‘ക്ലിഫ് ഹൗസില്‍ ഇരട്ടസ്ഫോടനം നടത്തും’; ബോംബ് ഭീഷണി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. ഇരട്ട സ്ഫോടനം നടത്തുമെന്ന സന്ദേശം ഇമെയില്‍ ആയിട്ടാണ് വന്നത്. ഇതിന് പിന്നാലെ ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇരട്ട സ്ഫോടനം നടത്തുമെന്നാണ് മെയിലില്‍ പറയുന്നത്.
കൂടാതെ ഹൈക്കോടതിയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. നേരത്തെ വഞ്ചിയൂര്‍ കോടതി, പൊലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ബോംബ് വച്ച് തകര്‍ക്കുമെന്നും ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ച്ചയായി ഇത്തരം ഭീഷണി സന്ദേശം ലഭിക്കുന്നത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്.













