ശബരിമല സ്വർണ്ണക്കൊള്ളയിൽ മന്ത്രി മാത്രമല്ല, തന്ത്രിമാരും സംശയത്തിന്റെ നിഴലിൽ; ”ദൈവതുല്യൻ” എന്ന പരാമർശം കടകംപള്ളി സുരേന്ദ്രനാകാം, കണ്ഠരര് തന്ത്രിമാരുമാകാം
ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയോടെ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും, ശബരിമല തന്ത്രിയും സംശയത്തിൻറെ നിഴലിലേക്ക് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് മന്ത്രി കടകം പള്ളി സുരേന്ദ്രനുമായി നേരത്തെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്ന് പത്മകുമാർ മൊഴി നൽകി എന്നാണ് വിവരം.
താൻ പരിചയപ്പെടുന്നതിനു മുൻപ് തന്നെ, ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലുള്ള ഒരു വ്യക്തിയായിരുന്നു. പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നത് തന്നെ തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്. അതേപോലെ തന്നെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് പരിചയമുണ്ടായിരുന്നു എന്നാണ് പത്മകുമാർ എസ്ഐടിക്ക് നൽകിയ മൊഴിയെന്നാണ് വിവരം.
എന്നാൽ ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന ആരോപണം പത്മകുമാർ ഇപ്പോഴും എസ്ഐടിക്ക് മുന്നിൽ സമ്മതിച്ചിട്ടില്ല. ശബരിമലയെ പുനരുദ്ധരിക്കാനും നവീകരിക്കാനും ഉള്ള നടപടികളാണ് നടന്നതെന്നും സ്വർണം തട്ടിയെടുക്കാൻ വേണ്ടിയല്ല ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ ഉരുപ്പടികൾ കൊടുത്തുവിട്ടതെന്നുമാണ് പത്മകുമാറിന്റെ നിലപാട്.
സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അത് മിനുക്കാനും ഒപ്പം തന്നെ അറ്റകുറ്റപ്പണികൾ നടത്താനും വേണ്ടിയാണ് കൊണ്ടുപോയതെന്നും ദ്വാരപാലക പാളികളും കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെയുള്ളവയാണ് ഇതിനായി കൊണ്ടുപോയതെന്നും പത്മകുമാർ പറയുന്നു. ഈ തീരുമാനം താൻ മാത്രമായി എടുത്തതല്ല, എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് എന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയോ കടകംപള്ളി സുരേന്ദ്രനോ എന്തെങ്കിലും പ്രത്യേക താൽപ്പര്യം എടുത്തതായി പത്മകുമാറിന്റെ മൊഴിയിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠരര് രാജീവര് ആണെന്നാണ് പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ തന്നെയാണ് അനുമതി നല്കയെന്നും തന്ത്രി കൊണ്ടുവന്ന ആളായത് കൊണ്ട് താൻ ക്കണ്ണടച്ച് പോറ്റിയെ വിശ്വസിച്ചു എന്നും പത്മകുമാർ മൊഴി നല്കി. ഉണ്ണികൃഷ്ണൻ പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും,എന്നാൽ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല എന്നുമാണ് പത്മകുമാര്‍ പറയുന്നത്.
അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ല എന്നായിരുന്നു കണ്ഠരര് രാജീവര് മൊഴി നല്‍കിയത്. കഴിഞ്ഞദിവസമായിരുന്നു കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍തിയിട്ടില്ലെന്നുമാണ് വിശദീകരണം. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്പോണ്സര് എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴിയിലുണ്ട്.
എന്നാൽ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടങ്ങിയിട്ടേയുള്ളു എന്നും കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറയുന്നു.
സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്കുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. അതിനാല്‍ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയ്ക്ക് ഇനിയും കേരളം സാക്ഷ്യം വഹിക്കുമെന്ന് സതീശന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാത്തത് അവന് തമ്മിലുള്ള രഹസ്യ ധാരണകൊണ്ടാണെന്നും സതീശൻ പറയുന്നു. വടക്കേ ഇന്ത്യയില്‍ മിഷനറിമാരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ആരാധന തടസപ്പെടുത്തുകയും ചെയ്യുന്ന ബിജെപി കേരളത്തില്‍ ക്രൈസ്തവപ്രീണനം നടത്തുന്നത് ഇരട്ടത്താപ്പാണ്. ആട്ടിന്‍തോലണിഞ്ഞ ബിജെപിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തിലെ ക്രൈസ്തവര്‍ മനസിലാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കിട്ടാമായിരുന്ന വോട്ടകൂടി ഇല്ലാതാകാന്‍ പിണറായി ഭരണം ഇടയാക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത് കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്ത ശേഷം വേണം തന്ത്രിമാരുടെ മൊഴി എടുക്കാനെന്നാണ്. പത്മകുമാർ പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്നും അതുകൊണ്ടാണ് പാർട്ടിയിൽ നിന്നും പുറത്താക്കാത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നത് കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണെന്നും എൻ വാസുവും എ പത്മകുമാറും പിണറായി വിജയന്റെ അടുത്ത അനുയായികൾ ആയത് കൊണ്ടുതന്നെ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ശബരിമലയിലെ സ്വർണ്ണ കൊള്ള നടന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.













