പാലക്കാട് നഗരമധ്യത്തില്‍ തലയോട്ടിയും അസ്ഥികളും, കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍
പാലക്കാട് നഗരമധ്യത്തിലായി മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്.
ഇന്ന് നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്ത നിലയിലാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദപരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.













