11 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും 63 നോട്ട് ഔട്ട്: ഫിലിപ്പ് ഹ്യൂസ് എന്ന താരത്തിന്റെ ജീവനെടുത്തത് പെർഫ്യൂം ബോൾ
നവംബർ 27 എന്ന ഈ ദിവസം ക്രിക്കറ്റ് പ്രേമികൾ ഒരു വേദനയോടെ ഓർക്കുന്ന ദിനമാണ്.
ഫിലിപ്പ് ഹ്യൂസ് എന്ന ഓസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് മരണത്തിന് കീഴടങ്ങിയ ദിവസമാണത്. ഹ്യൂഗ്സിന്റെ ജീവനെടുത്ത ബൗണ്‍സര്‍ എറിഞ്ഞത് സീന്‍ അബോട്ട് ആണ്. ഹയൂസ് ആ പന്ത് കൊണ്ട് വീഴുമ്പോൾ കൂടെ ക്രീസിൽ ഉണ്ടായിരുന്നത് ഡേവിഡ് വാർണർ ആയിരുന്നു.
സിഡ്നിയില്‍ നടന്ന ഒരു ആഭ്യന്തര മത്സരത്തില്‍ 63 റണ്‍സുമായി ബാറ്റ് ചെയ്തിരുന്ന ഹ്യൂഗ്സിന് നേരെയാണ് ബൗണ്‍സര്‍ പാഞ്ഞെത്തിയത്. പന്ത് കഴുത്തില്‍ ഹെല്‍മെറ്റിന് തൊട്ടുതാഴെയായി കൊണ്ടു. ബോധമറ്റു വീണ ഹ്യൂഗ്സിനെ ആശുപത്രിയിലെത്തിച്ചു. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ അടിയന്തര ശാസ്ത്രക്രിയകള്‍ നടത്തിയിട്ടും ജീവന് രക്ഷിക്കാനായില്ല. 2014 നവംബർ 27ന്, പരിക്കേറ്റതിന്റെ രണ്ടാം നാള്, ഇരുപത്തിയഞ്ച് വയസ്സുള്ള ഹ്യൂഗ്സ് ഈ ലോകം വിട്ടുപോയി.
അബോട്ടിൻറെ പാർത്ത് കഴുത്തിൽ കൊണ്ട് വീണ് ഉടനെ ബ്രാഡ് ഹാഡിനും ഷെയിന്‍ വാട്സണും ചേര്‍ന്ന് ഹ്യൂഗ്സിനെ സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലെത്തിച്ചു. പെട്ടെന്ന് ശസ്ത്രക്രിയകള്‍ എല്ലാം നടന്നു. പക്ഷേ, ഹ്യൂഗ്സിനെ രക്ഷിക്കാനായില്ല.
ക്രിക്കറ്റ് ലോകം മാത്രമല്ല. ഹ്യൂഗ്സിന്റെ വിയോഗത്തില്‍ കായികലോകമാകെ ഇളകിമറിഞ്ഞു. സംസ്കാരച്ചടങ്ങിലേക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് പലരുമെത്തി. ഇന്ത്യയില്‍ നിന്നും വിരാട് കോലി, രോഹിത് ശര്‍മ്മ, രവി ശാസ്ത്രി എന്നീ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. അറിയാതെ സംഭവിച്ച പിഴവിൽ ചങ്ങാതിയുടെ ജീവൻ പോയതിന്റെ വേദനയുമായി സീൻ അബോട്ടും ചടങ്ങിനെത്തി. കുറ്റപ്പെടുത്താൻ ആളുകൾ ഉണ്ടാകും എന്നത് കൊണ്ടുതന്നെ, ക്രിക്കറ്റ് അധികാരികൾ അബോട്ടിന്റെ ഫോട്ടോകൾ പുറത്ത് പോകാതെ സൂക്ഷിച്ചു.
ഹ്യൂസിന്റെ മരണത്തോടെ ബ്രിട്ടീഷ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹെല്‍മെറ്റുകളെ ഉപയോഗിക്കാവൂ എന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമം കൊണ്ട് വന്നു. പിന്കഴുത്തിലേക്ക് ഇറങ്ങിനില്ക്കുന്ന തരത്തിലായിരുന്നു ആ ഹെല്‍മറ്റുകൾ.
സീൻ അബോട്ട് എറിഞ്ഞ അത്തരം പന്തിനെ പെർഫ്യൂം ബോൾ എന്നാണ് വിളിക്കുന്നത്. ഒരു പേസ് ബൗളർ ബോൾ ചെയ്യുമ്പോൾ അയാൾക്ക് വേഗം നിയന്ത്രിക്കാൻ പറ്റാതെ വരുന്ന ചില ബോളുകൾ ഉണ്ട്. അത് സാധാരണ ബൗൺസറിനേക്കാൾ ഉയരത്തിൽ പോകും. സാധാരണ തോളിനൊപ്പം വരുന്ന ബൗൺസർ അല്ലാതെ ഇത്തരം ബോളുകൾ ബാറ്റ്സ്മാന്റെ മുഖത്തിന് മുൻപിൽ കൂടിയാകും കടന്നു പോകുന്നത്. മുഖത്തിന് മുൻപിൽ കൂടി പോകുന്ന ബോൾ എന്ന നിലയിൽ ആ ബോളിന്റെ ഗന്ധം പോലും ബാറ്റ്സ്മാന് കിട്ടുമെന്ന സങ്കൽപ്പത്തിലാണ് ഇത്തരം ഉയരത്തിൽ പൊങ്ങുന്ന, എന്നാൽ വൈഡ് ആകാതെ ബാറ്റസ്മാനോട് ചേർന്ന് വരുന്ന ബൗൺസറുകളെ പെർഫ്യൂം ബോൾ എന്ന് വിളിക്കുന്നത്.
