വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവിനെതിരെ അഭിഭാഷകന്; വിവാഹത്തിനു മുമ്പ് മെഹ്നാസ് ഉപദ്രവിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍
ദുബായില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവിനെതിരെ അഭിഭാഷകന്. വിവാഹത്തിന് മുമ്പ് മെഹ്നാസ് ഉപദ്രവിച്ചെന്നും മെഹ്നാസിന്റെ സുഹ്യത്ത് മോശമായി പെരുമാറിയെന്നും അഭിഭാഷകന് പറഞ്ഞതായി മാത്യഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യങ്ങള്‍ റിഫ വീട്ടുക്കാരോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നും അഭിഭാഷകന് കൂട്ടിചേര്‍ത്തു. റിഫ മെഹ്നുവിന്റെ പോസ്ററുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും.
റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസും. റിഫയുടെ മകനേയും കുടുംബത്തേയും കാണാന്‍ വരാത്തതും അവരുമായി ബന്ധപ്പെടാത്തതും മെഹ്നാസിന് മരണത്തില്‍ പങ്കുള്ളത് കൊണ്ടാണെന്ന് അന്വേഷണ സംഘം കരുതുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം റിഫയുടെ ഭര്‍ത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. മെഹ്നാസിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹ്യത്ത് ജംഷാദിനെ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇനിയും കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
കേസ് അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തിരുമാനത്തിലാണ് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണത്തിലെ ദുരൂഹത മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
Content Highlight: Vlogger Rifa Mehnu’s death: Lawyer raises suspicion over husband.