യുദ്ധം തീരുന്നത് അമേരിക്ക പറയുന്നത് പോലെയാവില്ല: കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്നെ
റഷ്യ- യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ യുക്രൈന് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. അമേരിക്ക മുന്നോട്ടുവെച്ച പരിഷ്കരിച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി വ്യക്തമാക്കി. പരിഷ്കരിച്ച സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍ ആഴത്തിലുള്ള കരാറുകളിലേക്ക് നയിച്ചേക്കാമെന്നും എന്നാല്‍ പലതും അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലന്‍സ്കി പറഞ്ഞു. അമേരിക്കന്‍ പക്ഷത്തുനിന്നും പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും സെലെന്‍സ്കി പറഞ്ഞു.
റഷ്യയുടെ ഏകദേശം നാല് വര്‍ഷത്തെ അധിനിവേശം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പദ്ധതിയുടെ ആദ്യ പതിപ്പ് റഷ്യയ്ക്ക് അനുകൂലമാണെന്ന് വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് പരിഷ്കരിച്ചിട്ടുണ്ടെങ്കിലും, അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. യു.എസ്- യുക്രൈന് നേതാക്കള്‍ ജനീവയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് സമാധാന പദ്ധതി യുക്രൈനുകൂടി സ്വീകാര്യമാകുന്ന തരത്തിലേക്ക് മാറ്റിയത്. പുതിയ യുഎസ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുക്രൈന് തയ്യാറാണെന്ന് സെലെന്‍സ്കി ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്.
അതിനിടെ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫിനെ റഷ്യന്‍ നേതാവ് വ്ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്താന്‍ മോസ്കോയിലേക്ക് അയക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. അഭിപ്രായവ്യത്യാസമുള്ള കുറച്ച് കാര്യങ്ങള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നത്.
യുക്രൈന് നാറ്റോയില്‍ ചേരുന്നത് വിലക്കുക, പുതിയ പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കാന്‍ രാജ്യത്തോട് ആവശ്യപ്പെടുക എന്നീ വിവാദ നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ട്രംപ് മുന്നോട്ടുവെച്ച ആദ്യത്തെ സമാധാന പദ്ധതി. ഇതിന് പകരം മുന്നോട്ടുവെച്ച പദ്ധതിയില്‍ യുക്രൈന് അനുകൂലമായ ചില നിര്‍ദ്ദേശങ്ങളുമുണ്ടെന്നാണ് വിവരം. സൈനികരുടെ എണ്ണം 600,000-ത്തില്‍ നിന്ന് 800,000 ആയി ഉയര്‍ത്താനുള്ള നിര്‍ദേശമാണ് ഇതില്‍ പ്രധാനം.
സമാധാന ചര്‍ച്ചകള്‍ ഒരുവഴിക്ക് നടക്കുമ്പോള്‍ തന്നെ 2022-ല്‍ റഷ്യയുടെ യുക്രൈന് അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം ഇപ്പോളും തുടരുകയാണ്. റഷ്യന്‍ ഡ്രോണുകളും മിസൈലുകളും യുക്രൈനില്‍ നാശം വിതക്കുന്നുണ്ട്.
യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ സമാധാന പദ്ധതിക്ക് യുക്രെയ്ൻ വഴങ്ങിയതോടെ കാര്യങ്ങൾ സുഗമമായി അവസാനിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാൽ, റഷ്യ തങ്ങളുടെ നിലപാടിൽ ‘സസ്പെൻസ്’ ഇപ്പോളും നില നിർത്തുകയാണ്.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റേതായിരിക്കും അവസാന വാക്ക് എന്ന് റഷ്യ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ സമാധാന പദ്ധതിയെക്കുറിച്ച് റഷ്യൻ ഭരണകൂടം ഇപ്പോഴും ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സമാധാന പ്ലാൻ റഷ്യയ്ക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പ്രസിഡൻ്റ് പുടിൻ്റെ വക്താവ് യൂറി ഉഷകോവ് പറയുന്നു. അമേരിക്കയുടെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും റഷ്യയുടെ ആവശ്യങ്ങളിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ലെന്നാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർഗേയ് റിയാബ്കോവ് പറഞ്ഞത്.
ഈ യുദ്ധം ഉടൻ തീരുമെന്ന വ്യാഖ്യാനത്തിലേക്ക് ആരും എടുത്തുചാടേണ്ടതില്ലെന്ന് പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവും മുന്നറിയിപ്പ് നൽകി. ഈ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്, റഷ്യ ഇപ്പോഴും വലിയ കരുതലോടെയാണ് ഈ നീക്കങ്ങളെ സമീപിക്കുന്നത് എന്നും തങ്ങളുടെ സുപ്രധാന ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല എന്നുമാണ്.
യുദ്ധം അവസാനിച്ചാൽ എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വിലയും ഇടിഞ്ഞിരുന്നു. ഇന്ത്യയെപ്പോലെ ക്രൂഡ് ഓയിലിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇത് ആശ്വാസം നൽകിയിരുന്നു. തങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന റഷ്യയുടെ തന്ത്രപരമായ നീക്കങ്ങൾ ഊർജ്ജ വിപണിയിൽ സ്ഥിരത കൊണ്ടുവരുമെന്ന് തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷയും.