പെർഫ്യൂം ബോൾ കഴുത്തിൽ അടിച്ച്, പരിക്ക് പറ്റി ബാറ്റിംഗ് അവസാനിപ്പിച്ചു പോകുമ്പോൾ 63 റൺസ് ആയിരുന്നു ഹ്യുസിന്റെ സമ്പാദ്യം. സാധാരണ രീതി അനുസരിച്ച് ഒരു ബാറ്റ്സ്മാൻ പരിക്ക് പറ്റി ബാറ്റിങ് അവസാനിപ്പിച്ചു പോയാൽ റിട്ടയർഡ് ഹെർട്ട് എന്നാണ് റൺസ് ബോർഡിലും മത്സരത്തിന്റെ ഔദ്യോഗിക സ്കോർ കാർഡിലും രേഖപെടുത്തുന്നത്. എന്നാൽ ഗുരുതര പരിക്കുകളോടെ പുറത്തായി പിന്നീട് മരണത്തിന് കീഴടങ്ങിയ ഹ്യൂഗ്സിന്റെ സ്മരണക്കായി, ആദ്യമായി ഒരു ക്രിക്കറ്റ് മത്സരത്തിൽ ഔദ്യോഗിക രേഖകളിൽ 63 റിട്ടയേർഡ് ഹർട്ട് എന്നതിന് പകരം 63 നോട്ട് ഔട്ട് എന്ന് രേഖപ്പെടുത്തി.
എക്കാലവും ഓർമ്മകളിൽ നിലനിൽക്കാൻ വേണ്ടി അദ്ദേഹത്തിന് നൽകിയ അന്ത്യ ബഹുമതിയായിരുന്നു അത്. ആസ്ത്രേലിയയുടെ 408 മത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്നു ഫിൽ ഹ്യൂഗ്സ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം 64 എന്ന അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ പിന്നീട് ഓസീസ് പിൻവലിച്ചു. ഒരു താരങ്ങൾക്കും ആ ജേഴ്സി നമ്പർ കൊടുക്കാതെ ഹ്യൂഗ്സിനോടുള്ള ആദരവ് ക്രിക്കറ്റ് ബോർഡ് നിലനിർത്തി.
മാത്യു ഹെയ്ഡന് പകരക്കാരനായി ഓസ്ട്രേലിയൻ ടീമിലേക്ക് ഓപ്പണറായി വന്ന 20 വയസുള്ള ആ പയ്യൻ 2009 ഫെബ്രുവരി 26 ന് ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഫിൽ ഹ്യൂഗ്സിന്റെ ആദ്യ ഇന്നിങ്സ് 4 ബോളിൽ പൂജ്യത്തിന് അവസാനിച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ 75 റൺസ് എടുത്ത് ഹ്യൂഗ്സ് തന്റെ വരവ് അറിയിക്കുകയും ചെയ്തു.
പിന്നീട് നടന്ന രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 115 റൺസും രണ്ടാം ഇന്നിങ്സിൽ 160 റൺസും നേടികൊണ്ട് , 175 റൺസിന്റെ വിജയം ഓസ്ട്രേലിയക്ക് സമ്മാനിച്ചതും ഹ്യൂസ് തന്നെ ആയിരുന്നു.
2013 ജനുവരി 11 ന് ശ്രീലങ്കക്ക് എതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹ്യൂഗ്സ് 112 റൺസ് നേടി. ഓസ്ട്രേലിയക്ക് ആയി ഏകദിന അരങ്ങേറ്റ മൽസരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡും ഹ്യൂഗ്സ് സ്വന്തമാക്കിയിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വപ്നം കണ്ടിരുന്ന ഒരു പ്രതിഭാധനനായ കളിക്കാരനെയാണ് ആ നവംബർ 27 നു ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത്.
എന്നാലും പതിനൊന്നു വർഷങ്ങൾക്ക് ശേഷവും ലോകം ഫിൽ ഹ്യൂസിനെ ഓർക്കുന്നു. ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലും ആ പഴയ സ്കോർ കാർഡിലും, പുറത്താകാതെ 63 റൺസുമായി ഇന്നും ഫിൽ ഹ്യൂഗ്സ് എന്ന താരം അയാളുടെ 64 ആം നമ്പർ ജേഴ്സിയണിഞ്ഞ് നോട്ട് ഔട്ട് ആയി തന്നെ നില്കുന്നു.













