൽ നേരത്തെ മയക്കം’ ഇനി ഓഫീസിലാകാം; ജീവനക്കാർക്ക് ഔദ്യോഗിക ഉറക്ക സമയം നിശ്ചയിച്ച് സ്റ്റാർട്ടപ്പ് കമ്പനി
തൊഴിലിടങ്ങളിലെ അവകാശങ്ങളെ സംബന്ധിച്ച് പലതരം സംവാദങ്ങൾ നടക്കാറുണ്ട്. വിശമവേളകൾ എത്രമാത്രം അനുവദനീയമാണ് എന്നതുമുതൽ തുണിക്കടകളിലെ സെയിൽസ് സ്റ്റാഫ് ആയ സ്ത്രീകൾക്ക് ഇരിക്കാനും ടോയ്ലറ്റിൽ പോകാനുമുള്ള അവകാശത്തിന് വേണ്ടിയുള്ള സമരം വരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ജോലിസമയത്തിനിടയിൽ ചെറിയ ഉച്ചമയക്കമായാലോ? അതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി.
ബംഗളൂരു ആസ്ഥാനമായ വേക്ക്ഫിറ്റ് സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് വിപ്ലവകരമായ ഈ തീരുമാനമെടുത്തിരിക്കുന്നത്. കമ്പനിയിലെ എല്ലാ ജീവനക്കാർക്കും ഉച്ചയ്ക്ക് 2 മണി മുതൽ 2.30 വരെ അരമണിക്കൂർ മയങ്ങാനുള്ള സമയമായി നിശ്ചയിച്ചുകൊണ്ട് കമ്പനി ഔദ്യോഗിക നോട്ടീസ് പുറത്തിറക്കി. ജീവനക്കാർക്ക് ഉറക്കം സുഖകരമാക്കാവുന്നവിധത്തിൽ സ്ലീപ്പ് പോഡുകളും നിശബ്ദമായ മുറികളും ഓഫീസിനുള്ളിൽ ക്രമീകരിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വേക്ക്ഫിറ്റ് സൊല്യൂഷൻസ് പ്രധാനമായും മെത്തകളും കട്ടിലുകളും നിർമിക്കുന്ന കമ്പനിയാണെന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത. മറ്റു വീട്ടുപകരണങ്ങളും കമ്പനി നിർമ്മിക്കുന്നുണ്ട്.
“ആറ് വർഷത്തിലേറെയായി ഉറക്കവുമായി ബന്ധപ്പെട്ട ബിസിനസ്സിലാണുള്ളത്, എന്നിട്ടും വിശ്രമത്തിന്റെ നിർണായക വശമായ ഉച്ചയുറക്കത്തോട് നീതി പുലർത്തുന്നതിൽ ഞങ്ങള് പരാജയപ്പെട്ടു. ഉറക്കത്തെ എല്ലായ്പ്പോഴും ഗൗരവത്തോടെയാണ് കാണുന്നത്. ഇനി മുതൽ അതിനും മുകളിൽ മറ്റൊരു തലത്തിലേയ്ക്ക് കാര്യങ്ങൾ എത്തുകയാണ്, ”ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വേക്ക്ഫിറ്റ് സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ കുറിക്കുന്നു.
ഉച്ചയുറക്കം ഒരു വ്യക്തിയുടെ ഓർമ്മ, ഏകാഗ്രത, സർഗശേഷി, ഉല്പാദനക്ഷമത എന്നിവ വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഗൗഡ പറയുന്നു. ഉച്ചമയക്കം ഒരു വ്യക്തിയുടേ പ്രകടനത്തെ 33 ശതമാനം അധികമായി മെച്ചപ്പെടുത്തുമെന്ന് നാസയുടെ പഠനമുണ്ടെന്നും മെയിൽ പറയുന്നു.
“ജോലിസ്ഥലത്ത് ഉച്ചയുറക്കം സാധാരണ നിലയിലാക്കാനും ഞങ്ങളുടെ എല്ലാ ജീവനക്കാർക്കും ഉച്ചയ്ക്ക് 2 മുതൽ 2:30 വരെ ഔദ്യോഗിക ഉറക്ക സമയമായി പ്രഖ്യാപിക്കാനും ഞങ്ങൾ തീരുമാനിച്ചു. ഇനി മുതൽ, ഉച്ചയ്ക്ക് 2 മുതൽ 2:30 വരെ അവർക്ക് ഉറങ്ങാൻ അവകാശമുണ്ട്. ഔദ്യോഗിക ഉറക്കസമയം എന്ന നിലയിൽ ഈ സമയത്ത് നിങ്ങളുടെ കലണ്ടർ ബ്ലോക്ക് ചെയ്യപ്പെടും. സുഖപ്രദമായ നാപ് പോഡുകൾ സൃഷ്ടിക്കുന്നതിലും ഞങ്ങൾ പ്രവർത്തിക്കുന്നു,” ഗൗഡയുടെ മെയിലിൽ പറയുന്നു.
ജീവനക്കാർക്ക് ലഭിച്ച ഇമെയിലിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. സ്റ്റാർട്ടപ്പിന്റെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ടാണ് മിക്കവരും രംഗത്തെത്തിയിരിക്കുന്നത്.
Content highlight: Bengaluru start-up Wakefit to allow 30 minute official nap breaks for employees