മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവർ ഇനി അമേരിക്കയിലേക്ക് വരേണ്ട; രാജ്യതാൽപ്പര്യങ്ങൾക്ക് എതിരായി നിൽക്കുന്നവരെ നാട് കടത്തുമെന്നും ഡൊണാൾഡ് ട്രംപ്
വൈറ്റ് ഹൗസിന് പുറത്ത് അമേരിക്കൻ നാഷണൽ ഗാർഡിലെ രണ്ട് സൈനികർക്ക് വെടിയേൽക്കുകയും അതിലൊരാൾ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ കുടിയേറ്റ നിയമങ്ങളിൽ കർശന നടപടി സ്വീകരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. 19 പ്രശ്നബാധിത രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡുകൾ ട്രംപ് ഭരണകൂടം വ്യാപകമായി പരിശോധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം പ്രശ്നബാധിത രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിദേശികളുടെയും ഓരോ ഗ്രീൻ കാർഡും പൂർണ്ണവും സൂക്ഷ്മവുമായ പുനഃപരിശോധന നടത്താനാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്ലോ ഉത്തരവിട്ടത്.
നേരത്തെ പ്രവേശനം കർശനമാക്കുന്നതിനുള്ള ന്യായീകരണമായി പ്രസിഡന്റ് ട്രംപ് ഈ ആക്രമണത്തെ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഇവരുടെ കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വെച്ചതായും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പില്‍ പറയുന്നു. അമേരിക്കന്‍ കുടിയേറ്റം കാത്തുകഴിയുന്ന വലിയൊരു വിഭാഗത്തിന് കനത്ത ആശങ്കയും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്നതുമായ ഒരു പ്രഖ്യാപനമാണ് ട്രംപിന്റേത്.
പൗരന്മാർ അല്ലാത്തവർക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും നിര്‍ത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുകയും, പൊതുജനങ്ങള്‍ക്ക് ഭാരമാകുന്നവരോ, സുരക്ഷാ ഭീഷണിയാകുന്നവരോ, പാശ്ചാത്യ സംസ്കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മള് സാങ്കേതികമായി പുരോഗമിച്ചപ്പോഴും, കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കി. അമേരിക്കൻ സംവിധാനത്തിന് പൂര്‍ണ്ണമായി കരകയറാന്‍ അനുവദിക്കുന്നതിനായി എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ഞാന്‍ ശാശ്വതമായി നിര്‍ത്തിവെക്കും. ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും. അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്നേഹിക്കാന്‍ കഴിവില്ലാത്തവരെയോ രാജ്യത്ത് നിന്നും നീക്കം ചെയ്യും. നിയമവിരുദ്ധവും പ്രശ്നക്കാരുമായ ജനവിഭാഗങ്ങളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപടികളുമായി മുന്നോട്ട് പോകും എന്നും , ട്രംപ് ആ കുറിപ്പിൽ പറയുന്നു.
സെന്‍സസ് പ്രകാരം അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ 53 മില്യൺ ആണ്. അവരില്‍ ഭൂരിഭാഗവും ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നവരോ മൂന്നാം കിട രാജ്യങ്ങളില്‍ നിന്നുള്ളവരോ അല്ലെങ്കില്‍ ജയിലുകള്‍, മാനസികാരോഗ്യ സ്ഥാപനങ്ങള്‍, ഗുണ്ടാസംഘങ്ങള്‍, മയക്കുമരുന്ന് സംഘങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരോ ആണെന്നും ട്രംപ് പറയുന്നു.
‘രാജ്യസ്നേഹികളായ അമേരിക്കന്‍ പൗരന്മാരില് നിന്നുള്ള ഭീമമായ തുകകള്‍ കൊണ്ടാണ് ഇക്കൂട്ടരെയും അവരുടെ കുട്ടികളെയും പിന്തുണയ്ക്കുന്നത്. എന്നാൽ ഇവർ കാരണം നമ്മുടെ രാജ്യത്തിന് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുകയാണ്. അമേരിക്കൻ ജനത അതെല്ലാം സഹിക്കുന്നു എന്നും ട്രംപ് പറഞ്ഞു.
ഗ്രീന്‍ കാര്‍ഡുള്ള, 30,000 ഡോളര്‍ സമ്പാദിക്കുന്ന ഒരു കുടിയേറ്റക്കാരന് അവരുടെ കുടുംബത്തിനായി ഏകദേശം 50,000 ഡോളറിന്റെ വാര്‍ഷിക ആനുകൂല്യങ്ങള്‍ നൽകുന്നുണ്ട്. എന്നാൽ യഥാര്‍ത്ഥ കുടിയേറ്റ ജനസംഖ്യ ഇതിലും വളരെ കൂടുതലാണ്. അത്തരം അഭയാര്‍ത്ഥികളുടെ അമിതഭാരമാണ് അമേരിക്കയിലെ സാമൂഹിക തകര്‍ച്ചയുടെ പ്രധാന കാരണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.












